“അരുണ്‍ഗോപി ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ, പ്രണവ് മോഹൻലാൽ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരുന്നു എന്ന് അറിഞ്ഞപ്പോൾ രാമലീലയിൽ ചെയ്തതിനേക്കാൾ രണ്ടു സീൻ കൂടുതലുള്ള ഒരു കാരക്ടർ കിട്ടിയേക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. താടിയും മുടിയും വളർത്തണമെന്ന് ഒരു ദിവസം അരുണ്‍ഗോപി എന്നെ വിളിച്ചുപറഞ്ഞു. അപ്പോഴും അത്ര വലിയ കാരക്ടർ ആയിരിക്കുമെന്നു വിചാരിച്ചില്ല. പ്രണവിന്റെ സുഹൃത്തിന്റെ വേഷമാണ്, ഇത്തിരി പ്രാധാന്യമുള്ള റോളാണ് എന്നൊക്കെ പിന്നീടാണ് അറിഞ്ഞത്. ഒന്നു രണ്ട് ലുക്ക് ടെസ്റ്റിനുശേഷമാണ് അന്തിമമായി സെലക്ടായത്. അരുണ്‍ഗോപിയുടെ ഉറച്ച തീരുമാനമാണ് എന്നെ ഈ സിനിമയിലെത്തിച്ചതും പ്രണവിനൊപ്പം വർക്ക് ചെയ്യാനുള്ള അവസരമൊരുക്കിയതും.” ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രണവിന്റെ സുഹൃത്ത് മക്രോണിയായി വേഷമിട്ട കോട്ടയം സ്വദേശി അഭിരവ് ജനൻ സംസാരിക്കുന്നു…
അപൂർവരാഗങ്ങളിൽ തുടക്കം
2009 ൽ ഞാൻ മമ്മൂട്ടി ദ ബെസ്റ്റ് ആക്ടർ റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. തുടർന്ന് ഓഡീഷൻ ഇല്ലാതെതന്നെ സിബിമലയിൽ സാർ എന്നെ അപൂർവരാഗങ്ങളിലേക്ക്എടുത്തു. ആസിഫ് അലി, നിഷാൻ, വിനയ്ഫോർട്ട് എന്നിവരുടെയൊക്കെ രണ്ടാമത്തെ പടമായിരുന്നു അത്. അതിനൊപ്പമാണ് ഞാൻ കൊല്ലം ടികെഎം എൻജിനിയറിംഗ് കോളജിൽ ബിടെക്കിനു ചേരുന്നത്. കോളജ് പഠിത്തത്തിനിടെ എനിക്കു വന്നു ചെയ്യാവുന്ന രീതിയിൽ ഷൂട്ടിംഗ് ഡേറ്റ്സ് സൗഹൃദത്തിന്റെ പേരിൽ അറേഞ്ച് ചെയ്തു തന്നത് ആസിഫ് അലിയാണ്. അങ്ങനെ ഇതു നമ്മുടെ കഥ, വയലിൻ തുടങ്ങിയ ആസിഫ് അലി സിനിമകളിലൊക്കെ വേഷങ്ങൾ ചെയ്തു.
കോളജിൽ അറ്റൻഡൻസ് ഷോർട്ടേജ് രൂക്ഷമായതോടെ തുടർന്നുവന്ന ചില നല്ല സിനിമകളൊന്നും ചെയ്യാനായില്ല. പഠിത്തം കംപ്ലീറ്റ് ചെയ്യണമെന്നു വീട്ടുകാർക്കു നിർബന്ധമുണ്ടായിരുന്നു. പിന്നെ ശ്രദ്ധ പഠിത്തത്തിൽ തന്നെയായിരുന്നു. 2013ൽ എൻജിനിയറിംഗ് പൂർത്തിയാക്കി. തുടർന്നു കാന്പസ് ഇന്റർവ്യൂ വഴിയും അല്ലാതെയും കിട്ടിയ പല ജോലികളിലും ചേരാതെ സിനിമ എന്ന ആഗ്രഹത്തിൽ മുന്നോട്ടു പോവുകയായിരുന്നു.
