ആലപ്പുഴയില്‍ വിജയ് സേതുപതിയുടെ ഷൂട്ടിംഗ് കാണാനെത്തി താരത്തിന്റെ കൈയില്‍ നിന്നും ചികിത്സയ്ക്ക് പണംവാങ്ങിയ വൃദ്ധയെക്കുറിച്ചുള്ള വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വിജയ് സേതുപതി സ്നേഹപൂര്‍വം നല്കിയ പണംവാങ്ങിയ ആ സ്ത്രീയുടെ പേര് അച്ചാമ്മ എന്നാണ്. എന്നാല്‍ പണംവാങ്ങി മണിക്കൂറിനുള്ളില്‍ ആ ലൊക്കേഷനില്‍ വച്ച് തന്നെ അവര്‍ ജീവന് വെടിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു കുറിപ്പിലൂടെ മാത്യു ചിങ്ങവനമാണ് അച്ചാമ്മയുടെ ആരും അറിയാത്ത കഥ പറഞ്ഞത്.
അച്ചാമ്മ
…………………
തലയില്‍ മുഴുവന്‍ സിനിമയും പാട്ടുമായി ചങ്ങനാശ്ശേരി പട്ടണത്തിലെ നിറസാന്നിധ്യമായിരുന്ന അച്ചാമ്മ വിടവാങ്ങി. കാവാലം സ്വദേശിയായിരുന്ന അച്ചാമ്മ രാവിലെ 7 മണിക്കു മുമ്പുതന്നെ ചങ്ങനാശ്ശേരി ഗടഞഠഇ കാന്റീനില്‍ ഹാജരായിട്ടുണ്ടാവും. അല്‍പ്പം മാനസിക പ്രശ്നമുണ്ടായിരുന്നെങ്കിലും അച്ചാമ്മ ഒന്നു രണ്ടു സിനിമകളില്‍ തല കാണിച്ചിട്ടുണ്ട്. കാന്റീനില്‍ പാട്ടുവയ്ക്കുമ്പോള്‍ മേശയില്‍ താളംപിടിച്ചു കൂടെപ്പാടുന്ന അച്ചാമ്മ കാന്റീനില്‍ വരുന്നവര്‍ക്കെല്ലാം കൗതുക്കാഴ്ച്ചയായിരുന്നു.ഒട്ടുമുക്കാലും സിനിമാസംവിധായകരുടേയും ഫോണ്‍നമ്പര്‍ അച്ചാമ്മയുടെ കൈയിലുണ്ട്.
വിനയനുമായിട്ടായിരുന്നു കൂടുതലടുപ്പം. കാന്റീനിലിരുന്ന് വിനയനെ വിളിച്ചു സംസാരിക്കുന്നതു കേള്‍ക്കാന്‍ രസമാണ്. ഞാന്‍ ”അച്ചാമ്മ”എന്ന പേരില്‍തന്നെ ഇവരെ കഥാപാത്രമാക്കി ഒരു ചെറുകഥയെഴുതിയിട്ടുണ്ട്. ചങ്ങനാശ്ശേരിയില്‍ ഒരിക്കല്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ അച്ചാമ്മ ഫാന്‍സ് അസോസിയേഷന് രുപീകരിച്ച് അച്ചാമ്മയുടെ പടവുമായി വലിയ ഫ്ലക്സ്ബോര്‍ഡു വച്ചിരുന്നു.
സിനിമ ഏറെ ഇഷ്ടപ്പെട്ടിരുന്ന അച്ചാമ്മയുടെ അന്ത്യവും സിനിമാഷൂട്ടിംങ്ങ് ലൊക്കേഷനിലായി. കാവാലത്ത് വിജയ് സേതുപതി നായകനായ സിനിമയുടെ ഷൂട്ടിംങ്ങ് കണ്ടുകൊണ്ടുനില്ക്കുമ്പോള് കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. മരണത്തിനു തലേദിവസം വിജയ് സേതുപതി അച്ചാമ്മയ്ക്ക് സാമ്പത്തികസഹായം നല്‍കിയിരുന്നു.