തൃശൂർ: ജനങ്ങളെ മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരെ ആവേശത്തിലാക്കി സ്വാഗതഗാനം. തേക്കിൻകാട് മൈതാനിയിലെ വേദിയിലെത്തിയ പ്രധാനമന്ത്രിക്കു സ്വാഗതമോതുന്നതിനുവേണ്ടി ഗായകൻ അനൂപ് ശങ്കർ അവതരിപ്പിച്ച സ്വാഗത ഗാനമാണ് ജനങ്ങളിൽ ആവേശമുയർത്തിയത്.
വന്ദേമാതരം എന്നു തുടങ്ങുന്ന ഗാനം മോദിഭക്തിയും മോദിപുകഴ്ചയും ഉൾപ്പെടുത്തി മുദ്രാവാക്യം വിളി പോലെ തുടങ്ങി സംഗീതത്തിന്റെ ശാന്തതയിലേക്കു കടന്നതോടെ വേദിയിലിരുന്ന പ്രധാനമന്ത്രിയും ആശ്ചര്യത്തോടെ അനൂപ് ശങ്കറെ നോക്കുന്നുണ്ടായിരുന്നു. സ്വാഗതഗാനത്തോടൊപ്പം ജനങ്ങളും മോദിക്കു ജയ് വിളിക്കാൻ തുടങ്ങിയതോടെ ആവേശത്തിന്റെ തിരമാല ജനങ്ങൾ കൈമാറി.
വേദിയിൽ അടുത്തിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ളയോട് സ്വാഗതഗാനം ആലപിക്കുന്ന വ്യക്തിയെ സംബന്ധിച്ചും പ്രധാനമന്ത്രി ചോദിച്ചു മനസിലാക്കുന്നുണ്ടായിരുന്നു.
കലാഭവൻ മണിയെ സ്മരിച്ചു, ആർത്തു വിളിച്ച് ജനങ്ങൾ
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗത്തിനിടെ കലാഭവൻ മണിയുടെ പേരെടുത്തു പറഞ്ഞതോടെ തേക്കിൻകാട് മൈതാനിയിൽ കൂടിയിരുന്നവർ ആർത്തുവിളിച്ചു. സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ വരുന്നതിൽ വളരെ സന്തോഷമുണ്ടെന്നു പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. ഗുരുവായൂർ ക്ഷേത്രവും തൃശൂർ പൂരവും ലോകപ്രശ്സതമാണെന്നു പറഞ്ഞ അദ്ദേഹം ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന് ഈ നാട് നൽകിയ സംഭാവനകൾ ഏറെയാണെന്നും പ്രശംസിച്ചു.
സാഹിത്യ സാംസ്കാരിക മേഖലകളിൽ നിരവധി പ്രമുഖരെ സമ്മാനിച്ച നാടാണ് തൃശൂർ. ബാലാമണിയമ്മ, കമല സുരയ്യ, എൻ.വി.കൃഷ്ണവാര്യർ, വി.കെ.എൻ, ഡോ.സുകുമാർ അഴീക്കോട്, ഡോ.എം.ലീലാവതി എന്നിവരുടെ പേരുകൾ എടുത്തു പറഞ്ഞു.
ഒടുവിൽ അന്തരിച്ച നടൻ കലാഭവൻ മണിയുടേയും ബഹദൂറിന്റെയും പേരുകൾ മോദി പരാമർശിച്ചതോടെ തേക്കിൻകാട് മൈതാനം കൈയടികളാൽ നിറഞ്ഞു. തുടക്കത്തിൽ ആളുകളെ കൈയിലെടുത്ത പ്രധാനമന്ത്രി പിന്നീട് തന്റെ സർക്കാരിന്റെ നേട്ടങ്ങളും മറ്റും വിശദമായി പറഞ്ഞ് പ്രസംഗത്തിലേക്കു കടന്നു. തുടക്കത്തിൽ ഉയർത്തിയ ആവേശം പക്ഷ,േ പ്രസംഗത്തിൽ അവസാനം വരെ കൊണ്ടുവരാനായില്ല.
യുവമോർച്ച പ്രവർത്തകർ എത്തിയതു റാലിയായി
തൃശൂർ: നഗരത്തിലെ രണ്ടു കേന്ദ്രങ്ങളിൽനിന്ന് ഉച്ചയ്ക്കു രണ്ടോടെ ആരംഭിച്ച യുവമോർച്ച റാലി തേക്കിൻകാട് മൈതാനിയിലെത്തി. പൂങ്കുന്നത്തുനിന്നാരംഭിച്ച റാലിയിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽനിന്നുള്ള പ്രതിനിധികളും തൃശൂർ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി, ഗുരുവായൂർ, മണലൂർ, കയ്പമംഗലം, തൃശൂർ നിയോജകമണ്ഡലങ്ങളിൽനിന്നുള്ള പ്രവർത്തകരും അണിനിരന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽനിന്നുള്ള പ്രതിനിധികളും ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ഒല്ലൂർ, നാട്ടിക നിയോജകമണ്ഡലത്തിലെ പ്രവർത്തകരും ശക്തൻ നഗറിൽനിന്ന് ആരംഭിച്ച റാലിയിൽ അണിനിരന്നു.
റാലിക്കു മോടികൂട്ടാൻ നാഗസ്വരം, കാവടി, തിറ, പൂതൻ, തെയ്യം, വിവിധതരം വാദ്യമേളങ്ങൾ എന്നിവയും അകന്പടിയായുണ്ടായിരുന്നു. ബിജെപിയുടേയും യുവമോർച്ചയുടേയും ജില്ലാ, സംസ്ഥാന നേതാക്കൾ റാലികൾക്കു നേതൃത്വം നൽകി.