ഞാൻ സിനിമയിലേക്കു പോകുന്നതിൽ വീട്ടുകാർക്കു ചെറിയ ഭയം ഉണ്ടായിരുന്നു. അതിൽ ശോഭിക്കാനാകുമോ, അവസരങ്ങൾ കിട്ടുമോ എന്നൊക്കെ ആശങ്കകൾ ഉണ്ടായിരുന്നു. ഇടയ്ക്കു വിദേശത്തു ജോലിക്കു പോയെങ്കിലും ആസിഫിന്റെ കവി ഉദ്ദേശിച്ചത് എന്ന സിനിമയിൽ അഭിനയിക്കുന്നതിനു നാട്ടിലെത്തി. പിന്നെ മടങ്ങിയില്ല. കെഎസ്ഇബി കോട്ടയം ഗാന്ധിനഗർ സബ് സ്റ്റേഷനിൽ താത്കാലികാടിസ്ഥാനത്തിൽ ഇലക്ട്രിക്കൽ എൻജിനിയറായി ജോലി തുടർന്നു. സിനിമയിലേക്ക് ഇനി സാധ്യതയില്ലെന്നും പഠിച്ച ജോലി തന്നെ ചെയ്യാമെന്നും വിചാരിച്ചു യുഎഇയിലേക്കു പോകാൻ തുടങ്ങുന്പോഴാണ് അരുണ്‍ഗോപി ഈ സിനിമയിലേക്ക് എന്നെ വിളിച്ചത്.
അരുണ്‍ഗോപിയും രാമലീലയും
എന്റെ രണ്ടാമത്തെ സിനിമ “ഇതു നമ്മുടെ കഥ’യിൽ അസോസിയേറ്റ് ഡയറക്ടറായിരുന്നു അരുണ്‍ ഗോപി. താടിയും മുടിയുമൊക്കെ വളർത്തിയ ലുക്കിൽ തന്റെ പടത്തിൽ ഒരു കാരക്ടറിൽ ഞാൻ വരുമെന്ന് അന്ന് അദ്ദേഹം പറയുമായിരുന്നു. സൗഹൃദങ്ങളുടെ പേരിൽ ഏറെപ്പേർ അങ്ങനെയൊക്കെ പറയാറുണ്ടെങ്കിലും ഏറെ വർഷങ്ങൾക്കുശേഷം അദ്ദേഹം രാമലീല എന്ന പടം സംവിധാനം ചെയ്തപ്പോൾ ദീലീപേട്ടനൊപ്പം ഒരു സീനിൽ എന്നെ അഭിനയിപ്പിച്ചു. പാർട്ടി ഓഫീസിൽ വച്ച് ദിലീപേട്ടന്റെ കഥാപാത്രത്തിനു മുണ്ടു കൊടുക്കുന്ന പയ്യന്റെ റോൾ.
അദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമാവുക എന്ന കാര്യമാണു രാമലീലയിലൂടെ സാധിച്ചത്. ചെറിയ വേഷമായിരുന്നുവെങ്കിൽ പോലും ആ സിനിമയുടെ കൂടെയുണ്ടല്ലോ എന്ന തരത്തിൽ ഞാൻ വളരെ ഹാപ്പി ആയി.
മൈക്കിൾ റോണി അഥവാ മക്രോണി
മൈക്കിൾ റോണി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. എല്ലാവരും മക്രോണി എന്നാണു വിളിക്കുന്നത്. പ്രണവ് മോഹൻലാലിന്റെ കഥാപാത്രം അപ്പുവിനൊപ്പം എപ്പോഴുമുള്ള ഒരു കഥാപാത്രം. അപ്പുവിന്റെ എല്ലാ കളികൾക്കും ഒപ്പമുള്ളയാളാണ്. അപ്പുവും മക്രോണിയുമെല്ലാം ഗോവയിലാണ് ജീവിക്കുന്നത്. ഗോവയിൽ ജീവിക്കുന്ന ഒരു മലയാളി എന്ന തരത്തിലാണ് മക്രോണിയുടെ ലുക്ക്. അതുകൊണ്ടുതന്നെ അയാളുടെ വേഷവും കാതിലെ കടുക്കനും മാലയും മൊത്തത്തിലുള്ള ലുക്കും ഗോവൻ പശ്ചാത്തലം ഫീൽ ചെയ്യുന്ന തരത്തിലാണ്. കാമുകി വരുന്ന സീനുകളിലൊഴിച്ച് മിക്കവാറും എല്ലാ സീനുകളിലും മക്രോണി അപ്പുവിനൊപ്പമുണ്ട്.
