അടുത്തിടെ ട്രോളന്മാരുടെ ആക്രമണത്തിന് വിധേയയായ വ്യക്തിയാണ് അന്തരിച്ച നടന് സുകുമാരന്റെ ഭാര്യയും പൃഥിരാജ്, ഇന്ദ്രജിത്ത് എന്നിവരുടെ അമ്മയുമായ മല്ലിക സുകുമാരന്‍. സെലിബ്രിറ്റികളുടെ വാഹനങ്ങളെ സംബന്ധിച്ച് ഒരു ചാനല്‍ നടത്തിയ അഭിമുഖത്തില്‍ വീട്ടിലേയ്ക്കുള്ള വഴി മോശമായതിനാല്‍ പൃഥിരാജിന്റെ നാല് കോടിയുടെ ലംബോര്‍ഗിനി തിരുവനന്തപുരത്തെ വീട്ടില്‍ കൊണ്ടുവരാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല എന്ന് മല്ലിക പറഞ്ഞതാണ് ട്രോളന്മാരെ രസിപ്പിച്ചത്.
മല്ലികയുടെ നിഷ്കളങ്കമായ മറുപടിയെ വളച്ചൊടിച്ച് ട്രോളാക്കിയവര്‍ക്ക് മറുപടിയുമായി മല്ലികയുടെയും മക്കളുടെയും അടുപ്പക്കാരില്‍ പലരും രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ, മല്ലികയുടെ ആ വലിയ ആഗ്രഹം സാധ്യമായിരിക്കുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ ഒടുവില്‍ ലംബോര്‍ഗിനി എത്തിയിരിക്കുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമവുമായാണ് മല്ലിക ഈ സന്തോഷവാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. മല്ലികയുടെ വാക്കുകളിങ്ങനെ…
തിരുവനന്തപുരം കുണ്ടമണ്‍ഭാഗം എന്ന സ്ഥലത്താണ് എന്റെ വീട്. പ്രധാന റോഡില്‍ നിന്നും ഒരു ചെറിയ ഇടവഴിയിലൂടെ വേണം പത്തുപതിനാല് വീടുകളുള്ള കോളനിയിലേക്കെത്താന്‍. കഷ്ടിച്ച് ഒരു വാഹനത്തിനു കടന്നുപോകാം. വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമില്ല. സമീപം ഒരു തോട് ഒഴുകുന്നുണ്ട്. കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് ഇവിടെ വെള്ളം കയറിയതില്‍ ഈ റോഡിനും പങ്കുണ്ട്.
ആറു വര്‍ഷം മുന്‍പാണ്, തിരുവനന്തപുരം കോര്പറേഷന് പരിധിയില്‍ നികുതി അടച്ച് ജീവിക്കുന്ന ഒരു പൗര എന്ന നിലയില്‍, വീട്ടിലേക്കുള്ള വഴി നന്നാക്കിത്തരണമെന്നു ആവശ്യപ്പെട്ടു ഞാന്‍ നിവേദനം നല്‍കുന്നത്. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും ശുപാര്‍ശ ഇല്ലാതെ, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരെ നേരിട്ടുകണ്ടാണ് നിവേദനം നല്‍കിയത്. പക്ഷേ പല സാങ്കേതിക പ്രശ്നങ്ങള്‍ പറഞ്ഞു ആ നിവേദനം ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്നു.
പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷമാണ് പൃഥ്വിരാജ് ലംബോര്‍ഗിനി കാര്‍ എടുക്കുന്നത്. ആ സമയത്ത് വാഹനസംബന്ധമായ ഒരു ചാനല്‍ പരിപാടിയില്‍, മക്കളുടെ വലിയ വാഹനങ്ങള്‍ വീട്ടിലേക്ക് എത്താനുള്ള ബുദ്ധിമുട്ടിന് ഇപ്പോഴും പരിഹാരമില്ല എന്ന വിഷമം ഞാന്‍ തുറന്നു പറഞ്ഞു. അതാണ് സമൂഹമാധ്യമങ്ങള്‍ എടുത്തു ട്രോളാക്കി മാറ്റിയത്. നിങ്ങള്‍ ഒന്ന് ആലോചിച്ചു നോക്കൂ.
