പത്മശ്രീ ലഭിച്ചതും ഇപ്പോള്‍ പത്മഭൂഷണ്‍ ലഭിച്ചതും ഉറ്റസുഹൃത്ത് പ്രിയദര്‍ശന്റെ സെറ്റില്‍ വച്ച്! ആരോപണങ്ങളും പരിഹാസങ്ങളും ഉയരുമ്പോഴും ലാലേട്ടന്റെ നേട്ടത്തില്‍ മതിമറന്ന് ആരാധകര്‍

തങ്ങളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിന് പത്മഭൂഷണ്‍ ലഭിച്ചതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് മലയാളികള്‍ ഏവരും. അടുത്ത നാളില്‍ പ്രധാനമന്ത്രിയെ ഡല്‍ഹിയില്‍ പോയി കണ്ട്, തിരിച്ച് കേരളത്തിലെത്തി അദ്ദേഹത്തെ പുകഴ്ത്തി പറഞ്ഞതിന്റെ ഉപകാരമായായിരിക്കും ഇപ്പോള്‍ പത്മഭൂഷണ്‍ ലഭിച്ചതെന്ന് ശത്രുക്കളും അസൂയക്കാരും പറഞ്ഞ് പരത്തുന്നുണ്ടെങ്കിലും ഇത് ആഘോഷമാക്കാന്‍ തന്നെയാണ് ലാലേട്ടന്‍ ഫാന്‍സിന്റെ തീരുമാനം.

അതുപോലെ തന്നെ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന പത്മഭൂഷണും മുമ്പ് ലഭിച്ച പത്മശ്രീയ്ക്കും തമ്മില്‍ ചില സാമ്യങ്ങളുമുണ്ട്. 2001ല്‍ പത്മശ്രീ കിട്ടുമ്പോഴും ഇപ്പോള്‍ പത്മഭൂഷണ്‍ കിട്ടുമ്പോഴും താന്‍ പ്രിയദര്‍ശന്റെ സെറ്റിലായിരുന്നുവെന്ന് ലാല്‍ പറയുന്നു.

സ്‌നേഹിച്ച് വളര്‍ത്തിയ പ്രേക്ഷകര്‍ക്കും സര്‍ക്കാരിനും നന്ദിയെന്നാണ് പുരസ്‌കാര വാര്‍ത്തയോട് ആദ്യം പ്രതികരിച്ചത്. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ടീമിന്റെ ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍. രണ്ടുതവണ മികച്ച നടനുള്ള പുരസ്‌കാരമടക്കം അഞ്ചുതവണ ദേശീയ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഏതായാലും പ്രിയ താരത്തിന്റെ പുരസ്‌കാര നേട്ടം ചെറുതല്ലാത്ത രീതിയില്‍ ആഘോഷിക്കാന്‍ തന്നെ ഉറച്ചാണ് ആരാധകരുള്ളത്. ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി, ക്രിക്കറ്റ് ഗൗതം ഗംഭീര്‍, ഗായകന്‍ ശങ്കര്‍ മഹാദേവന്‍ തുടങ്ങിയവരും പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.

Related posts