കാഞ്ഞിരപ്പള്ളി: പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്പോഴും മാലിന്യ വാഹിനികളായി മാറിയ കൈതോടുകൾ ശുചീകരിക്കുവാൻ അധികൃതർ ഇതുവരെയും നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. മലിന ജലമൊഴുക്കുന്നതടക്കം തടയുവാനും നടപടിയായിട്ടില്ല. കാഞ്ഞിരപ്പള്ളി മേഖലയിൽ പത്തോളം വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി ആരോഗ്യ വകുപ്പ് പറഞ്ഞു.
രോഗബാധ സംശയിക്കുന്ന നിരവധി പേർ ചികിത്സയിലുണ്ടന്നും ആരോഗ്യ വകുപ്പ് സമ്മതിക്കുന്നു. സ്വകാര്യ ആശുപത്രികളിലും മറ്റും ചികിത്സ തേടുന്ന കണക്കുകളിൽ പെടാത്ത രോഗികൾ വേറെയും ഉണ്ട്. രോഗം ടൗണിലൊന്നാകെ പടർന്നു പിടിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ നിലവിലുള്ളത്.
പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാണന്ന് ആരോഗ്യ വകുപ്പ് പറയുന്പോഴും ടൗണിന്റെ മധ്യത്തിലൂടെ ഒഴുകുന്ന കൈത്തോട്ടിൽ മലിനജലം കെട്ടിക്കിടക്കുന്ന നിലയിലാണ്. ഹോട്ടലുകളിലെ മലിനജലം ഒഴുക്കുന്നതും ഈ തോട്ടിലോട്ടു തന്നെയാണ്. മലിനമായ കൈത്തോടിന് സമീപം പ്രദേശവാസികൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന നിരവധി കിണറുകളടക്കം സ്ഥിതി ചെയ്യുന്നുണ്ട്.
ഇതിലൊരു കിണറ്റിലെ ജലം ഉപയോഗിച്ചതാണ് മഞ്ഞപ്പിത്തം പടരാൻ കാരണമെന്ന് ആരോഗ്യ വകുപ്പ് തന്നെ കണ്ടെത്തിയിരുന്നു. എന്നിട്ടും കൈത്തോട് വൃത്തിയാക്കുവാനോ ഇവിടെ മാലിന്യം തള്ളുന്നവർക്കെതിരേ നടപടി സ്വീകരിക്കാനോ അധികൃതർ ഇതുവരെയും തയാറായിട്ടില്ല.
മലിനമായ കൈത്തോട്ടിൽ നിന്നുള്ള ജലമാണ് ചിറ്റാർപ്പുഴയിലേക്ക് ഒഴുകിയെത്തുന്നത്. ഇത് ചിറ്റാറിനെയും മലിനമാക്കാൻ കാരണമാകുന്നു. ചിറ്റാർപുഴയിലേയ്ക്ക് മാലിന്യങ്ങൾ നേരിട്ട് തള്ളുന്ന സ്ഥിതിയും ഉണ്ട്. പല സ്ഥാപനങ്ങളുടെയും ശുചി മുറിമാലിന്യ മടക്കം ചിറ്റാർ പുഴയിലേക്ക് ഒഴുക്കുന്നത് തടയുവാനും ഇതുവരെ നടപടിയുണ്ടായിട്ടില്ല. പകർച്ചവ്യാധി പടരുന്പോൾ ടൗണിലെ ജലമലിനികരണത്തിനെതിരെ കർശന നടപടിയാണ് ജനം ആവശ്യപ്പെടുന്നത്.