ലവ് സ്റ്റോറി – കം – ഫാമിലി എന്റർടെയ്നർ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ഇരുപതാം നൂറ്റാണ്ടുമായി പേരിലുള്ള സാമ്യമല്ലാതെ മറ്റൊരു ബന്ധവുമില്ല. ലവ് സ്റ്റോറി കം ഫാമിലി എന്റർടെയ്നറാണ്. ഗോവയിലെ ഒരു ഡോണിനെ സംബന്ധിക്കുന്ന ചില കാര്യങ്ങളൊക്കെ പറഞ്ഞുപോകുന്നുണ്ടെങ്കിലും അപ്പുവിന്റെ കഥാപാത്രം ഡോണോ ഗുണ്ടയോ ഒന്നുമല്ല. ശക്തമായ പ്രണയസിനിമകളിലൊക്കെ സംഘട്ടനം അനിവാര്യമായ കാര്യമാണല്ലോ. അതുമായി ബന്ധമുള്ള ആക്ഷനാണു സിനിമയിലുള്ളത്. അതാണു കഥാപശ്ചാത്തലം. ഇതു ലവ് സ്റ്റോറി തന്നെയാണ്. പ്രണയവുമായി ബന്ധപ്പെട്ടു തന്നെയാണ് എല്ലാം നടക്കുന്നത്.
ഞാൻ പ്രണവിന്റെ ലൈഫ് സ്റ്റൈൽ ഫാൻ
തികഞ്ഞ ഒരു മോഹൻലാൽ ഫാനാണു ഞാൻ. മോഹൻലാൽ സാറിന്റെ മകൻ എന്ന രീതിയിലും ഒരുപാടു യാത്ര ചെയ്യുക, ഹിമാലയത്തിലും ഋഷികേശിലുമൊക്കെ ഏറെ ദിവസങ്ങൾ ചെലവഴിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ മാഗസിനുകളിലൂടെ വായിച്ചും കേട്ടും അറിഞ്ഞ് പ്രണവിന്റെ ഒരു ലൈഫ് സ്റ്റൈൽ ഫാൻ എന്ന രീതിയിലുമാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. കാണുന്പോൾത്തന്നെ ഒന്നിച്ചുനിന്ന് ഫോട്ടോയെടുക്കണം എന്ന് ആഗ്രഹിച്ചിരിക്കുന്പോഴാണ് ഇങ്ങനെയൊരു മുഴുനീള കഥാപാത്രം കിട്ടുന്നത്. അതിന്റെ ആവേശത്തിൽ ആദ്യത്തെ ഒന്നുരണ്ടു ദിവസം കടന്നുപോയി.
ഞങ്ങൾ ഏകദേശം ഒരേ പ്രായമാണ്. നമ്മൾ മനസിലാക്കിവച്ചതിനെക്കാളും ഡൗണ്‍ ടു എർത്താണ് പ്രണവ്. ഒരു കുറ്റം പോലും പറയാനില്ലാത്ത നല്ല ഒരു പയ്യൻ. ഇപ്പോഴത്തെ ചെറുപ്പക്കാരെപ്പോലെ ബൈക്ക്, ഫോണ്‍, വാച്ച്, വാഹനങ്ങൾ..തുടങ്ങി പുറമേ കാണുന്ന ഒന്നിനോടും തന്നെ വലിയൊരഭിനിവേശം കാണിക്കാത്ത പ്രത്യേകതരം സ്വഭാവമാണു പ്രണവിന്റത്. വളരെ ലാളിത്യമുള്ള വസ്ത്രധാരണരീതിയാണ്. ഏറെ യാത്രകൾ ചെയ്യുന്നയാളാണ്.
