തൊടുപുഴ: വളവിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് പതിച്ചെങ്കിലും റോഡ് സൈഡിലെ തേക്കുമരത്തിൽ തട്ടി നിന്നതിനാൽ തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി.
തൊടുപുഴ-പാലാ റോഡിൽ നെല്ലപ്പാറ കുരിശുപള്ളി വളവിലാണ് ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടരയോടെ നാടിനെ മുൾ മുനയിലാക്കിയ അപകടം ഉണ്ടായത്. കോട്ടയത്തു നിന്നും തൊടുപുഴയിലേക്ക് വരികയായിരുന്നു കെഎസ്ആർടിസിചെയിൻ സർവീസ് ബസാണ് അപകടത്തിൽപ്പെട്ടത്.
19 യാത്രക്കാരും ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. കൊടും വളവായ ഇവിടെ റോഡിൽ നിന്നും താഴത്തെ കൊക്കയിലേക്കും തോട്ടിലേക്കും 300 അടിയോളം താഴ്ചയുണ്ട്. മരത്തിനപ്പുറത്തോ ഇപ്പുറത്തോ ആയിരുന്നെങ്കിൽ ബസ് മുന്നോട്ടുനീങ്ങി കുഴിയിലേക്ക് പതിക്കുമായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു.
യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. ബസിന്റെ പിൻഭാഗത്തിരുന്ന് യാത്ര ചെയ്തിരുന്ന ഗർഭിണിയ്ക്ക് ഭയപ്പാടു മൂലം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇറക്കം ഇറങ്ങി വന്ന ബസ് വളവ് തിരിക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടമായതെന്നു ഡ്രൈവർ ഷിഹാബ് പറഞ്ഞു. നിയന്ത്രണം വിട്ട ബസ് റോഡിൽ നിന്നും മുന്നോട്ട് 10 മീറ്ററോളം നിരങ്ങി നീങ്ങി മുൻ ഭാഗം മരത്തിൽ ഇടിച്ചു തകർന്നു.
മുൻ ഭാഗത്തെ ടയറും മറ്റും അന്തരീക്ഷത്തിൽ നിൽക്കുന്ന നിലയിലായിരുന്നു ബസ്. കണ്ടക്ടർ ജോർജ് മാത്യുവും ഡ്രൈവറും പിന്നാലെ വന്ന ബസിലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് യാത്രക്കാരെ പിൻഭാഗത്തെ വാതിലിലൂടെ പുറത്തിറക്കി. ഇവർ പുറത്തിറങ്ങുന്നതിനിടെ വീണ്ടും ബസിന് ഉലച്ചിലുണ്ടായത് പരിഭ്രാന്തി പരത്തി. യാത്രക്കാർ ഭയന്ന് നിലവിളിച്ചു. കരിങ്കുന്നം എസ്ഐ പി.എസ്.നാസിറിന്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.