സംസ്ഥാനത്ത് തട്ടിപ്പുകള്‍ പുത്തരിയല്ല. ചെറുതും വലുതുമായ നിരവധി തട്ടിപ്പുകള്‍ ദിനം പ്രതിയെന്നോണം അരങ്ങേറുന്നുണ്ട്. നിരവധി തവണ അബദ്ധം പറ്റിയാലും പിന്നെയും ഇത്തരം ചതിക്കുഴികളില്‍ തലവച്ചുകൊടുക്കുന്നവരാണ് ഏറെ പേരും. മലയാളികളുടെ ഈ സ്വഭാവം മുതലെടുത്തുകൊണ്ടാണ് പല തട്ടിപ്പുകള്‍ക്കും ഇവര്‍ ഇവിടെ അരങ്ങൊരുക്കുന്നതും. അത്തരത്തില്‍ വലിയ തട്ടിപ്പിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ സംസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്. ഹീരാ ഗ്രൂപ്പ് എന്നുകേട്ടാല്‍ പോലും ഞെട്ടിത്തരിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിക്കഴിഞ്ഞു.
നിക്ഷേപകര്‍ക്ക് പലിശയ്ക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിപ്പു നടത്തിയ ഹീരാഗ്രൂപ്പ്മേധാവി നൗഹീറയുടെ തട്ടിപ്പുകഥകള്‍ കേട്ട പോലീസ് പോലും ഞെട്ടി. ഏകദേശം 300 കോടി രൂപയോളമാണ് ഇവര്‍ തട്ടിയെടുത്തത്. വ്യാജവാഗ്ദാനങ്ങള്‍ നല്‍കിയായിരുന്നു ഈ തട്ടിപ്പുകള്‍. മതരംഗത്തെ പ്രമുഖര്‍ കൂടി പങ്കെടുത്ത ഇഫ്താര്‍ മീറ്റുകളായിരുന്നു ഇവരുടെ പ്രചാരണത്തിന്റെ മുഖ്യവേദി. കോഴിക്കോട് ഫ്രാന്‍സിസ് റോഡില്‍ ഇടിയങ്ങരയില്‍ ഹീര ഓഫീസിലെ മാനേജരായിരുന്ന മുംബൈ സ്വദേശി മുഹമ്മദ് ഒമര്‍ ബക്കയ്ല ഷെട്ടിയെ ചോദ്യം ചെയ്തതില്‍നിന്നാണു തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ഗ്രൂപ്പ് എംഡിയും ഹൈദരാബാദ് സ്വദേശിനിയുമായ നൗഹീറ ഷെയ്ഖ് നേരിട്ടെത്തിയാണു കോഴിക്കോട്ട് അതിവിപുലമായ ഇഫ്താര്‍ മീറ്റുകള്‍ നടത്തിയിരുന്നത്.
കോഴിക്കോട്ടെയും കണ്ണൂരിലെയും പ്രമുഖരെ ക്ഷണിച്ച പരിപാടിയില്‍ പലിശയെ ഖുര്‍ആന്‍ വിലക്കിയതിനെക്കുറിച്ചും ഇസ്ലാമിക ബാങ്കിംഗിനെക്കുറിച്ചും കച്ചവടത്തിലെ ലാഭം വീതിച്ചുനല്കുന്ന പുതിയ നിക്ഷേപത്തെക്കുറിച്ചും ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായ സുരക്ഷിത ബിസിനസിനെക്കുറിച്ചുമൊക്കെ നൗഹീറ വാചാലയായി. തുടക്കത്തില്‍ വന്‍ ലാഭവിഹിതം കിട്ടിയവര്‍ കൂടുതല്‍ പണം നിക്ഷേപിച്ചു.
ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇതിലേക്കു കണ്ണികളാക്കി. നിക്ഷേപകര്‍ക്കു 2018 മേയ് വരെ വാഗ്ദാനം ചെയ്ത പണം നല്‍കിയിരുന്നു. പരാതി വന്നതോടെ മാനേജരെ കോഴിക്കോട് ചെമ്മങ്ങാടു പോലീസാണ് ആദ്യം ചോദ്യം ചെയ്തത്. അറസ്റ്റിലായ ഇയാള്‍ ജാമ്യം നേടി മുംബൈക്കു മടങ്ങി. മൊത്തം 17 പരാതികളാണു കിട്ടിയത്. ഇതില്‍ 70 ലക്ഷം രൂപ തലശേരി സ്വദേശിയുടേതാണ്. വിവിധ ജില്ലകളില്‍ നിന്നായി ഏകദേശം അഞ്ചൂറോളം മലയാളികള്‍ തട്ടിപ്പിനിരയായതായാണ് കണക്ക്.
