കൊച്ചി: സ്വർണവില കേരളത്തിൽ പുതിയ റിക്കാർഡിൽ. ഗ്രാമിനു 3050 രൂപയും പവന് 24,400 രൂപയുമായി. വെള്ളിയാഴ്ച രാത്രി അന്താരാഷ്ട്ര വ്യാപാരത്തിൽ വില 1.75 ശതമാനം കുതിച്ചതിനെത്തുടർന്നു ശനിയാഴ്ച കേരളവില കയറി. തലേന്ന് 24,000 രൂപയായിരുന്ന പവൻവില ഒറ്റയടിക്കു 400 രൂപയാണു കയറിയത്. ഒരു ദിവസം വില ഇത്രയും കയറുന്നത് നാലുവർഷത്തിനിടെ ആദ്യമാണ്.
2012 നവംബർ 27ലെ 24,240 രൂപ എന്ന റിക്കാർഡാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. ഈ മാസം മധ്യത്തിൽ വില 24,200 രൂപ വരെ എത്തിയിരുന്നു. പിന്നീടു താണിട്ടാണ് ഇപ്പോൾ കയറിയത്. 2012 സെപ്റ്റംബർ 15നാണു കേരളത്തിൽ സ്വർണവില 24,000 രൂപ കടന്നത്.
അന്നു പവന് 180 രൂപ വർധിച്ച് 24,160 രൂപയായി. മൂന്നു ദിവസം ആ നില തുടർന്നു. പിന്നീട് അക്കൊല്ലം രണ്ടു തവണ കൂടി വില 24,000 മുകളിലെത്തി. നവംബർ 27ലെ 24,240 രൂപ എന്ന റിക്കാർഡ് വില ഒരു ദിവസമേ നിന്നുള്ളൂ. പിന്നീട് ഈ മാസമാണ് 24,000നു മുകളിൽ ദിവസങ്ങളോളം നിന്നത്.
ആഗോള വിപണിയിൽ വെള്ളിയാഴ്ച രാത്രി വില ഔൺസി (31.1 ഗ്രാം) ന് 1280 ഡോളറിൽനിന്ന് 1302 ഡോളറിലെത്തി. ഡോളറിന്റെ ക്ഷീണം, അമേരിക്കയിലെ ഭരണസ്തംഭനം, അമേരിക്കയിലും ചൈനയിലും സാന്പത്തിക വളർച്ച കുറയുന്നത്, അമേരിക്കയിൽ വിലക്കയറ്റത്തോത് വർധിക്കുമെന്ന പ്രവചനം എന്നിവയാണു സ്വർണവില അഞ്ചു വർഷത്തിനുശേഷം 1300 ഡോളർ കടക്കാൻ ഇടയാക്കിയത്.
അമേരിക്കൻ ഭരണസ്തംഭനം മൂന്നാഴ്ചത്തേക്കു മാറ്റിയതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശനിയാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഡോളറിനു കരുത്തു പകർന്നാൽ ഇന്നു സ്വർണവില അല്പം താഴും. എങ്കിലും സ്വർണവില ഇക്കൊല്ലം 1350 ഡോളറിനു മുകളിലാകും എന്നാണു പരക്കെ ധാരണ.
ലോക റിക്കാർഡ്
കേരളത്തിൽ സ്വർണവില സർവകാല റിക്കാർഡാണെങ്കിലും ആഗോളവിപണി സർവകാല റിക്കാർഡിൽ നിന്നു വളരെ താഴെയാണ്. 2011 സെപ്റ്റംബറിൽ വിദേശത്തു സ്വർണം ഔൺസിന് 1921 ഡോളറിൽ എത്തിയിരുന്നു. അതിനുശേഷം താഴോട്ടു നീങ്ങിയ വില 2015 ഡിസംബറിൽ 1045 ഡോളർ വരെ താണു.
ഇന്ത്യയിലും കേരളത്തിലും വില റിക്കാർഡായത് 2012 സെപ്റ്റംബർ-നവംബർ കാലത്താണ്. രൂപയുടെ വിലയിടിവാണു കാരണം. 2011 സെപ്റ്റംബറിൽ സ്വർണം 1921 ഡോളറായപ്പോൾ ഒരു ഡോളറിനു 45 രൂപയിൽ താഴെയായിരുന്നു വില. പിറ്റേവർഷം സ്വർണം 1780 ഡോളറിനടുത്തായപ്പോൾ രൂപ വില 52 രൂപയ്ക്കടുത്തായി. സ്വർണ ഇറക്കുമതിച്ചുങ്കം നാലിൽ നിന്നു 10 ശതമാനമാക്കുകയും ചെയ്തു.
സ്വർണവില നാഴികക്കല്ലുകൾ
1979 ഡിസംബർ 24/ 1000
1987 ഏപ്രിൽ 16/ 2008
1991 ജൂലൈ 4/ 3200
1996 ജനുവരി 22/ 4016
2005 ഒക്ടോബർ 10/ 5040
2006 മാർച്ച് 1/ 6000
2006 ഏപ്രിൽ 20/ 7216
2008 ജനുവരി 3 /8040
2008 ഫെബ്രുവരി 22/ 9040
2008 ഒക്ടോബർ 09/ 10,200
2009 ഫെബ്രുവരി 17/ 11,040
2009 നവംബർ 3/ 12120
2009 നവംബർ 21/ 13040
2010 ജൂണ്‍ 7/ 14,000
2010 നവംബർ 8/ 15,000
2011 ഏപ്രിൽ 6/ 16080
2011 ജൂലൈ 15/ 17,120
2011 ഓഗസ്റ്റ് 6/ 18,160
2011 ഓഗസ്റ്റ് 9/ 19,520
2011 ഓഗസ്റ്റ് 19/ 20,520
2011 ഓഗസ്റ്റ് 22/ 21,200
2012 ജൂണ്‍ 2/ 22,120
2012 ഓഗസ്റ്റ് 25/ 23,080
2012 സെപ്റ്റംബർ 14/ 24,160