അന്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്ട്രെച്ചറുകൾ എത്തി. 35 സ്ട്രെച്ചറുകളാണ് ആരോഗ്യ വകുപ്പ് എത്തിച്ചത്. ഇനി ആശുപത്രിയിൽ എത്തുന്ന രോഗികളെ അത്യാഹിത വിഭാഗങ്ങളിലും വാർഡുകളിലും തീവ്ര പരിചരണ വിഭാഗങ്ങളിലും സുഗമമായി എത്തിക്കാൻ സാധിക്കും. ആശുപത്രിയിൽ നിലനിന്ന ദീർഘനാളായുള്ള പ്രശ്നത്തിനാണ് ഇതോടെ പരിഹാരണായത്.
വർഷങ്ങളോളം കാലപ്പഴക്കം ചെന്ന സ്ട്രെച്ചറുകളും ട്രോളികളുമാണ് ഇവിടെ ഉണ്ടായിരുന്നത്. ട്രോളിയുടേയും സ്ട്രെച്ചറിന്റെയും കുറവ് മൂലം രണ്ട് ട്രോളിയും ഒരു വീൽ ചെയറുമാത്രമാണ് അത്യാഹിത വിഭാഗത്തിന് മുന്നിൽ ഉണ്ടായിരുന്നത്.
പലപ്പോഴും രണ്ടിൽ അധികം അപകടങ്ങളിൽപെട്ടവരെ മറ്റ് വാഹനങ്ങളിലാണ് എത്തിക്കുന്നതെങ്കിൽ പിന്നീട് എത്തുന്ന രോഗിയെ എത്തിക്കാൻ മൂന്നാമത് ഒരു ട്രോളി ഇല്ലാത്തത് പലപ്പോഴും സംഘർഷത്തിന് ഇടവരുത്തിയിട്ടുണ്ട് . എല്ലാ 108 ആ ബുലൻസുകളിലും സ്ട്രെച്ചർ സംവിധാനം ഉണ്ടങ്കിലും പല സ്വകാര്യ ആംബുലൻസിലും സ്ട്രെച്ചർ സംവിധാനം ഇല്ല.
ഇതേ തുടർന്ന് അത്യാഹിത കവാടത്തിന് സമീപത്ത് സൂക്ഷിച്ചിരിക്കുന്ന ട്രോളി ഇല്ലങ്കിൽ രോഗികളെ അത്യാഹിത വിഭാഗങ്ങളിൽ എത്തിക്കാൻ വളരെ താമസം നേരിടുന്ന അവസ്ഥയാണ്. ഈ വിവരം ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ നിരന്തരം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് ഇന്നലെ ഉച്ചയോടെ നാൽപ്പതിനായിരം രൂപ വിലയുള്ള 35 സ്ട്രെച്ചറുകൾ അടിയന്തിരമായി ആശുപത്രിയിൽ എത്തിച്ചത്.
അത്യാസന്ന നിലയിൽ എത്തുന്ന രോഗികൾക്ക് ഓക്സിജൻ സിലണ്ടർ, ട്രിപ്പ് കൊടുക്കാനുള്ള സൗകര്യം ഏത് വശത്തേക്കും മാറ്റുവാനുള്ള സൗകര്യം, മുകളിലേക്കും താഴേക്കും ബട്ടൻ അമർത്തി താഴ്ത്താനും, പൊക്കാനുമുള്ള സൗകര്യം ഉൾപ്പടെ നിരവധി സംവിധാനങ്ങളാണ് ഈ സ്ട്രെച്ചറുകളുടെ പ്രത്യേകത. കൂടാതെ ട്രോളിയിൽ നിന്നും പരിശോധനകൾക്കായി ടേബിളിലേക്ക് മാറ്റേണ്ട ആവശ്യവുമില്ല.
ഈ സ്ട്രെച്ചറുകളിൽ വെച്ചു തന്നെ ഡോക്ടർമാർക്ക് രോഗികളെ പരിശോധിക്കുകയും ചെയ്യാം. ഒരു ചലനവും കൂടാതെ രോഗികളെ തിയറ്ററുകളിലേക്കോ തീവ്ര പരിചരണ വിഭാഗങ്ങളിലേക്കോ എത്തിക്കാനുമാകും.10 സ്ട്രെച്ചറുകൾ രണ്ട് അത്യാഹിത വിഭാഗങ്ങളിലും, 25 എണ്ണം വാർഡുകളിലേക്കുമാണ് നൽകിയിരിക്കുന്നത്. പുതിയ സ്ട്രെച്ചറുകൾ എത്തിയത് ജീവനക്കാർക്കും ഏറെ ആശ്വാസകരമാണ്.