കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാര്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പേ വീഴുമോ? കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ച് കുമാരസ്വാമി, മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയാര്‍, സഖ്യസര്‍ക്കാരില്‍ അസ്വസ്ഥത പുകയുന്നു

കര്‍ണാടകത്തില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് ഒഴിവാക്കാന്‍ ഒന്നിച്ച കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരില്‍ ദിനംപ്രതി പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ പ്രസ്താവനയ്‌ക്കെതിരേ രംഗത്തുവന്ന മുഖ്യമന്ത്രി കുമാരസ്വാമി താന്‍ രാജിവയ്ക്കാന്‍ ഒരുക്കമാണെന്ന് വ്യക്തമാക്കി. കോണ്‍ഗ്രസ് തങ്ങളുടെ എം.എല്‍.എമാരെ നിലയ്ക്ക് നിറുത്തണമെന്നും കോണ്‍ഗ്രസിന് താത്പര്യമില്ലെങ്കില്‍ താന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കുമാരസ്വാമിയ്ക്ക് കീഴിയിലുള്ള സര്‍ക്കാരിന് സംസ്ഥാനത്ത് വികസനം കൊണ്ടുവരാന്‍ സാധിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ കുറ്റപ്പെടുത്തിയിരുന്നു. സിദ്ദരാമയ്യയ്ക്ക് ഒരു തവണ കൂടി ലഭിച്ചിരുന്നെങ്കില്‍ സംസ്ഥാനത്തിന് കൂടുതല്‍ വികസനം ഉണ്ടാകുമായിരുന്നെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എംഎല്‍എ എസ്.ടി.സോമശേഖരന്‍ പറഞ്ഞിരുന്നു. ഇതിന് പുറമെ തങ്ങളുടെ മനസില്‍ ഇപ്പോഴും മുഖ്യമന്ത്രി സിദ്ദരാമയ്യ തന്നെയാണെന്ന് കോണ്‍ഗ്രസ് മന്ത്രി പുത്തരംഗ ഷെട്ടിയും പറഞ്ഞു.

ബിജെപി സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ഓപ്പറേഷന്‍ ലോട്ടസുമായി മുന്നോട്ട് പോകുന്നതിനിടെയാണ് കുമാരസ്വാമിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. തങ്ങളുടെ മുഖ്യമന്ത്രി സിദ്ദരാമയ്യയാണെന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ പ്രസ്താവനയാണ് കുമാരസ്വാമിയെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്. ഇതാദ്യമായാണ് വിഷയത്തില്‍ കുമാരസ്വാമി പരസ്യ പ്രസ്താവന നടത്തുന്നത്.

Related posts