ഡോഡോമ: അന്ധവിശ്വാസങ്ങളും മന്ത്രവാദവും അരങ്ങുവാഴുന്ന ആഫ്രിക്കയിൽ വീണ്ടും മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം. തെക്കുപടിഞ്ഞാറൻ ടാൻസാനിയയിൽ അന്ധവിശ്വാസത്തിന്റെ പേരില്‍ ആറു കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തി. ഇവരുടെ അവയവങ്ങൾ പലതും മുറിച്ചു മാറ്റിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ ഡിസംബറിൽ ജോംബെയിൽ നിന്ന് കാണാതായ പത്തു കുട്ടികളിൽ ആറു പേരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ടിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് കൊല ചെയ്യപ്പെട്ടത്. ഇവരുടെ പല്ലുകൾ പറിച്ചെടുത്തും കാതുകൾ ഉൾപ്പെടെ പല അവയവങ്ങൾ മുറിച്ചെടുത്ത നിലയിലുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കുട്ടികളിൽ ഒരാളുടെ ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മനുഷ്യരുടെ അവയവങ്ങൾ ഐശ്വര്യവും സമ്പത്തും കൊണ്ടുവരുമെന്ന അന്ധവിശ്വാസമാണ് കൊലപാതകത്തിന് കാരണമെന്ന് ജില്ലാ കമ്മീഷണർ രൂത്ത് സാഫിരി പറഞ്ഞു.