പ്രണവ് യാത്രയിലാണ്
ഒട്ടും ഫേക്ക് ചെയ്യുകയോ കൃത്രിമമായി സംസാരിക്കുകയോ ചെയ്യാത്ത ഒരാളാണ് പ്രണവ്. അഭിമുഖങ്ങളിൽ വന്നിരുന്ന് സിനിമയെക്കുറിച്ചു പറയാൻ മടിയാണെന്നു പ്രണവ് ആദ്യമേ തന്നെ പറഞ്ഞിരുന്നു. പക്ഷേ, അദ്ദേഹം ഏറെ ആത്മാർപ്പണത്തോടെ വളരെ പ്രഫഷണലായിട്ടാണ് ഈ സിനിമയെ സമീപിച്ചിരിക്കുന്നത്. സർഫിംഗ് പഠനം, ആക്ഷൻ സീക്വൻസുകളിൽ ഡ്യൂപ്പ് ഇല്ലാതെ ആക്ഷൻ ചെയ്യുക…. അങ്ങനെ എല്ലാത്തിലും അങ്ങേയറ്റം പ്രയത്നിച്ചു. ആ ജോലി തീർത്തതിനുശേഷം അദ്ദേഹത്തിന്റേതായ ജീവിതത്തിലേക്കു തിരിച്ചുപോവുക എന്നതാണ് പ്രണവിന്റെ രീതി.
കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ പ്രണവ് വടക്കേ ഇന്ത്യയിൽ എവിടെയോ ഒരു സ്ഥലത്തു യാത്രയിലാണ്. അവിടെനിന്നു യൂറോപ്യൻ ടൂർ പോകുന്നു. തനിക്കു സാധ്യമായ വിധത്തിൽ എക്സ്പ്ലോർ ചെയ്യുന്നു. ഒരുപാടു വായിക്കുന്നു. ടീഷർട്ടും ട്രാക്ക് സ്യൂട്ടും ഒരു തൊപ്പിയുമൊക്കെ ധരിച്ച് സാധാരണക്കാരെപ്പോലെ ഒരു ബാഗുമായി ദിവസങ്ങളോളം ഒറ്റയ്ക്കാണു യാത്ര. ചിലപ്പോൾ യാത്രയിൽ പരിചയപ്പെടുന്ന സുഹൃത്തുക്കളുണ്ടാവും. അവർ 90 ശതമാനവും മലയാളികളാവില്ല. അവരോടു മോഹൻലാലിന്റെ മകനാണെന്നു പറയുകയുമില്ല.
മോഹൻലാൽ സാറിന്റെ മകനെ കണ്ടുപഠിക്കണം
90 ദിവസത്തോളം കൂടെയുണ്ടായിരുന്നപ്പോൾ പല ദിവസങ്ങളിലും എനിക്ക് പ്രണവിനോടു ചോദിക്കാനുണ്ടായിരുന്നത് ഒരുപാടു ചോദ്യങ്ങളാണ്. ലാൽ സാറിന്റെ സിനിമകളിൽ ഏറ്റവുമിഷ്ടമുള്ളത് ഏതാണ്…എന്നൊക്കെ. പക്ഷേ, പ്രണവിന് അത്തരം കാര്യങ്ങൾ സംസാരിക്കുന്നതോ അദ്ദേഹത്തെ ഒരുപാടു പുകഴ്ത്തുന്നതോ ഒന്നും ഇഷ്ടമല്ല. അതിൽ നിന്നൊക്കെ മാറി ഒരു സാധാരണ ആളിനെപ്പോലെ ജീവിക്കാനും തട്ടുകടയിൽ നിന്നു ഭക്ഷണം കഴിക്കാനും ചായ കുടിക്കാനുമൊക്കെ ഇഷ്ടപ്പെടുന്ന…അതിലൊക്കെ സന്തോഷം കണ്ടെത്തുന്ന മനുഷ്യനാണു പ്രണവ്.
