പയ്യന്നൂര്‍: നാവിക അക്കാഡമിയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് രണ്ടുമാസത്തെ കൂലിയും മറ്റ് ആനുകൂല്യങ്ങളും കൊടുക്കാതെ കരാർ കമ്പനി മുങ്ങി. ഒരു കോടിയിലേറെ രൂപ നല്‍കാതെയാണ് കാലാവധി കഴിഞ്ഞതോടെ കരാര്‍ കമ്പനിയായ ബിവിജി സ്ഥലം വിട്ടത്. മുന്നൂറോളം തൊഴിലാളികളാണ് കൂലി കിട്ടാതെ പെരുവഴിയിലായത്.
നവംബര്‍,ഡിസംബര്‍ മാസങ്ങളിലെ കൂലിയും നാലുമാസത്തെ ബോണസും കഴിഞ്ഞ ഏപ്രില്‍ മുതലുള്ള ഡിഎയും ഉള്‍പ്പെടെ ഒരു കോടിയിലേറെ രൂപയാണ് തൊഴിലാളികള്‍ക്ക് നല്‍കാനുള്ളതെന്ന് യൂണിയന് നേതൃത്വം പറയുന്നു.ഇക്കാര്യം പരിഹരിക്കുന്നതിനായി യൂണിയന് ഭാരവാഹികള്‍ പലതവണ കരാർ കമ്പനിയുമായി ബന്ധപ്പെടുകയും നോട്ടീസ് നൽകുകയും ചെയ്തെങ്കിലും നേവിയുമായുള്ള ചില സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇവര്‍ മാസങ്ങളോളം തള്ളിനീക്കുകയായിരുന്നു.
ബിവിജി കമ്പനിക്ക് പകരമായി ജിഫോര്‍എസ് എന്ന കമ്പനിയാണ് ഇപ്പോള്‍ പ്രസ്തുത ജോലി ഏറ്റെടുത്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് പ്രിന്‍സിപ്പൽ എംപ്ലോയറായ നാവിക അക്കഡമി അധികൃതര്‍ ഇടപെട്ട് തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സതേണ്‍ നേവല്‍ കമാൻഡ് കോണ്‍ട്രാക്ടേഴ്സ് യൂണിയന് (സിഐടിയു) ഏഴിമല മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൂചനാ പണിമുടക്ക് നടത്തി.
പണിമുടക്കിയ തൊഴിലാളികള്‍ രാമന്തളി സെന്‍ട്രല്‍ കേന്ദ്രീകരിച്ച് അക്കാഡമി പയ്യന്നൂര്‍ ഗേറ്റിലേക്ക് പ്രകടനം നടത്തി. പൊതുയോഗം സിഐടിയു ജില്ലാ സെക്രട്ടറി പി.വി. കുഞ്ഞപ്പന് ഉദ്ഘാടനം ചെയ്തു. ടി. ഗോവിന്ദന് അധ്യക്ഷനായി. കെ. രാഘവന്, കെ.പി.വി. രാഘവന്, പി.വി. വിജയന്, പി.വി. സുജാത പി.വി. രാഘവന് എന്നിവര്‍ സംസാരിച്ചു.