എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പിന് കേളി കൊട്ടു ഉയർന്നതോടെ പരമാവധി സീറ്റുകൾ സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി എ ഐ ഗ്രൂപ്പുകൾ. ഉമ്മൻചാണ്ടിയെ മുന്നിൽ നിർത്തി എ ഗ്രൂപ്പും രമേശ് ചെന്നിത്തലയെ മുന്നിൽ നിർത്തി വിശാല ഐ ഗ്രൂപ്പും തങ്ങളുടെ നീക്കങ്ങൾ കൂടുതൽ വേഗത്തിലാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കുകയും വിജയം നേടി എടുത്തു ഗ്രൂപ്പ് മേധാവിത്വം നിലനിർത്താനാണ് ഗ്രൂപ്പു ലീഡർമാരുടേയും ശ്രമം. നിലവിലെ സാഹചര്യത്തിൽ 16 സീറ്റിൽ കോൺഗ്രസ് മത്സരിക്കാനാണ് സാധ്യതി. 9 സീറ്റുകൾ വേണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. ഐ ഗ്രൂപ്പും 9 സീറ്റുകൾ വേണമെന്ന നിലപാടിലാണ്.
മുസ്ലീം ലീഡ് രണ്ടു സീറ്റുകളിലും കേരള കോൺഗ്രസ് ഒരു സീറ്റിലും ആർ എസ്.പി ഒരു സീറ്റിലും മത്സരിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ബാക്കി സീറ്റിൽ കോൺഗ്രസ് മത്സരിക്കുമെന്ന് ഉറപ്പാണ്. എ ഗ്രൂപ്പും ഐ ഗ്രൂപ്പും മത്സര രംഗത്തേയ്ക്ക് സിറ്റിംഗ് എംപിമാരേയും നിലവിലെ എംഎൽഎമാരേയും മത്സരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി,ഹൈബി ഈഡൻ, അടുർ പ്രകാശ്, ഷാഫി പറന്പിൽ തുടങ്ങിയവരാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർഥി പട്ടികയിൽ ഉള്ള കോൺഗ്രസ് എംഎൽഎമാർ. ഉമ്മൻചാണ്ടി മത്സരിക്കാനുള്ള സാധ്യത വിരളമാണ്.
പലക്കാട് മണ്ഡലത്തിൽ ഷാഫി പറന്പിലും എറണാകുളം മണ്ഡലത്തിൽ ഹൈബി ഈഡനും ആറ്റിങ്ങൽ മണ്ഡലത്തിൽ അടൂർ പ്രകാശും സജീവ പരിഗണനയിലുള്ളവരാണ്. കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ഉമ്മൻചാണ്ടി മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്. ഈ ആവശ്യം ഐ ഗ്രൂപ്പും ഉന്നയിക്കുന്നുണ്ട്. ഉമ്മൻചാണ്ടി മത്സരിക്കാനില്ലെന്ന കൃത്യമായ സന്ദേശം നൽകിയിട്ടുണ്ട്. എന്നിട്ടും ഉമ്മചാണ്ടിയെ മത്സരിപ്പിക്കണമെന്ന ആവശ്യം ഐഗ്രൂപ്പിൽ നിന്നും ഉയരുന്നത് എ ഗ്രൂപ്പിനെ അലോസരപ്പെടുത്തുന്നുണ്ട്.
കേരളത്തിൽ നിന്ന് ഉമ്മചാണ്ടിയെ കേന്ദ്രത്തിലേയ്ക്ക് പറിച്ചു നടാനുള്ള നീക്കമായി നീക്കമായി തന്നെ എ ഗ്രൂപ്പ് ഇതിനെ കാണുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി മത്സരിക്കണമെന്ന ആവശ്യം പാർട്ടിയിൽ ഉയരുകയും ചർച്ചയാവുകയും ചെയ്താൽ അതിനെ ശക്തമായി എതിർക്കാൻ തന്നെയാണ് എ ഗ്രൂപ്പിന്റെ തീരുമാനം. ഉമ്മൻചാണ്ടി മത്സരിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ അടുത്ത അനുയായികളായ ടി സിദ്ദിഖും പിസി വിഷണുനാഥും മത്സരിക്കണമെന്ന ആവശ്യം ഗ്രൂപ്പിൽ നിന്ന് ഉയർന്നിട്ടുണ്ട്.
തന്പാനൂർ രവി, ബെന്നി ബെഹന്നാൻ ടി സിദ്ദിഖ് പിസി വിഷ്ണുനാഥ് എ്നനിവരുടെ നേതൃത്വത്തിലാണ് എ ഗ്രൂപ്പ് ലോക്സഭാ തെരഞ്ഞെടുപ്പ് നീക്കങ്ങൾക്ക് കരുക്കൾ നീക്കുന്നത്. ഐ ഗ്രൂപ്പാവട്ടെ ജോസഫ് വാഴയ്ക്കാൻ, അടൂർ പ്രകാശ്, പന്തളം സുധാകരൻ ബിന്ദു കൃഷ്ണ,എം ലിജു എന്നിവരുടെ നേതൃത്വത്തിലാണ് നീക്കങ്ങൾ. വിജയസാധ്യതയുള്ള മണ്ഡലങ്ങൾ കൃത്യമായി കണക്കൂട്ടി തന്നെയാണ് നീക്കങ്ങൾ.
കൃത്യമായ ലിസ്റ്റ് ഉണ്ടാക്കി വിജയസാധ്യതയുള്ള മൂന്നുപേരുടെ പട്ടിക ഹൈക്കമാന്റിന് നൽകാനാണ് ഇരു ഗ്രൂപ്പുകളുടേയും തീരുമാനം. ഇന്നു രാഹുൽ ഗാന്ധി കേരളത്തിൽ എത്തുന്നതോടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് വേഗം കൈവരും. ഇരുഗ്രൂപ്പുകളും ഉടൻ തന്നെ രഹസ്യ യോഗങ്ങൾ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. എ ഗ്രൂപ്പ് കൊച്ചിയിലും ഐ ഗ്രൂപ്പു തിരുവനന്തപുരത്തും യോഗം ചേരുമെന്നാണ് ലഭിക്കുന്ന വിവരം.