തൊടുപുഴ: പുതുതായി തുറന്ന ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചിരിക്കുന്ന വിചാരണ തടവുകാരെ ഭയന്ന് ജയിൽ ജീവനക്കാർ. മയക്കുമരുന്ന്, കഞ്ചാവ് മാഫിയകളായ തടവുകാർ ജീവനക്കാരെ കൈകാര്യം ചെയ്യുന്നതു വരെ കാര്യങ്ങളെത്തിയതോടെയാണ് തടവുകാരെ പേടിച്ച് ജയിൽ ജീവനക്കാർ ജോലി ചെയ്യേണ്ട അവസ്ഥയെത്തിയത്.
കഴിഞ്ഞ ദിവസം ജയിലിൽ എംഎൽഎ ഉൾപ്പെടെ പങ്കെടുത്ത പൊതു ചടങ്ങിനിടയിൽ ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തെതുടർന്ന് നാലു തടവുകാരെ ജില്ലാ ജയിലിൽ നിന്നും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. മയക്കുമരുന്ന കേസുകളിൽ പ്രതികളായ പുള്ള് ബിജു, ലുദീഷ്, അക്തർ, ബാദുഷ എന്നിവരെയാണ് വിയ്യൂർ സെൻട്രൽ ജയിലിലേയക്കു മാറ്റിയത്.
കഴിഞ്ഞ ദിവസം പതിവ് സെല്ലു പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് തടവുകാർ ഇവരെ ആക്രമിക്കാൻ മുതിർന്നത്. തടവുകാരുടെ കൈവശം കഞ്ചാവോ മറ്റ് മയക്കുമരുന്നുകളോ പുകയില ഉൽപ്പന്നങ്ങളോ കൈവശം വച്ചിട്ടുണ്ടോയെന്നറിയാനാണ് പതിവു പരിശോധന നടത്തുന്നത്.
ചൊവ്വാഴ്ച ഇത്തരത്തിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് തടവുകാർ സംഘടിച്ച് ഇതിനെതിരെ തിരിഞ്ഞത്. ഭക്ഷണം കഴിക്കാനായി നൽകിയിരുന്ന പാത്രങ്ങൾ ഉച്ചത്തിൽ നിലത്തടിച്ചും ഗ്രില്ലുകൾ വലിച്ചിളക്കി ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയും ഇവർ ഉദ്യോഗസ്ഥർക്കെതിരെ തിരിയുകയായിരുന്നു.
ഭയന്ന ജയിൽ ജീവനക്കാർ പരിശോധന നടത്താതെ പിൻമാറുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം ഹൈറേഞ്ചിലെ കോളജിന്റെ നേതൃത്വത്തിൽ ജയിലിലേയ്ക്ക് പുസ്തകങ്ങൾ വിതരണം നടത്തുന്ന ചടങ്ങ് അലങ്കോലപ്പെടുത്താൻ ഇവർ ശ്രമിച്ചിരുന്നു. പി.ജെ.ജോസഫ് എംഎൽഎയായിരുന്നു ഉദ്ഘാടകൻ. ജയിലറുടെ പരാതിയിൽ മുട്ടം പോലീസ് കേസെടുത്തിട്ടുമുണ്ട്.
പുതുതായി ഉദ്ഘാടനം ചെയ്ത മുട്ടം ജില്ലാ ജയിലിൽ 106തടവുകാരാണ് ഇവിടെയുള്ളത്. ഇതിൽ ഭൂരിഭാഗം പേരും മയക്കുമരുന്നു കേസുകളിൽ പിടി കൂടുന്ന പ്രതികളാണ്. സാധാരണ ജില്ലയിൽ പിടി കൂടുന്ന കേസുകളിലെ പ്രതികളെ പീരുമേട്, ദേവികുളം സബ് ജയിലുകളിലേക്കോ മൂവാറ്റുപുഴ ജയിലിലേക്കോ ആണ് അയച്ചിരുന്നത്. ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് മുട്ടത്ത് ജില്ലാ ജയിൽ തുറന്നത്. എന്നാൽ ഇവിടെ തടവുകാരെ നിയന്ത്രിക്കാൻ തക്ക ജീവനക്കാരില്ലെന്നാണ് പരാതി.