തിരുവനന്തപുരം: കിനൻന്ത്രോ… പോ… മെട്രി….. എന്ന വാക്കു വായിച്ചു പൂർത്തിയാക്കാൻ ഗവർണർ ജസ്റ്റീസ് പി. സദാശിവം സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ സഹായം തേടിയെങ്കിലും വിജയിച്ചില്ല. ഈ വാക്കും ഇതിന്റെ അർഥവുമെല്ലാം സ്പോർട്സ് മന്ത്രി ഇ.പി. ജയരാജൻ വിശദീകരിക്കുമെന്നു ഗവർണർ പറഞ്ഞപ്പോൾ, പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷത്തും ചിരിപൊട്ടി. ശശി തരൂർ എംപിയോടു ചോദിച്ചിട്ടാണോ സ്പോർട്സ് വകുപ്പ് ഈ പദം ഉൾപ്പെടുത്തിയതെന്നു ചില അംഗങ്ങൾക്കു സംശയം.
നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണറെ വലച്ച കടുകട്ടി വാക്കായിരുന്നു കിനാന്ത്രോപോമെട്രി. ശരീരത്തിന്റെ വലുപ്പം അനു പാതം തടുങ്ങിയവ പഠിച്ച് വളർച്ചയും കായി കക്ഷമതയുമൊക്കെ മനസിലാക്കുന്ന ശാ സ്ത്രമാണിത്.
സ്കൂൾ തലത്തിൽ നിന്നു കായിക ഇനത്തിൽ പ്രാഗത്ഭ്യമുള്ളവരെ കണ്ടെത്തുന്നതിനാണ് കിനാന്ത്രോപോമെട്രി തത്വങ്ങൾ ഉൾപ്പെടുത്തി ടാലന്റ് ഐഡന്റിഫിക്കേഷൻ പ്രോട്ടോകോൾ എന്ന പരിപാടി കൊണ്ടു വരാൻ ഉദ്ദേശിക്കുന്നതെന്നു പറഞ്ഞു. ഇതോടൊപ്പം സ്പോർട്സ് ഇനമായ തായ്ക്വാണ്ടയും ഗവർണറെ വലച്ചു.
ചില മലയാള പദ്ധതികളുടെ പേരുകളും ഗവർണറെ വെള്ളം കുടിപ്പിച്ചു. പരിസ്ഥിതി അവബോധത്തിനായി തുടങ്ങുന്ന ഭൂമിത്രസേനാ ക്ലബ്ബും വായനയുടെ വസന്തവുമൊക്കെ കൃത്യമാക്കാൻ ഗവർണർക്ക് ഏറെ പണിപ്പെടേണ്ടി വന്നു.
വായനയുടെ വസന്തം കൃത്യമായി ഉച്ചരിക്കാൻ പഠിപ്പിച്ച പ്രതിപക്ഷ അംഗങ്ങളോട് ഈ വാക്ക് പ്രതിപക്ഷത്തിന്റെ സംഭാവനയായി പരിഗണിക്കാമെന്നു തമാശയായി ഗവർണർ അറിയിച്ചതും ചിരിപടർത്തി. രാവിലെ ഒൻപതിനു തുടങ്ങിയ നയപ്രഖ്യാപനം 10.34നാണു സമാപിച്ചത്. കേന്ദ്രസർക്കാരിനെതിരേയുള്ള ഭാഗം അടക്കം മുഴുവൻ ഭാഗങ്ങളും ഗവർണർ വായിക്കുകയും ചെയ്തു.