മോഹൻലാൽ സാറിന്റെ മകനെ കണ്ടുപഠിക്കണം, ലാൽ സാറിന്റെ ഭാഗ്യമാണ് ഇങ്ങനെയൊരു മകനെ കിട്ടിയത്… എന്നൊക്കെ യൂണിറ്റിലെ മുതിർന്ന ചേട്ടന്മാർ പറയുന്നതു കേട്ടിട്ടുണ്ട്. ഇങ്ങനെയൊരു മകനു ജന്മം നല്‍കിയതിൽ ഒരുപാടു നന്ദിയെന്നു പറഞ്ഞ് കഴിഞ്ഞദിവസം മനോജ് കെ.ജയൻ ലാൽ സാറിന് ഉമ്മ കൊടുത്തതായി അദ്ദേഹം പറഞ്ഞിരുന്നു. എല്ലാവരും ഇഷ്ടപ്പെടുന്ന പ്രകൃതിസ്നേഹിയായ ഒരു നല്ല പയ്യൻ. പ്രണവിന്റെ കൂടെ നടന്നതിലൂടെ ഒരുപാടു പഠിക്കാനായി.
സിംപിളാണു പ്രണവ്
പ്രണവ് ഇംഗ്ലീഷ് പാട്ടുകൾ പാടും, നന്നായി പാട്ട് കംപോസ് ചെയ്യും. എപ്പോഴും ഗിത്താർ കൂടെ കൊണ്ടുനടക്കുന്നയാളാണ്. മൂഡു വരുന്പോഴേ കംപോസിംഗ് ചെയ്യാറുള്ളൂ. ഫോട്ടോഗ്രഫി ചെയ്യാറുണ്ട്. ഇതൊക്കെ പുറംലോകത്തെ അറിയിക്കാനോ പറയാനോ ഒന്നും താത്പര്യമില്ല. സിനിമയുടെ റിലീസിനോട് അനുബന്ധിച്ചു വരുന്ന ഇന്റർവ്യൂവിൽ ഇതൊക്കെ ഞാൻ പറയുമെന്ന് ഒരിക്കൽ ഒന്നിച്ചിരുന്നപ്പോൾ പ്രണവിനോടു ഞാൻ പറഞ്ഞു. നിന്നോടു ഞാൻ ഇനി ഒന്നും പറയില്ലെന്നു തമാശയായി പ്രണവിന്റെ മറുപടി.
തന്റെ കാര്യങ്ങൾ ആളുകൾ അറിയുന്നതിൽ സംതൃപ്തി കണ്ടെത്തുന്ന ആളല്ല പ്രണവ്. ഒതുങ്ങി സ്വകാര്യതയിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. ബാലി എയർപോർട്ടിൽ വച്ച് കുറച്ചു മലയാളികൾ വന്ന് അപ്പുവിനോടു സംസാരിച്ചു.
അവർ രണ്ടോ മൂന്നോ മിനിട്ടു സംസാരിച്ചു, ഫോട്ടോയെടുത്തു പോയി. നിർബന്ധിച്ചാണ് അപ്പുവിനെ ബിസിനസ് ക്ലാസിൽ യാത്രചെയ്യാൻ വിടുന്നത്. പ്രണവ് എത്ര സിംപിളാണ്. വലിയ സ്റ്റാറല്ലേ…പ്രണവിന് എങ്ങനെയാണ് ഇങ്ങനെ പെരുമാറാനാകുന്നത് എന്നൊക്കെ ഒന്നിച്ചു യാത്രചെയ്യുന്പോൾ പലരും ഞങ്ങളോടു ചോദിച്ചിട്ടുണ്ട്.
സെറ്റിൽ യൂണിറ്റുകാർക്കൊപ്പം പ്രണവ് നിലത്തിരുന്നോളും, കസേര വേണമെന്നില്ല. സിനിമയ്ക്കൊക്കെ അപ്പുറം ആ പ്രായത്തിലുള്ള ഒരാൾ മുതിർന്നവരോടു പെരുമാറുന്നതുൾപ്പെടെ നമുക്കു കണ്ടുപഠിക്കാൻ ഏറെയുണ്ട് പ്രണവിൽ നിന്ന്.
