പാലക്കാട്: കാലത്തിനും തോൽപ്പിക്കാനാവാത്ത ചിലതെല്ലാം ഭൂമിയിലുണ്ട്. അതിന് തെളിവാണ് ഇന്ന് 72-ാം ജ·ദിനം ആഘോഷിക്കുന്ന ഡേവിഡിന്റെ കൈവശമുള്ള അപൂർവ നാണയങ്ങളുടെയും കറൻസികളുടെയും ശേഖരങ്ങൾ. പാലക്കാട് മാങ്കാവ് ന്യൂ കോളനിയിൽ നന്പാടൻ വീട്ടിൽ എൻ.ജെ. ഡേവിഡാണ് പ്രായത്തെയും മറികടന്ന് തന്റെ അമൂല്യ നാണയശേഖരവുമായി വിസ്മയം പകരുന്നത്. അഞ്ചുപതിറ്റാണ്ടും പിന്നിടുന്ന നാണയശേഖരത്തിന്റെ തിളക്കത്തിന് ഇന്നും കുറവില്ല.
മാത്രമല്ല നാണയശേഖര പ്രേമികൾക്ക് പ്രചോദനവും മാതൃകയുമാണ് ഡേവിഡ് ചേട്ടന്റെ ജീവിതം.
നാണയപ്രേമത്തിനൊപ്പം പാലക്കാട് ജിബി റോഡിൽ തന്റെ ഉടമസ്ഥതയിലുള്ള റബർസ്റ്റാന്പ് വർക്കിൽ ഇന്നും കർമനിരതനാണ് ഇദ്ദേഹം.
തന്നെ സമീപിക്കുന്നവരോട് അദ്ദേഹം എപ്പോഴും ചോദിക്കുക, നിങ്ങളുടെ കൈവശമുള്ള നോട്ടിൽ എത്ര ഭാഷ പ്രിന്റുചെയ്തിട്ടുണ്ടെന്ന് അറിയുമോ എന്നാണ്. അറിയില്ലെന്ന മറുപടി കേട്ടുപഴകിയതാണെങ്കിലും എണ്ണിനോക്കാൻ പറയും. നോട്ടിന്റെ വർഷവും പഴക്കവുംകണ്ടാൽതന്നെ ഡേവിഡ് ചേട്ടൻ കണ്ണടച്ച് പറയും അതിന്റെ ഉത്തരവും. ഇന്ത്യയിലിറങ്ങിയ എല്ലാ നോട്ടുകളുടെയും നാണയങ്ങളുടെയും പുരാത നാണയങ്ങളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
തീർന്നില്ല, ലോക രാജ്യങ്ങളുടെയെല്ലാം കറൻസികളും ബഹുഭൂരിപക്ഷം നാണയങ്ങളും ഇക്കൂട്ടത്തിൽപ്പെടുന്നു. അതിൽ മറ്റു ലോഹങ്ങൾക്കുപുറമെ വെള്ളിയും സ്വർണത്തിലുമുള്ളതുമുണ്ട്.1818 ൽ ഈസ്റ്റ് ഇന്ത്യാ കന്പനി പുറത്തിറക്കിയ തനി തങ്കത്തിലുള്ള നാണയവും കൂട്ടത്തിൽ ശ്രദ്ധേയമാണ്.
1947 ൽ ഉറേഗ്വ പുറത്തിറക്കിയ കാലണയുടെ നാണയം, കറൻസികളിൽ ഏറ്റവും വലിയതെന്ന് വിശേഷിപ്പിക്കപ്പെടുന്ന പഴയ സോവിയറ്റ് റഷ്യ 1910 പുറത്തിറക്കിയ നോട്ട്, 1839 ലെ ഇന്ത്യയിലെ ക്ഷേത്ര നാണയങ്ങൾ, ശ്രീലങ്കൻ നാണയം, യുകെ യുടെ പൗണ്ട് സ്റ്റേർലിംഗ്, ഗ്രീസ്, നേപ്പാൾ, ജോർദാൻ എന്നിവിടങ്ങളിലെ പഴയ നാണയങ്ങളും കൂട്ടത്തിലുണ്ട്. ശബരിമല പതിനെട്ടാംപടി ആലേഖനം ചെയ്ത അഞ്ചുരൂപയുടെ, ഏവുപ്രാസ്യാമ്മയുടെ രൂപം ആലേഖനം ചെയ്ത നാണയം എന്നിവയുമുണ്ട്.
