ഷൊർണൂർ: പട്ടാന്പി-പാലക്കാട് റൂട്ടിലും തൃശൂർ-ഒറ്റപ്പാലം റൂട്ടിലും സ്വകാര്യബസുകൾ ഓട്ടംനിർത്തി. കുളപ്പുള്ളിയിൽ പട്ടാന്പി-പാലക്കാട് ബസിലെ കണ്ടക്ടർ ഗുരുവായൂർ സ്വദേശി ചിറ്റിലപ്പിള്ളി ജിത്തു (21)വിനു മർദനമേറ്റതിനെ തുടർന്നാണ് സമരം.
അതേസമയം സ്വകാര്യബസുകൾ കുളപ്പുള്ളി ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് മടങ്ങണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ചെയർപേഴ്സണ് വി.വിമലയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് തൃശൂർ-ഒറ്റപ്പാലം റൂട്ടിലെ സ്വകാര്യബസുകൾ നാമമാത്രമായി സർവീസ് നിർത്തിയിരുന്നു.
ഇന്നു പാലക്കാട്-പട്ടാന്പി റൂട്ടിലെ സ്വകാര്യബസുകളും സർവീസ് നിർത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ അജ്ഞാതൻ ലോറിതട്ടി മരിച്ചതാണ് വിവാദങ്ങൾക്ക് ആധാരം. ബസുകൾ കുളപ്പുള്ളി സ്റ്റാൻഡിൽ കയറാതെ റോഡിൽ നിർത്തുന്നതാണ് അപകടത്തിനു കാരണമെന്ന് ആരോപിച്ച് ഒരുവിഭാഗം ആളുകൾ പ്രതിഷേധിച്ചിരുന്നു.
പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ ടാക്സിക്കാർ തയാറായില്ലെന്ന കാരണത്താൽ ഡിവൈഎഫ്ഐ പ്രവർത്തകർ ടാക്സിക്കാരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.ഇതിന്റെ തുടർച്ചയായാണ് പാലക്കാട്-പട്ടാന്പി റൂട്ടിലെ സ്വകാര്യബസ് ജീവനക്കാരനു മർദനമേറ്റതായി പറയുന്നത്. സമയം പുനഃക്രമീകരിച്ച് പ്രശ്നപരിഹാരമുണ്ടാക്കണമെന്ന ആവശ്യം മാസങ്ങളായി നിലനില്ക്കുന്നതാണ്.
തൃശൂർ- ഒറ്റപ്പാലം റൂട്ടിലും പട്ടാന്പി- പാലക്കാട് റൂട്ടിലും സ്ഥിരമായി ചെറിയ പ്രശ്നങ്ങളുടെ പേരിൽപോലും സ്വകാര്യബസുകൾ സർവീസ് നിർത്തിവയ്ക്കുന്നത് പതിവാണ്.