ഒറ്റപ്പാലം: ദന്പതികൾ ട്രെയിനിനുമുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഒറ്റപ്പാലം ലക്കിടിപേരൂർ നെല്ലിക്കുറിശി ആലിക്കൽകാട്ടിൽ ചാമിയുടെ മകൻ സോമശേഖരൻ (51), ഭാര്യ മിനിത (42) എന്നിവരാണ് ഇന്നുരാവിലെ എട്ടിന് പത്തിരിപ്പാല അകലൂർ അതിർകാട് ഭാഗത്ത് ട്രെയിനുമുന്നിലേക്കു ചാടി ആത്മഹത്യ ചെയ്തത്.
രാവിലെ തൃശൂരിലെ ആശുപത്രിയിലേക്ക് പോകുന്നതിനു ഇറങ്ങിയതായിരുന്നു ഇരുവരുമെന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ കിടന്നിരുന്ന റെയിൽവേ ട്രാക്കിന് അല്പം മാറി നിർത്തിയിട്ടിരുന്ന ബൈക്ക് തിരിച്ചറിഞ്ഞാണ് മരിച്ചത് ഇവരാണെന്ന് സ്ഥിരീകരിച്ചത്. ആത്മഹത്യയ്ക്കു കാരണം വ്യക്തമായിട്ടില്ല.
മിനിതയ്ക്ക് വയറിനുള്ളിൽ മുഴയുള്ളതായും ഇതിന് ചികിത്സ നടന്നിരുന്നതായും പറയപ്പെടുന്നു. ഇതിന്റെ ചികിത്സയ്ക്കായാണ് ഇരുവരും തൃശൂരിലേക്ക് പുറപ്പെട്ടതെന്നാണ് നിഗമനം. ഒറ്റപ്പാലം കണ്ണിയംപുറത്ത് ടയർ റിസോളിംഗ് ജോലിയാണ് മരിച്ച സോമശേഖരന്‍. ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.