മാഡ്രിഡ്: സ്പാനിഷ് ലാ ലീഗ ഫുട്ബോളിൽ ബാഴ്സലോണയ്ക്കും റയൽ മാഡ്രിഡിനും ജയം. ബാഴ്സലോണ 2-0ന് ജിറോണയെ പരാജയപ്പെടുത്തിയപ്പോൾ എസ്പാന്യോളിനെ 2-4നായിരുന്നു റയൽ കീഴടക്കിയത്.
ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സയ്ക്ക് ഇതോടെ 21 മത്സരങ്ങളിൽ 49 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിനേക്കാൾ (44 പോയിന്റ്) അഞ്ച് പോയിന്റ് മുന്നിലെത്താനും ബാഴ്സയ്ക്കായി. 21 മത്സരങ്ങളിൽ 39 പോയിന്റുള്ള റയൽ മൂന്നാം സ്ഥാനത്താണ്.
ജിറോണയുടെ തട്ടകത്തിൽ നടന്ന പോരാട്ടത്തിലായിരുന്നു ബാഴ്സയുടെ തകർപ്പൻ ജയം. ഒന്‍പതാം മിനിറ്റിൽ നെൽസണ്‍ സെമഡോ, 68-ാം മിനിറ്റിൽ ലയണൽ മെസി എന്നിവരാണ് ബാഴ്സയ്ക്കായി ഗോളുകൾ നേടിയത്.
കരീം ബെൻസെമയുടെ (നാല്, 45+1 മിനിറ്റുകൾ) ഇരട്ടഗോളുകളാണ് എസ്പാന്യോളിനെതിരെ റയലിനു ജയം സമ്മാനിച്ചത്. സെർജിയോ റാമോസ് (15-ാം മിനിറ്റ്), ഗാരെത് ബെയ്ൽ (67-ാം മിനിറ്റ്) എന്നിവരും റയലിനായി ലക്ഷ്യംനേടി.