മണിമല: കുടിയൊഴിപ്പിക്കപ്പെട്ട പെരുന്തേനീച്ചകൾ ചെറുവള്ളി ഗ്രാമത്തെ വിറപ്പിച്ചപ്പോൾ കുത്തുകൊള്ളാതിരിക്കാൻ ജനം നെട്ടോട്ടത്തിൽ. പലരും അടച്ചിട്ട മുറികളിൽ കഴിയുന്നു. സ്ഥലത്തെ സ്കൂളിന് അവധി നൽകി. ബസുകളും കാറുകളും ഗ്ലാസ് അടച്ച് ഓടിക്കാൻ പോലീസ് നിർദേശം.
പൊൻകുന്നം-പുനലൂർ ഹൈവേ വികസനം പെരുന്തേനീച്ചകൾ ഇത്തരത്തിൽ തടസപ്പെടുത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ചെറുവള്ളി മൂലേപ്ലാവ് വളവിലെ വൻചീനിമരം റോഡ് വികസനത്തിനായി വെട്ടിയതാണ് പ്രശ്നം. 150 ഉയരത്തിൽ പല ശിഖരങ്ങളിലായി കുടിതാമസമാക്കിയിരുന്ന പെരുന്തേനീച്ച കോളനികൾ കുടിയൊഴിപ്പിച്ചതോടെ നാടുനീളെ ഈച്ചകുത്തിന്റെ വിശേഷങ്ങളേ കേൾക്കാനുള്ളു.
മുറംപോലെ വട്ടത്തിൽ 13 കുടികളിലായി പെരുമരത്തിനു മുകളിൽ തൂങ്ങിക്കിടന്ന പെരുന്തേനീച്ചയുടെ പക ഇനിയും തീർന്നിട്ടില്ല. റോഡിലൂടെ പോകുന്നവരെയും കുടിയൊഴിപ്പിക്കൽ കാണാനെത്തുന്നവരെയും ഈച്ചകൾ വളഞ്ഞിട്ടു കുത്തുകയാണ്.
റോഡ് വികസനത്തിന്റെ ഭാഗമായി ഇതേ വളവിൽ നിരവധി വൻമരങ്ങൾ അടുത്തയിടെ വെട്ടിവീഴ്ത്തിയെങ്കിലും പെരുന്തേൻമരം വെട്ടാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. കഴിഞ്ഞയാഴ്ച മുണ്ടക്കയത്തുനിന്നും പെരുന്തേനീച്ചകളെ ഒഴിപ്പിക്കാൻ മലയരയൻമാരെ എത്തിച്ചു.
ഒന്നുരണ്ടു ശിഖരങ്ങൾ ഒരു വിധം മുറിച്ചെങ്കിലും പെരുന്തേൻ അടുത്ത ശിഖരങ്ങളിൽ കുടിപാർപ്പു തുടങ്ങിയതോടെ ആ ശ്രമം പരാജയപ്പെട്ടു. ഞായറാഴ്ച രാത്രി 11ന് റോഡിൽ തിരക്കൊഴിയുന്പോൾ ഈച്ചകളെ തുരത്തി മരം മുറിക്കാൻ വീണ്ടും മലയരയൻമാരെ കൊണ്ടുവന്നു. ഈച്ചകളെ ചാന്പലാക്കാം എന്നു കരുതി ശിഖരങ്ങളിലേക്കും ഈച്ചക്കോളനിയിലേക്കും ഡീസൽ സ്പ്രേ ചെയ്തശേഷം തീ കൊളുത്തി.
തീപിടിച്ച ഇലകൾ താഴേക്കു പതിച്ചതോടെ പ്രദേശത്ത് തീപിടിത്തമായി. മുൻപ് വെട്ടിയിട്ട മരച്ചില്ലകളും കരിയിലയും കത്തിക്കയറിയതോടെ മണിമലയാറിന്റെ തീരത്ത് വൻതീപിടിത്തം. പൊള്ളലേറ്റതോടെ ഈച്ച കുടികളിൽ നിന്നിളകി പ്രദേശമാകെ നിറഞ്ഞുപറന്നു കുത്തുതുടങ്ങി.
ഈച്ചകുത്തും തീപിടിത്തവും സഹിക്കാനാവാതെ വന്നതോടെ ജനം കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിനെ വിളിച്ചു. ഫയർസേന തീ അണച്ചപ്പോഴേക്കും മലയരയൻമാർ ചീനിമരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റി.
ഈച്ച നാടുവിടുകയോ ചാന്പലാവുകയോ ചെയ്തിട്ടുണ്ടാകുമെന്നാണ് നാട്ടുകാർ കരുതിയിരുന്നതെങ്കിലും ഇന്നലെ നേരം പുലർന്നപ്പോൾ പെരുന്തേനീച്ചകൾ തൊട്ടടുത്ത പെരുമരത്തിൽ വലിയ രണ്ടു കുടികളായി തൂങ്ങിയ കാഴ്ചയാണു കാണാനായത്.
റാണി ഈച്ച നഷ്ടമായ കുടികളിലെ ഈച്ചകൾ കലാപകാരികളായി പ്രദേശമാകെ അഴിഞ്ഞാടുകയാണ്. ഇന്നലെ വൈകുന്നേരം വരെ 12 പേർക്ക് തേനീച്ചകളുടെ കുത്തേറ്റു. ചിലർ ചികിത്സ തേടി. കുടിപിരിഞ്ഞ ഈച്ചകൾ നാടുവിടുന്നില്ലെങ്കിൽ എന്താവും സ്ഥിതിയെന്നോർക്കുന്പോൾ നാട്ടുകാർക്ക് കടുത്ത ആശങ്കയാണ്.
സുരക്ഷയെക്കരുതി തൊട്ടടുത്തുള്ള എസ്സിടിഎം സ്കൂളിന് ഇന്നലെ അവധി നൽകി. ഈച്ചക്കലാപം തുടർന്നാൽ ഇനി അടുത്ത വഴിയേത് എന്നതാണ് നാട്ടുകാരുടെ ചോദ്യം.