ചെന്നൈ: മോദിയെ കുറിച്ച് പാട്ടുപാടിയ ഗായക സംഘത്തിന് പോലീസിന്റെ വിലക്ക്. രജനീകാന്ത് ചിത്രം കാല ഉൾപ്പെടെയുള്ള തമിഴ് ചിത്രങ്ങളുടെ സംവിധായകൻ പാ രഞ്ജിത്തിന്റെ കാസ്റ്റ്ലെസ് കളക്ടീവ് എന്ന ബാന്റിനെയാണ് പാട്ടു പാടുന്നതിൽനിന്നു പോലീസ് തടഞ്ഞത്. ചെന്നൈയിലെ ബസന്ത് നഗർ ബീച്ചിൽ ഞായറാഴ്ച സംഘടിപ്പിച്ച ജാതിരഹിത കൂട്ടായ്മയിലായിരുന്നു സംഭവം.
മോദി എന്ന വാക്ക് ആവർത്തിച്ച് ഉപയോഗിച്ചതിനെ തുടർന്നാണു നടപടിയെന്നു പോലീസ് അറിയിച്ചു. ഒരു പാട്ടിൽ നിരവധി തവണ മോദിയെന്ന വാക്ക് ഉപയോഗിച്ചു. ഇതോടെ പരിപാടി രാഷ്ട്രീയമായി മാറി- പോലീസ് പറയുന്നു. സാംസ്കാരിക പരിപാടിയെ രാഷ്ട്രീയപരിപാടിയാക്കി മാറ്റിയതിനാലാണ് ഇടപെട്ടതെന്നും പോലീസ് പറഞ്ഞു.
എന്നാൽ, രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്നും നിലവിലെ രാജ്യത്തിന്റെ അവസ്ഥ ആളുകളെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും സംഘാടകർ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് പോലീസ് നടപടിയെന്നും കാസ്റ്റ്ലെസ് കളക്ടീവ് പറഞ്ഞു.
നേരത്തെ ശബരിമല വിഷയവുമായി ബന്ധപ്പെട്ടും കാസ്റ്റ്ലെസ് കളക്ടീവ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ബാൻഡിന്റെ “അയാം സോറി അയ്യപ്പാ, നാൻ ഉള്ളെ വന്താ യെന്നപ്പാ’ എന്ന പാട്ട് ഏറെ പ്രചാരം നേടുകയായിരുന്നു. ഇതിനുശേഷം കൊച്ചിയിൽ നടന്ന ആർപ്പോ ആർത്തവം പരിപാടിയിലും സംഘം പാട്ടുപാടാനെത്തി.