ഗാന്ധിനഗർ: വില കൂടിയ മരുന്നു നല്കാതെ രോഗികളെ ദ്രോഹിക്കുകയാണെന്ന് പരാതി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നാണ് ഇത്തരം പരാതികൾ ഉയരുന്നത്. അഡ്മിറ്റായ രോഗികൾക്ക് വിവിധ പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സാ പദ്ധതി പ്രകാരം വില കൂടിയ മരുന്നുകൾ ആശുപത്രി മെഡിക്കൽ സ്റ്റോറുകളിൽ ഉണ്ടായിട്ടും നൽകുന്നില്ലെന്നാണ് പരാതി.
ആരോഗ്യ ഇൻഷുറൻസ്, കാരുണ്യ പദ്ധതി തുടങ്ങി പൂർണമായും സൗജന്യ ചികിത്സ ലഭിക്കുന്ന രോഗികൾക്കാണ് വില കൂടിയ മരുന്നുകൾ നൽകുവാൻ മെഡിക്കൽ ഷോപ്പ് അധികൃതർ തയ്യാറാകാത്തത്. കഴിഞ്ഞ ദിവസം ഹൃദയ ശസ്ത്രക്രിയക്ക് വിധേയയായ ഒരു യുവതിക്ക് കുത്തിവയ്പിനുള്ള മരുന്നിന് ഡോക്ടർ നിർദ്ദേശിച്ചു.
സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ 4000 രൂപ വിലയുള്ള ഈ മരുന്നിന് സർക്കാർ സ്ഥാപനമായ കാരുണ്യ ഫാർമസിയിൽ 2500 രൂപയാണ് വില. ഇവിടെ മരുന്ന് ഉണ്ടെന്ന് ചോദിച്ച് മനസിലാക്കിയ യുവതിയുടെ ഭർത്താവ് കാരുണ്യ പദ്ധതി പ്രകാരം മരുന്ന് സൗജന്യമായി വാങ്ങുവാൻ എത്തിയപ്പോൾ മരുന്നില്ലെന്നായിരുന്നു ഫാർമസി ജീവനക്കാരുടെ മറുപടി.
എന്നാൽ 10 മിനിറ്റ് മുൻപ് ഇവിടെ വന്ന് അന്വേഷിച്ചപ്പോൾ മരുന്ന് ഉണ്ടെന്നു പറഞ്ഞല്ലോ എന്നു ചോദിച്ചപ്പോൾ ഉടൻ മരുന്ന് നൽകുകയും ചെയ്തു. മരുന്ന് ഉണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷമായതുകൊണ്ടാണ് മരുന്ന് നൽകുവാൻ തയാറായത്. അതല്ലെങ്കിൽ വില കൂടിയ മരുന്നു നല്കുകയില്ല. ഇതാണ് ഇവരുടെ രീതിയെന്നാണ് പരക്കെ ആക്ഷേപം.
നിർധനരായ പല രോഗികൾക്കു സൗജന്യമായി ലഭിക്കേണ്ട മരുന്നുകൾ ബന്ധപ്പെട്ടവർ നൽകുന്നില്ല. എന്നാൽ പണം കൊടുത്തു വാങ്ങുവാനാണെങ്കിൽ എല്ലാ വിധ മരുന്നുകളും കാരുണ്യ ഫാർമസിയിലും ആശുപത്രി വക മെഡിക്കൽ സ്റ്റോറിലും ലഭ്യമാണ്. മെഡിക്കൽ സ്റ്റോർ അധികൃതരുടെ ഇത്തരം നടപടികൾക്കെതിരെ അന്വേഷണം നടത്തണമെന്നാണ് രോഗികളുടേയും അവരുടെ ബന്ധുക്കളുടേയും ആവശ്യം.