സിനിമാതാരങ്ങളായ എംജി ആർ, ശിവാജി ഗണേശൻ, ഇന്ത്യൻ സ്വാതന്ത്ര്യസമര-രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖരായ ഗാന്ധിജി,നെഹ്റു, സർദാർവല്ലഭായി പട്ടേൽ, ഭഗത് സിംഗ്്, ടാഗോർ, ശ്രീനാരായണഗുരു എന്നിവരെല്ലാം നാണയശേഖരത്തിൽ ആലേഖനം ചെയ്യപ്പെട്ടവരാണ്്. എന്തിന് ഇന്ത്യയിറക്കിയ 5000, 10000 രൂപയുടെ നോട്ടുകൾവരെ ശേഖരത്തിൽ ഭദ്രം. നാണയങ്ങളൊട്ടിച്ചുള്ള മുറം, നോട്ടുകൾകൊണ്ടുള്ള പായവരെ ശ്രദ്ധേയം.
അപൂർവമായ ലോഹരൂപങ്ങളും തൂക്ക ഉപകരണങ്ങളുമുണ്ട്.തന്റെ 15-ാം വയസിൽ തുടങ്ങിയതാണ് നാണയശേഖരത്തോടുള്ള പ്രണയം. അന്ന് കറൻസികളിൽ ഏഴു ഭാഷകളടങ്ങിയിരുന്നതെന്ന് ഡേവിഡ് പറയും. ഇന്ന് 15 ഭാഷകളാണ് നോട്ടിലുള്ളത്.
വീട്ടിൽ മൂന്ന് പെട്ടികളിലായി ഈ നാണയശേഖരം ഭദ്രമാണ്. ഇടയ്ക്കിടെ പുറത്തെടുക്കും. സ്കൂളിലും കോയിൻ ക്ലബുകളിലുമായി പ്രദർശനവും നടത്തിയിട്ടുമുണ്ട്. വിഷു ദിവസത്തിൽ സമീപവാസികൾക്കായി നാണയങ്ങൾ വീടിനു മുന്പിൽ പ്രദർശിപ്പിക്കുകയും ചെയ്യും. പാലക്കാട് കോയിൻസ് ക്ലബിൽ വർഷങ്ങളായി അംഗമാണ്.
ആയിരങ്ങളും പതിനായിരങ്ങളും മാർക്കറ്റ് വില ലഭിക്കുന്ന നാണയങ്ങളും ശേഖരത്തിലുണ്ടെങ്കിലും ഇതൊന്നും വിൽക്കാൻ ഡേവിഡ് ചേട്ടൻ ആഗ്രഹിക്കുന്നില്ല.
തന്റെ കാലശേഷം പൊതുജനങ്ങൾക്ക് നാണയശേഖരം കാണുവാനുള്ള സ്ഥിരമായൊരു പ്രദർശന ഗാലറി എന്നതാണ് അദ്ദേഹത്തിന്റെ സ്വപ്നം. അതിലേക്കുള്ള യാത്രയിലുമാണ്.ഭാര്യ റോസിലി, ജിനി, അനോസ് എന്നീരണ്ടുമക്കളും അടങ്ങിയതാണ് കുടുംബം. ഇവരുടെ പൂർണ പിന്തുണയാണ് നാണയശേഖരവുമായുള്ള തിളക്കമുള്ള യാത്രയ്ക്ക് ഡേവിഡ് ചേട്ടന് എന്നും പ്രചോദനം.