നിയാസ് മുസ്തഫ
പിരിയണമെന്ന് പലവട്ടം ആഗ്രഹിച്ചതാണ്. പക്ഷേ പിരിയാനാവുന്നില്ല. മഹാരാഷ്ട്രയിൽ ശിവസേനയുടെ അവസ്ഥ ഇതാണ്. ബിജെപിയുമായി തെരഞ്ഞെടുപ്പ് സഖ്യമില്ലായെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറെ അടക്കമുള്ള നേതാക്കൾ പലതവണ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു. എന്നിട്ടും ബിജെപിയെ കൈവിട്ട് ഒറ്റയ്ക്കു ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടേണ്ടായെന്ന് ഒടുവിൽ ശിവസേനയ്ക്ക് പറയേണ്ടി വന്നിരിക്കുന്നു.
ശിവസേന പച്ചക്കൊടി കാട്ടിയതോടെ ബിജെപി മഹാരാഷ്ട്രയിൽ വലിയ ആത്മവിശ്വാസത്തിലാണ് ഇപ്പോൾ. ശിവസേന തലവൻ ഉദ്ധവ് താക്കറെയുടെ വസതിയിൽ ഇന്നലെ എംപിമാരുടെയും പ്രധാന നേതാക്കളുടെയും യോഗം ചേർന്നിരുന്നു. ബിജെപിയുമായി സഖ്യം വേണോ, വേണ്ടയോ എന്ന തീരുമാനമെടുക്കാനായിരുന്നു യോഗം. പങ്കെടുത്ത ഭൂരിഭാഗം പേരും സഖ്യം വേണമെന്ന നിലപാട് സ്വീകരിച്ചതോടെ ഉദ്ധവ് താക്കറെ അയഞ്ഞു.
ബിജെപിയുമായി സഖ്യമാകാമെന്ന് ശിവസേന വ്യക്തമാക്കിയിരിക്കുന്നു. പക്ഷേ ഇത്തരമൊരു തീരുമാനത്തിലേക്ക് ശിവസേനയെ എത്തിച്ചത് ബിജെപി മുന്നോട്ടുവച്ച 24-24 ഫോർമുലയാണെന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിൽ ആകെയുള്ളത് 48 ലോക്സഭാ സീറ്റുകൾ. 2014ൽ 26 സീറ്റിൽ ബിജെപി മത്സരിച്ചു. 23 സീറ്റിൽ വിജയിച്ചു. 22 സീറ്റിൽ ശിവസേന മത്സരിച്ചു. 18 സീറ്റിൽ വിജയിച്ചു.
ഇത്തവണ 24 സീറ്റുകൾ വീതം പങ്കിട്ടെടുക്കാനാണ് ഇരുവരുടെയും തീരുമാനം. ശിവസേനയുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടാൽ മഹാരാഷ്ട്രയിൽ മികച്ച വിജയം നേടാനാവുമെന്നായിരുന്നു ബിജെപി നടത്തിയ ആഭ്യന്തര സർവേയിൽ തെളിഞ്ഞത്. ഇതാണ് സീറ്റിന്റെ കാര്യത്തിലടക്കം വിട്ടുവീഴ്ചയ്ക്ക് ബിജെപിയെ പ്രേരിപ്പിച്ചത്.
രാമക്ഷേത്ര നിർമാണം ഉൾപ്പെടെയുള്ള വിഷയത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്നോട്ടു പോയതും മഹാരാഷ്ട്രയിൽ ശിവസേനയുടെ വോട്ടുബാങ്കുകളും അണികളെയും ബിജെപി ഹൈജാക്ക് ചെയ്യുന്നുവെന്ന തോന്നലിലുമാണ് ശിവസേന ബിജെപിയുമായി അകന്നത്. മഹാരാഷ്ട്രയിൽ സംസ്ഥാന ഭരണം പങ്കിടുന്പോഴും കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിമർശിക്കുന്നതിൽ അതീവ തൽപ്പരനുമായിരുന്നു ഉദ്ധവ് താക്കറെ.
പ്രതിപക്ഷം പോലും ഉപയോഗിക്കാത്ത മൂർച്ചയേറിയ വാക്കുകൾ ഉപയോഗിച്ചായിരുന്നു ഉദ്ധവ് താക്കറെയുടെ വിമർശനങ്ങൾ വന്നത്. പ്രധാനമന്ത്രിയെ കുംഭ കർണൻ എന്നുവരെ ഉദ്ധവ് വിളിച്ചിരുന്നു. ഇതു കൂടാതെ കോൺഗ്രസിനോട് മൃദു സമീപനം സ്വീകരിക്കുകയും ചെയ്തു. പറഞ്ഞ വാക്കുകളെല്ലാം ഇപ്പോൾ ശിവസേന വിഴുങ്ങുകയാണ്. വേറിട്ട് നിന്നാൽ ഒന്നുമാകാൻ കഴിയില്ലായെന്ന് അവർക്ക് ബോധ്യമായിരിക്കുന്നു.
അതേസമയം ശിവസേനയും ബിജെപിയും തമ്മിലുള്ള വാക്പോരിന് കുറവൊന്നും ഇല്ല. സഖ്യത്തിൽ വല്യേട്ടൻ തങ്ങളാണെന്നാണ് ശിവസേന തലവൻ സഞ്ജയ് റാവത്ത് പറഞ്ഞത്. ഇത് ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ ബിജെപി മോശം അവസ്ഥയിൽ അല്ലെന്ന് ശിവസേന മനസിലാക്കണമെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് മറുപടി നൽകിയിരിക്കുന്നത്.
അതേസമയം, മഹാരാഷ്ട്രയിൽ എൻസിപി-കോൺഗ്രസ് സഖ്യം ശക്തമായ നിലയിലാണെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും ശിവസേനയും ബിജെപിയും ഒന്നിച്ച് സ്ഥിതിക്ക് എൻസിപി-കോൺഗ്രസ് സഖ്യത്തിന് കൂടുതൽ അധ്വാനിക്കേണ്ടി വരും. 2014ൽ എൻസിപിക്ക് നാലു സീറ്റും കോൺഗ്രസിനു രണ്ടു സീറ്റു മാണ് മഹാരാഷ്ട്രയിൽ നേടാനായത്.