അതേസമയം മഹാരാഷ്ട്രയില്‍ ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളിലെല്ലാം നൗഹീറ ഷെയ്ഖിനെതിരേ കേസുകള്‍ നിലവിലുണ്ട്. അറസ്റ്റിലായ നൗഹീറ മുംബൈയിലെ ജയിലിലാണുള്ളത്. ഒരുതവണ ജയിലില്‍ നേരിട്ടെത്തിയെങ്കിലും ചോദ്യം ചെയ്യാനോ മറ്റു നടപടികള്‍ക്കോ അനുമതി നല്‍കിയില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം കോഴിക്കോട്ട് കേസ് രജിസ്റ്റര്‍ ചെയ്തതിനു തൊട്ടുപിന്നാലെ നൗഹീറ മുന്‍കൂര്‍ ജാമ്യമെടുക്കുകയും ചെയ്തിട്ടുണ്ട്.
നാള് വഴികള്‍…
സ്വര്‍ണക്കട്ടകളും സ്വര്‍ണത്തരികളും ഇറക്കുമതിയും കയറ്റുമതിയും ചെയ്തുകൊണ്ടായിരുന്നു ഹീര ഗോള്‍ഡ് എക്സ്പോര്‍ട്ട്സ് ആന്‍ഡ് ഇംപോര്‍ട്ട്സ് പ്രവര്‍ത്തനം തുടങ്ങുന്നത്. ഹീര ഗോള്‍ഡ്, ഹീര ജ്വല്ലേഴ്സ്, ഹീര ടെക്സ്റ്റയില്‍സ്, ഹീര ഡെവലപ്പേഴ്സ്, ഫാന്‍സി വേള്‍ഡ്, ഹീര ഇസ്ലാമിക് യൂണിവേഴ്സിറ്റി, ഇസ്ലാമിക് ഇന്റര്‍നാഷനല്‍ സ്കൂള്‍, ഇന്റര്‍നാഷനല്‍ ദഅ്വ സെന്റര്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളാണ് വിവിധ രാജ്യങ്ങളില്‍ ഹീര ഗ്രൂപ്പിനു കീഴിലുള്ളത്. ഒരു ദശകത്തിനിടയില്‍ വിശ്വാസ്യത നേടിയ കമ്പനി വ്യാപകമായാണ് നിക്ഷേപകരില്‍ നിന്ന് ധനസമാഹരണം നടത്തിയത്.
പലിശ ഒഴിവാക്കി നിക്ഷേപം നടത്താനുള്ള അവസരമുണ്ടെന്നതായിരുന്നു നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കാരണം. ഒരു ലക്ഷം രൂപയ്ക്ക് 3200 മുതല്‍ 4500 രൂപവരെയായിരുന്നു പ്രതിമാസ വാഗ്ദാനം. മൂന്നുമാസം കൂടുമ്പോള്‍ ലാഭവിഹിതം വിതരണം ചെയ്യുമെന്നും പറഞ്ഞിരുന്നു. നൗഫീറ നേരിട്ടെത്തിയാണ് കോഴിക്കോട്ട് നിന്ന് നിക്ഷേപകരില്‍ നിന്നു കോടികള്‍ സമാഹരിച്ചത്. പലര്‍ക്കും തുടക്കത്തില്‍ ലാഭവിഹിതം ലഭിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മേയ് മാസത്തോടെ ഇതില്ലാതായി. ഇതോടെയാണ് പരാതിയുമായി നിക്ഷേപകര്‍ പോലീസിനു മുന്നിലെത്തിയത്.
തുടക്കം ഇങ്ങനെ…
1973 സെപ്റ്റംബറിലാണ് നൗഹീറ ജനിച്ചത്. മദ്രസയില്‍ പഠനം ആരംഭിച്ച നൗഹീറ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെയാണ് ശ്രീലങ്കയിലെ വ്യാജ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിസിനസ് മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടിയത്. പിന്നീട് 19-ാമത്തെ വയസില്‍ പെണ്‍കുട്ടികള്‍ക്ക് മദ്രസയില്‍ ക്ലാസുകള്‍ നല്കി. ഈ സമയത്താണ് സ്വര്‍ണവ്യാപാരം ആരംഭിക്കുന്നത്. പിന്നീട് 1998 ല്‍ മദ്രസ നിസ്വാന് എന്ന പേരില്‍ ഇസ്ലാം സ്കൂള്‍ തിരുപ്പതിയില്‍ ആരംഭിച്ചു. 150 പെണ്‍കുട്ടികളെയാണ് ഇവിടെ പഠിപ്പിച്ചത്. ഇതില്‍ 120 പേര്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്കി. അപ്പോഴേക്കും സ്വര്‍ണവ്യാപാരത്തില്‍ വിജയം കൈവരിച്ച നൗഹീറ ഹീരാ ഗ്രൂപ്പ് ആരംഭിക്കുകയായിരുന്നു.
