കോഴിക്കോട്: ചെറുവണ്ണൂര്‍ സെയില്‍ എസ് സി എല്‍ കേരള ലിമിറ്റഡ്(ചെറുവണ്ണൂര്‍ സ്റ്റീല്‍ കേംപ്ലക്സ്) അടച്ചുപൂട്ടല്‍ ഭീഷണിയില്‍ . നഷ്ടത്തിലായ കമ്പിനിയെ കരകയറ്റുന്നതിനായി പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ക്ക് ഇവിടെ ഉല്പാദിപ്പിക്കുന്ന വാര്‍ക്ക കമ്പികള്‍ വാങ്ങുമെന്ന് സര്‍ക്കാര്‍ 2018ല്‍ ഉത്തരവിറക്കിയിരുന്നു.
കഴിഞ്ഞ ജൂണില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചതല്ലാതെ ഒരു നടപടിയും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല. കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക സഹായവും പാസാക്കാന്‍ നടപടിയാകാത്തതോടെ കമ്പിനി അടച്ചുപൂട്ടുമെന്ന കടുത്ത ആശങ്കയിലാണ് തൊഴിലാളികള്‍. 2017 മുതല്‍ സ്റ്റീല്‍ കോംപ്ലക്സിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കേണ്ടെന്ന നിലപാടിലാണ് സെയില്‍.
ഇതോടെ സെയില്‍- എസ് സി എല്‍ സംയുക്ത സംരംഭം തന്നെ ഇല്ലാതാവുമെന്ന ആശങ്കകളാണ് ഉയരുന്നത്. വ്യവസായ വകുപ്പും പൊതുമരാമത്തും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള വടംവലിയുടെ ഇടയില്‍ കിടന്ന് ശ്വാസം മുട്ടുകയാണ് 65 ലധികം സ്ഥിരം തൊഴിലാളികളും മറ്റു താല്കാലിക തൊഴിലാളികളും. കമ്പിനിയോടുള്ള കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അവഗണനകള്‍ക്കെതിരെ ഐ എന്‍ ടി യു സി ഉള്‍പ്പെടെ പ്രതിഷേധ സമരങ്ങളും ആരംഭിച്ചിട്ടുണ്ട്.
1917-ലാണ് കമ്പനി സ്ഥാപിതമായത്. ടിഎംടി കമ്പി നിര്‍മാണത്തിന് ഉപയോഗിക്കുന്ന ബില്ലറ്റ് മാത്രമായിരുന്നു അന്ന് കമ്പിനിയിലെ ഏക ഉത്പന്നം. കമ്പി ഉത്പാദനത്തിന് കൂടുല്‍ സൗകര്യമില്ലാതായതോടെ പ്രതിസന്ധി നേരിട്ടപ്പോള്‍ സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യ(സെയില്‍) കമ്പിനിക്ക് സഹായവുമായി രംഗത്ത് എത്തുകയായിരുന്നു. സര്‍ക്കാര്‍ അനുമതിയോടെ കമ്പനിയില്‍ 50ശതമാനം പങ്കാളിത്വത്തിനുള്ള അനുമതിയും സെയില്‍ അന്ന് സ്വന്തമാക്കിയിരുന്നു.
ബില്ലറ്റിന്റെ ഉത്പാദന ചെലവ് വര്‍ധിച്ചതോടെ കമ്പനി പ്രതിസന്ധി നേരിടുകയും 2015ല്‍ 30 കോടി കടമെടുത്ത് വാര്‍ക്ക കമ്പി നിര്‍മാണത്തിനുള്ള റോളിംങ് മില്‍ സ്ഥാപിക്കുകയുമായിരുന്നു. കണ്വെര്ഷന് ചാര്‍ജ് എന്ന പേരില്‍ ഒരു ടണ്ണിന് നിശ്ചിത തുക സെയിലുകാര് സ്റ്റീല്‍ കോംപ്ലക്സിന് നല്‍കണമെന്ന ധാരണയും മുന്നോട്ടു വച്ചിരുന്നു. ഈ തുക വര്‍ധിക്കണമെന്ന ആവശ്യമുയര്‍ന്നതോടെ കമ്പനിയില്‍ വീണ്ടും തര്‍ക്കങ്ങളുയര്‍ന്നു.