പാലക്കാട്: ജില്ലയിൽ രണ്ടാംവിള കൃഷിക്കായി ഫെബ്രുവരി 15 വരെ മലന്പുഴ ഡാമിൽ നിന്നും വെള്ളം തുറന്നുവിടുമെന്ന് ജില്ലാ കളക്ടർ ഡി. ബാലമുരളി അറിയിച്ചു. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന മലന്പുഴ ജലസേചന പദ്ധതി ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം അറിയിച്ചത്. ഫെബ്രുവരി 25 വരെ വെള്ളം തുറന്നു വിടണമെന്നായിരുന്നു കൃഷിക്കാരുടെ ആവശ്യം.
എന്നാൽ കുടിവെള്ളത്തിന് ആവശ്യമായ വെള്ളം സംഭരിക്കേണ്ടത് പരിഗണിച്ച് 15 വരെ മാത്രമേ വെള്ളം തുറന്നു വിടാനാവൂമെന്ന് കളക്ടർ അറിയിച്ചു. കനാലുകൾ കഴിഞ്ഞദിവസം രാത്രിയോടെ അടച്ചു. പിന്നീട് വലതുകര കനാൽ ഫെബ്രുവരി ഒന്നിനും ഇടതുകര കനാൽ ഫെബ്രുവരി രണ്ടിനും രാവിലെ ആറിന് തുറക്കും.
ജില്ലയിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും പൂർണമായും മലന്പുഴ ഡാമിലെ വെള്ളം ആശ്രയിച്ചാണ് രണ്ടാംവിള കൃഷിയിറക്കുന്നത്. നിലവിൽ മലന്പുഴ ഡാമിൽ 67 മില്ല്യണ്‍ മീറ്റർ ക്യൂബ് വെള്ളമുണ്ട്. കഴിഞ്ഞവർഷം ഇതേദിവസം 61 മില്ല്യണ്‍ മീറ്റർ ക്യൂബ് വെള്ളമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞവർഷം ഫെബ്രുവരി എട്ടിന് വെള്ളം കനാലുകളിലൂടെ തുറന്നുവിടുന്നത് നിർത്തിയിരുന്നു.
ഏകദേശം 40 മില്യണ്‍ മീറ്റർ ക്യൂബ് വെള്ളം സംഭരിച്ചാൽ മാത്രമേ കുടിവെള്ളം കഠിന വേനലിലും തടസ്സം കൂടാതെ വിതരണം ചെയ്യാൻ കഴിയൂ. മുഴുവൻ പ്രദേശങ്ങളിലും ജലസേചന വകുപ്പ് എൻജിനീയർമാർ കനാലുകൾ സന്ദർശിച്ച് കൃത്യമായ ജലവിതരണം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കലക്ടർ നിർദേശിച്ചു.
പ്രളയകാലത്ത് മലന്പുഴ ഡാമിലെ വൃഷ്ടിപ്രദേശങ്ങളിൽ മണ്ണിടിച്ചിലുണ്ടായി വൻതോതിൽ ചെളിയും മണ്ണും അടിഞ്ഞു കൂടിയിരുന്നു. മഴക്കാലത്തിന് മുന്നോടിയായി മണ്ണും മണലും നീക്കി ഡാമിന്റെ സംഭരണ ശേഷി വർധിപ്പിച്ച് വരുംവർഷങ്ങളിൽ കൂടുതൽ ജലം സംഭരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വിവിധ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, മലന്പുഴ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്.പത്മകുമാർ, ജലസേചന ഉദ്യോഗസ്ഥർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, പാടശേഖര സമിതി അംഗങ്ങൾ, കർഷകർ പങ്കെടുത്തു.