2017 -ല്‍ ചന്ദ്രഗിരി വില്ലേജില്‍ മറ്റൊരു സ്കൂളും ആരംഭിച്ചതായി “വിക്കിപീഡിയ’ പറയുന്നു. അഖിലേന്ത്യാ മഹിളാ എംപവര്‍ പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റായാണ് നൗഹീറ അറിയപ്പെടുന്നത്. പൊതുപ്രവര്‍ത്തനത്തില്‍ താത്പര്യമുണ്ടായിരുന്ന നൗഹീറ സ്ത്രീശാക്തീകരണത്തിന് വേണ്ടിയാണ് പ്രധാനമായും ഊന്നല്‍ നല്‍കുന്നതെന്നായിരുന്നു പ്രചരിപ്പിച്ചത്. കഴിഞ്ഞ കര്‍ണാടക തെരഞ്ഞെടുപ്പില്‍ 225ല്‍ 221 സീറ്റിലും ഇവരുടെ മഹിളാ എംപവര്പാര്ട്ടി മത്സരിച്ചിരുന്നു. ഹീരാ ഗ്രൂപ്പിന്റെ ചിഹ്നമായ ഡയമണ്ട് തന്നെയായിരുന്നു പാര്‍ട്ടിയുടെ ചിഹ്നം.
ദുബായ് കേന്ദ്രീകരിച്ചായിരുന്നു ഹീരാഗ്രൂപ്പിന്റെയും നൗഹീറയുടേയും പ്രവര്‍ത്തനം. കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന നൗഹീറയ്ക്ക് പൊതുപ്രവര്‍ത്തനത്തിനുള്ള രാജീവ്ഗാന്ധി ശിരോമണി അവാര്‍ഡടക്കം നിരവധി അവാര്‍ഡുകള്‍ ലഭിച്ചതായി ‘വിക്കീപീഡിയ ‘ പറയുന്നു. നൗഹീറയ്ക്കെതിരേ ഹൈദരാബാദിലും മഹാരാഷ്ട്രയിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെ സുപ്രീംകോടതി അഭിഭാഷകനായിരുന്നു വാദിക്കാനായി എത്തിയത്. വിനീത് ദണ്ഡ എന്ന അഭിഭാഷകന് ഹീരാഗ്രൂപ്പ് തട്ടിപ്പ് കമ്പനിയാണെന്നറിഞ്ഞതോടെ പിന്മാറുകയായിരുന്നു.
തട്ടിപ്പ് മുഖ്യമന്ത്രിയുടെ പേരിലും..!
മുഖ്യമന്ത്രിയുടെ പേരിലും ഹീര ഗ്രൂപ്പ് തട്ടിപ്പ് നടത്തി. മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയും 100 മെട്രിക് ടണ്‍ അരിയും നല്‍കിയതായാണ് നൗഹീറ അവകാശപ്പെടുന്നത്. ഓഗസ്റ്റ് 19 നാണ് ചെക്ക് കൈമാറിയതെന്നും ഹൈദരാബാദില്‍ നിന്നുള്ള വാര്‍ത്തയായി “സൗദി ഗസറ്റ്’ പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.
പൊതുപ്രവര്‍ത്തകയെന്ന നിലയിലാണ് ഹൈദരാബാദില്‍ നിന്നും ഗള്‍ഫ് പത്രത്തില്‍ വ്യാജ വാര്‍ത്തകള്‍ നല്‍കിയത്. സംസ്ഥാനത്ത് കോടികള്‍ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടക്കുന്ന കാലയളവിലാണ് ഒരുകോടി രൂപ മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി അവകാശപ്പെടുന്നത്. ഘാനയും സൗദി അറേബ്യയും അടക്കമുളള രാജ്യങ്ങളില്‍നിന്നും ഹീര ഗ്രൂപ്പിലേക്ക് പണം ഒഴുകിയെത്തിയിട്ടുണ്ട്. ഒടുവില്‍ പണം നല്‍കിയവരുടെ നെഞ്ചിടിപ്പ് കൂട്ടി നൗഹീറ ജയിലിലുമായി.