തൃശൂർ: പുരുഷൻമാരിൽ സ്തനാർബുദം നാമമാത്രമായിട്ടേ കാണപ്പെടുന്നുള്ളൂവെങ്കിലും വ്യാപനം വളരെ പെട്ടെന്നുള്ളതും പ്രത്യാഘാതങ്ങൾ ഗൗരവമായതുമാണെന്നു പ്രശസ്ത അർബുദരോഗവിദഗ്ധൻ ഡോ. ശ്രീകുമാർപിള്ള അഭിപ്രായപ്പെട്ടു.
ഏങ്ങണ്ടിയൂർ എം.ഐ. മിഷൻ ആശുപത്രി സംഘടിപ്പിക്കുന്ന ഗ്രാമാരോഗ്യവാരത്തിൽ “അർബുദം -പ്രതിരോധവും പരിഹാരവും’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. പിള്ള. ഗർഭാശയമുഖ കാൻസറിന്റെ പ്രധാന കാരണങ്ങളിലൊന്നു പാപ്പിലോമ വൈറസ് ആണ്.
ജനിതകകാരണങ്ങൾമൂലം പത്തുശതമാനത്തിനു താഴെ മാത്രമേ മനുഷ്യന് അർബുദബാധയുണ്ടാകുന്നുള്ളൂ. തൊണ്ണൂറു ശതമാനത്തിന്റെയും കാരണം പാരിസ്ഥിതികമാലിന്യങ്ങളാണ്. “കാൻസർബാധ എന്നാൽ ജീവിതമവസാനിച്ചു’ എന്ന് അഭ്യസ്തവിദ്യരായ മലയാളികൾ കരുതരുതെന്നും ഡോ. പിള്ള ഉപദേശിച്ചു.
ഡയറക്ടർ ഫാ.ഡോ. ഫ്രാൻസീസ് ആലപ്പാട്ട് അധ്യക്ഷനായിരുന്നു. സംശയനിവാരണവും പരിശോധനയും ഉണ്ടായിരുന്നു.