ചെറുപുഴ: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ കോൺഗ്രസ് നേതാവും ചെറുപുഴ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ റോഷി ജോസിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പഠനയാത്രയ്ക്കിടെ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിലാണ് പോക്സോപ്രകാരം കേസെടുത്തിരിക്കുന്നത്.പീഡനശ്രമത്തെ തുടർന്ന് മാനസിക സംഘർഷമുണ്ടായ കുട്ടി കർണ്ണാടകയിലെ പ്രമുഖ നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ ശ്രമിച്ച പോലീസിനെ ഉന്നത കോൺഗ്രസ് നേതാക്കളെ ഉപയോഗിച്ച് തടഞ്ഞു. കേരളാ പോലീസ് കാണിച്ച ജാഗ്രതയാണ് കേസ് രജിസ്റ്റർ ചെയ്യാൻ ഇടയാക്കിയത്. വിദ്യാർഥിനി മജിസ്ട്രേറ്റ് മുൻപാകെ നേതാവിനെതിരെ മൊഴി നൽകിയിട്ടുണ്ട്. മുന്പ് ഉണ്ടായിട്ടുള്ള പരാതികൾ നേതാക്കളുടെ പിന്തുണയോടെ ഒതുക്കിത്തീർക്കുകയായിരുന്നു.
കോൺഗ്രസ് നേതാക്കളാണ് ഇയാളെ ഒളിപ്പിച്ചിരിക്കുന്നത്. പ്രതിയെ സഹായിക്കുന്നവർക്കെതിരെയും നടപടി വേണം. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി പ്രതിയെ ഉടൻ അറസ്റ്റു ചെയ്യണമെന്നും സിപിഎം നേതാക്കളായ കെ.വി. ഗോവിന്ദൻ, സി. സത്യപാലൻ, കെ.ഡി. അഗസ്റ്റിൻ, കെ.എം. ഷാജി എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.