എന്റെ മേഖല സിനിമയാണ്, സിനിമ വിട്ട് രാഷ്ട്രീയത്തിലേക്കില്ലെന്ന് ബോളിവുഡ് സുന്ദരി കരീന കപൂർ. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകളെല്ലാം ഉൗഹാപോഹങ്ങൾ മാത്രമാണെന്നും താരം പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് സ്ഥാനാർഥിയായി കരീന എത്തുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈ വാർത്തകളാണ് താരം നിഷേധിച്ചിരിക്കുന്നത്.
ബോളിവുഡ് താരം മാധുരി ദീക്ഷിത് ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകൾക്ക് പിന്നാലെ നടി കരീന കപൂറിനെ സ്ഥാനാർഥിയാക്കാൻ കോണ്ഗ്രസ് ശ്രമിക്കുന്നതായിട്ടായിരുന്നു റിപ്പോർട്ട്. സമീപകാലത്തൊന്നും കോണ്ഗ്രസ് വിജയമറിഞ്ഞിട്ടില്ലാത്ത ഭോപ്പാൽ മണ്ഡലത്തിൽ കരീനയെ മത്സരിപ്പിക്കണമെന്ന നിർദേശം മധ്യപ്രദേശിലെ കോണ്ഗ്രസ് നേതാവായ യോഗേന്ദ്ര സിംഗ് ചൗഹാനാണ് മുന്നോട്ട് വച്ചത്. എന്നാൽ ഇതിനോട് കോണ്ഗ്രസ് നേതാക്കളാരും പ്രതികരിച്ചിരുന്നില്ല.
2019 ലെ തെരഞ്ഞെടുപ്പിലേക്ക് ബിജെപി സ്ഥാനാർത്ഥികളായി മാധുരി ദീക്ഷിത് അടക്കം നിരവധി സെലിബ്രിറ്റികളുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. ഗൗതം ഗംഭീർ, സണ്ണി ഡിയോൾ, അജയ് ദേവ്ഗണ്, അക്ഷയ് കുമാർ, അനുപം ഖേർ തുടങ്ങിയവരുടെ പേരുകളാണ് പ്രധാനമായും ഉയർന്നു കേൾക്കുന്നത്.