റിസ്കെടുക്കാൻ ധൈര്യമുള്ള സായ
ആദ്യമിറങ്ങിയ ആരാരോ ആർദ്രമായ് എന്ന പാട്ടിൽ പ്രണവും സായയും ഒന്നിച്ചുള്ള സീനുകളൊഴിച്ചാൽ ഞങ്ങൾ മൂന്നുപേരും കൂടിയുള്ള ഏറെ സീനുകളുണ്ട് ഈ സിനിമയിൽ. ഗോവയിലൂടെ യാത്ര ചെയ്യുന്ന രീതിയിലാണ് ആ പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. പ്രണവിന്റെ നായിക സായ മോഡലാണ്. ബംഗളൂരു മലയാളിയാണ്. ഓഡിഷനിലൂടെയാണ് വന്നത്. നായികയ്ക്കു ഒരുപാടു പെർഫോം ചെയ്യാൻ ഇടമുള്ള കഥയാണിത്. അതുകൊണ്ടുതന്നെ ഒരുപാട് ഓഡീഷനുകൾക്കു ശേഷമാണു നായികയെ സെലക്ട് ചെയ്തത്.
ഹീറോയിന് ഏറെ പ്രാധാന്യമുള്ള സിനിമയാണിത്. സായ അതു നന്നായി ചെയ്തിട്ടുമുണ്ട്. സായ മലയാളിയാണെങ്കിലും ബംഗളൂരുവിൽ വളർന്നതിനാൽ മലയാളം സംസാരിക്കുന്നതിൽ അതിന്റേതായ ചില പരിമിതികളുണ്ട്. ഇംഗ്ലീഷിൽ ഡയലോഗുകൾ എഴുതിയെടുത്ത് നന്നായി പഠിച്ചാണ് സീനുകൾ ചെയ്തിരുന്നത്.
ആ കഥാപാത്രത്തിനുവേണ്ടി അത്യാവശ്യം നല്ലരീതിയിൽ റിസ്കെടുക്കാൻ ധൈര്യമുള്ള കുട്ടിയാണു സായ. ഇതിൽ പാരാഗ്ലൈഡ് ചെയ്യുന്ന സീക്വൻസുകളുണ്ട്. കടലിലൂടെ ജെറ്റ്സ്കി ഓടിക്കുന്ന സീക്വൻസുകളുണ്ട്. സേഫ്റ്റി സൈഡ് നോക്കി മാറിനിൽക്കാതെ അതൊക്കെ ചെയ്യാൻ ബംഗളൂരുവിൽ വളർന്ന കുട്ടി എന്ന നിലയിൽ സായ കോണ്‍ഫിഡന്റായിരുന്നു. ഞങ്ങൾ മൂന്നുപേരും ഈ 90 ദിവസത്തിനകം വളരെയധികം സുഹൃത്തുക്കളായി. അതും വലിയൊരു സന്തോഷമാണ്.
അസിസ്റ്റന്റ് ഡയറക്ടർ
എനിക്കു ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളിലൊക്കെ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്യാനുള്ള ഭാഗ്യവും ഈ സിനിമയിൽ എനിക്കു കിട്ടി. അങ്ങനെ ഒരാഗ്രഹം മുന്‍പ് ഞാൻ അരുണ്ഗോപിയോടു പറഞ്ഞിരുന്നു. അതിനാൽ ആദ്യാവസാനം ഞാൻ ഇവരുടെ കൂടെത്തന്നെ ഉണ്ടായിരുന്നു. അരുണ്ചേട്ടനും ചിലപ്പോൾ ഞങ്ങൾക്കൊപ്പം കൂടുമായിരുന്നു. അത്തരത്തിൽ ഒന്നിച്ച് ഒരുപാടു രസകരമായ നല്ല നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്.
അരുണ്‍ഗോപിയുടെ തീരുമാനം
എല്ലാ സംവിധായകർക്കും അവരവരുടെ സിനിമകളിൽ വലിയ ആക്ടേഴ്സ് ചെയ്യണമെന്നാവും താത്പര്യം. അതു മാറ്റിവച്ച്, അഭിനയിക്കുന്ന തന്റെയൊരു സുഹൃത്ത് ചെയ്താൽ നന്നായിരിക്കും എന്നുള്ള ഡയറക്ടർ അരുണ്‍ഗോപിയുടെ മാത്രം തീരുമാനമാണ് എന്നെ ഇവിടെ എത്തിച്ചത്. അദ്ദേഹം ആ തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ ഞാൻ ഈ സിനിമയിൽ ഉണ്ടാവില്ലായിരുന്നു.