മൂന്ന് കോടിയോളം രൂപ വിലയുള്ള ലംബോര്‍ഗിനി കാര്‍ വാങ്ങിച്ചപ്പോള്‍ ഏതാണ്ട് 49 ലക്ഷം രൂപയാണ് പൃഥ്വി നികുതി അടച്ചത്. അല്ലാതെ പോണ്ടിച്ചേരിയില്‍ പോയി ടാക്സ് വെട്ടിക്കുകയല്ല ചെയ്തത്. നമ്മുടെ വാഹനം നിരത്തിലൂടെ ഓടുന്നതിന് സര്‍ക്കാരിന് കൊടുക്കുന്ന ടാക്സാണ് റോഡ് ടാക്സ്. അതുപോലെ കോര്പ്പറേഷന് നിഷ്കര്‍ഷിക്കുന്ന നികുതി നല്‍കിയാണ് നമ്മള് വീട് വച്ചതും താമസിക്കുന്നതും. ഈ നികുതികള്‍ എല്ലാം അടയ്ക്കുന്ന നമുക്ക്, നല്ല റോഡ് സൗകര്യം നല്‍കുക എന്നത് ബന്ധപ്പെട്ട അധികാരികളുടെ കടമയല്ലേ?…
ട്രോളുകള്‍ വന്ന സമയത്ത് ഒരുപാട് അധികാരികള്‍ എന്നെ വിളിച്ചു പിന്തുണ അറിയിച്ചിരുന്നു. അങ്ങനെയാണ് പൊടിപിടിച്ചു കിടന്ന ഫയലുകള്‍ക്ക് വീണ്ടും അനക്കം വയ്ക്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പ്രധാന റോഡില്‍ നിന്നും വീടിനു മുന്നിലൂടെയുള്ള വഴി വീതികൂട്ടി ടാര്‍ ചെയ്തു, വീട്ടിലേക്കുള്ള അല്പം പൊക്കത്തിലുള്ള വശം ഇന്റര്‍ലോക് വിരിച്ചു ഭംഗിയാക്കി. വെള്ളം ഒഴുകിപ്പോകാന്‍ ഓട പണിതു. സ്ലാബ് ഇട്ടു.
ഏറ്റവും സന്തോഷം, കഴിഞ്ഞ ദിവസം പൃഥ്വിരാജ് ലംബോര്‍ഗിനിയുമായെത്തി. വന്നതും പോയതും ഒന്നും ആരും അറിഞ്ഞില്ല! എന്നേക്കാള്‍ സന്തോഷം അവനാണ് എന്നുതോന്നുന്നു. പിന്നാലെ വലിയ വാഹനവുമായി ഇന്ദ്രനും കുടുംബവുമെത്തി. അങ്ങനെ എന്റെ വീട്ടില്‍ വീണ്ടും ഒത്തുചേരലിന്റെ സന്തോഷം ഉണ്ടായി. ആരോഗ്യപരമായ ട്രോളുകളോട് എനിക്ക് നന്ദിയുണ്ട്.
ഇപ്പോള്‍ ഈ വിഷയം തന്നെ അധികാരികളുടെ ശ്രദ്ധയില്‍ പെടാന്‍ കാരണം സമൂഹമാധ്യമങ്ങളിലൂടെ വന്ന ട്രോളുകളാണ്. ഒരുപാട് പേരിലേക്ക് ആ വിഷയം ചര്‍ച്ചയായി കടന്നെത്തി. ഇപ്പോള്‍ പൃഥ്വിരാജിന്റെ ഇംഗ്ലിഷ് പ്രയോഗത്തെ സംബന്ധിച്ച ചില ട്രോളുകള്‍ കണ്ടു. അതൊക്കെ പൊതുവെ നിര്‍ദോഷകരമായ ചിരി ഉണര്‍ത്തുന്നവയാണ്. പക്ഷേ, ചിരി കടന്നു വ്യക്തിഹത്യ എന്ന നിലയിലേക്ക് ട്രോളുകള്‍ മാറുന്നതിനോട് എനിക്ക് എപ്പോഴും വിയോജിപ്പുണ്ട്. മല്ലിക പറയുന്നു.