മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നാണ് നരസിംഹം. ഇന്ദുചൂഡനായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ചിത്രം തിയറ്ററുകളെ അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിച്ചിരുന്നു. ഇന്നും ചാനലുകളില്‍ ഹിറ്റായി ഓടുന്ന ചിത്രമാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിഹം. ഈ ചിത്രത്തിലെ മറക്കാനാകാത്ത ഒരു നിമിഷത്തെപ്പറ്റി അടുത്തിടെ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഷാജി മനസുതുറന്നു.
ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളിലേക്ക് ഒരു സിംഹത്തെ വേണമെന്ന് താന്‍ പറഞ്ഞു. സംഗതി നടക്കില്ലെന്നു വിചാരിച്ചാണ് ഇത് പറഞ്ഞത്. പക്ഷെ പ്രെഡാക്ഷന്‍ കണ്ട്രോളര് പ്രവീണ്‍ പരപ്പനങ്ങാടി തമിഴ്നാടിന്റെ അതിര്‍ത്തിയില്‍ ഒരാള്‍ വളര്‍ത്തുന്ന സിംഹത്തെ താന്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ പൊക്കികൊണ്ടുവന്നു. മൂന്ന് ദിവസമാണ് സിംഹത്തെവെച്ച് ഷൂട്ട് ഉണ്ടായിരുന്നത്.
ഭാരതപ്പുഴയുടെ തീരത്തിലൂടെ ഓടിവരുന്ന സിംഹത്തെ ചിത്രീകരിക്കാനായിരുന്നു പ്ലാന്‍. ഇതിനായി സിംഹത്തിന്റെ അരയില്‍ ഇരുമ്പ് കമ്പികൊണ്ടുള്ള കയര്‍ കെട്ടി. സിംഹത്തെ ആകര്‍ഷിക്കാന്‍ ക്യാമറയ്ക്ക് അടുത്തുനിന്ന് ഒരാള്‍ ഇറച്ചി കാണിച്ചു. ഇത് കണ്ട് സിംഹം അലറിക്കൊണ്ട് ഓടിവരും. ക്യാമറയ്ക്ക് അടുത്തെത്തുമ്പോള്‍ പിറകില്‍ നിന്ന് കമ്പി വലിച്ച് പിടിച്ച് നിര്‍ത്തും അതായിരുന്നു പ്ലാന്‍. സംഭവം വിചാരിച്ച പോലെ വര്‍ക്കൗട്ടായെങ്കിലും ആ ഓട്ടത്തിന്റെ ശക്തിയില്‍ സിംഹത്തിന് പിറകില്‍ കെട്ടിയ കമ്പി വിട്ടുപോവുകയായിരുന്നു.
ഞങ്ങള്‍ പേടിച്ചു വിറച്ചു. ഇറച്ചുമായി നിന്നയാള്‍ സിംഹത്തിന് നേരേ ഓടി. അതിന്റെ മുന്നില്‍ ശ്വാസം വിടാതെ കമിഴ്ന്നു കടന്നു. സിംഹം അയാളെ കടിച്ചു കുടയുന്നത് കാണാന്‍ കഴിയാതെ ഞാന്‍ കണ്ണുപൊത്തി. സിംഹം അയാളെ മണക്കാന്‍ വന്നപ്പോള്‍ പിറകില്‍ നിന്ന് വന്നയാള്‍ കെട്ടിയ കമ്പി വലിച്ചു പിടിച്ചു നിര്‍ത്തി. ശ്വാസം പിടിച്ചു നിന്നാല്‍ സിംഹം ഉപദ്രവിക്കില്ലത്രേ. ഇന്നാണെങ്കില്‍ ഇത്തരം രംഗങ്ങള്‍ ഗ്രാഫിക്സ് വച്ച് ചെയ്യാം.’ ഷാജി കൈലാസ് പറഞ്ഞു.