എത്രയോ മുൻനിര നടന്മാരെ ഈ വേഷത്തിലേക്ക് അദ്ദേഹത്തിനു പരിഗണിക്കാമായിരുന്നു. പക്ഷേ, അഭിരവ് എന്ന ഒരു ആക്ടർ ഉണ്ട്, അയാൾ ചെയ്താൽ നന്നാവും എന്ന് എല്ലാവരെയും ബോധ്യപ്പെടുത്തിയത് അദ്ദേഹമാണ്. പ്രണവിനൊപ്പം വർക്ക് ചെയ്യാനുള്ള അവസരം വന്നതും അരുണ്‍ഗോപിയുടെ തീരുമാനത്തിലാണ്. ഏറെപ്പേരുമായി വ്യക്തിപരമായി സൗഹൃദങ്ങൾ നിലനിർത്തുന്ന നല്ല മനുഷ്യൻ കൂടിയാണ് അദ്ദേഹം. എത്ര പറഞ്ഞാലും അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും തീരില്ല.
ടോമിച്ചായന്റെ സപ്പോർട്ട്
രാമലീലയിൽ ഒരു സീനിൽ അഭിനയിച്ചതുകൊണ്ടുതന്നെ ടോമിച്ചൻ അങ്കിളുമായി അന്നു ഞാൻ സംസാരിച്ചിരുന്നു. ഇതിൽ കുറച്ചുകൂടുതൽ ചെയ്യാനുള്ള ഒരു കാരക്ടറാണെന്നു വന്നപ്പോൾ ഒരുപാട് ആക്ടേഴ്സിന്റെ പേരുകൾ വന്നിരുന്നു. എന്റെ പേരു പറഞ്ഞപ്പോൾ പുതിയ ആളല്ലേ, ചെയ്യട്ടെ എന്നുള്ള ടോമിച്ചൻ അങ്കിളിന്റെ തീരുമാനവും എനിക്ക് ഏറെ സപ്പോർട്ടായി. ബാലിയിലൊക്കെ ഷൂട്ട് ചെയ്യുന്പോൾ ടോമിച്ചൻ അങ്കിളും ഞങ്ങളുടെ സന്തോഷങ്ങളിൽ പങ്കുചേർന്നിട്ടുണ്ട്. വളരെ കുറച്ചു സമയങ്ങളിൽ മാത്രമേ അദ്ദേഹം ലൊക്കേഷനിൽ ഇല്ലാതിരുന്നിട്ടുള്ളൂ. പ്രധാനപ്പെട്ട എല്ലാ സീനുകളും ഷൂട്ട് ചെയ്യുന്പോൾ അദ്ദേഹം അവിടെയുണ്ടാവും.
മുടക്കുന്ന പണത്തിന്റെ ടെക്നിക്കൽ പെർഫക്ഷൻ സിനിമയിലുണ്ടാവണം എന്നു നിർബന്ധമുള്ള പ്രൊഡ്യൂസറാണ് ടോമിച്ചായൻ. ഐശ്വര്യമായി വളർന്നു വരട്ടെ എന്ന അദ്ദേഹം പറഞ്ഞത് ഏറെ മോട്ടിവേഷൻ നല്കി. തുടർന്നും നല്ല സിനിമകൾ ചെയ്യാനാകുമെന്നു പ്രതീക്ഷിക്കുന്നു. എനിക്ക് അരുണ്ഗോപിയോടുള്ളത്രയും തന്നെ പരിചയം നോബിൾ ജേക്കബ് എന്ന പ്രൊഡക്്ഷൻ കണ്ട്രോളറുമായും ഉണ്ട്. അദ്ദേഹം എന്റെ രണ്ടാമത്തെ ചിത്രത്തിൽ കണ്ട്രോളർ ആയിരുന്നു. ഞാൻ നന്നായി ചെയ്യും എന്ന അദ്ദേഹത്തിന്റെ അഭിപ്രായം വലിയ ആത്മവിശ്വാസം നല്കി.
ബാബയായി മനോജ് കെ.ജയൻ
മനോജ് കെ.ജയൻ, ഷാജോണ്‍ ചേട്ടൻ എന്നിവരുമായും എനിക്ക് ശ്രദ്ധേയമായ കോംബിനേഷൻ സീനുകളുണ്ട്. ബാബ എന്ന കാരക്ടറാണ് മനോജ് കെ.ജയൻ ചെയ്യുന്നത്. അപ്പുവിന്റെ അച്ഛനായിട്ടുള്ള കാരക്ടർ. ഗോവയിൽ ഷൂട്ട് ചെയ്ത അത്രയും ദിവസം വളരെ ചെറുപ്പമായി അച്ഛൻ കഥാപാത്രമാണു ചെയ്യുന്നതെന്ന് നമുക്ക് ഒരുതരത്തിലും തോന്നാത്ത രീതിയിൽ ഞങ്ങളോടൊപ്പം ചിരിച്ചുകളിച്ചു നടന്ന ആളാണു മനോജേട്ടൻ. ഞങ്ങൾ കോട്ടയംകാരാണെങ്കിലും കോട്ടയത്തുവച്ച് ഞാൻ അതുവരെ മനോജേട്ടനെ നേരിട്ടു കണ്ടിട്ടില്ലായിരുന്നു.
ഏറെ കെയറും സപ്പോർട്ടുമായിരുന്നു മനോജേട്ടൻ. ഒന്നിച്ച് ആഹാരം കഴിക്കാൻ മനോജേട്ടൻ എന്നെ അദ്ദേഹത്തിന്റെ കാരവനിലേക്കു വിളിച്ചു. എന്നോട് അദ്ദേഹത്തിനു വളരെയധികം സ്നേഹമായിരുന്നു. അദ്ദേഹത്തിൽ നിന്ന് ഞാൻ അത്രയും പ്രതീക്ഷിച്ചിരുന്നില്ല. അച്ഛൻവേഷം ചെയ്യുന്പോൾ മലയാളത്തിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല മകനായിരിക്കും പ്രണവെന്നും അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ട്. ഗോവയിലെ ഞങ്ങളുടെ ഷൂട്ടിംഗ് ദിവസങ്ങൾ ആസ്വാദ്യകരമാക്കിയതിൽ മനോജ് കെ.ജയനു വലിയ പങ്കുണ്ട്.
ഏറെ സീനിയർ ആക്ടറായ ഷാജോണ്‍ ചേട്ടൻ വളരെ കുറച്ചു ദിവസങ്ങളേ സെറ്റിൽ ഉണ്ടായിരുന്നുള്ളുവെങ്കിലും എന്നെ ഒപ്പം നിർത്തുകയും ഒരുപാടു കാര്യങ്ങൾ പറഞ്ഞുതരികയും ചെയ്തു. ബിജുക്കുട്ടൻ, ധർമജൻ, ആന്റണി പെരുന്പാവൂർ തുടങ്ങി ധാരാളം ആർട്ടിസ്റ്റുകൾ ഈ സിനിമയുടെ ഭാഗമാണ്. അതിഥി വേഷത്തിലാണ് ഗോകുൽ സുരേഷ് ഇതിൽ വരുന്നത്.
ചില വീട്ടുകാര്യങ്ങൾ
താമസം കോട്ടയം എസ്എച്ച് മൗണ്ടിൽ. അച്ഛൻ ജെ. രവീന്ദ്രൻ പ്ലാന്റേഷൻ കോർപ്പറേഷനിൽ എൻജിനിയറായിരുന്നു. അമ്മ മണി രവീന്ദ്രൻ വീട്ടമ്മ. സഹോദരൻ ആകർഷ് രവീന്ദ്രൻ അബുദാബിയിൽ സിവിൽ എൻജിനിയർ.
ടി.ജി.ബൈജുനാഥ്