എം.സുരേഷ്ബാബു.
തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ പ്രതിയെ അന്വേഷിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ സംഭവത്തിൽ എസ്പി. ചൈത്ര തെരേസ ജോണിനെതിരേ സർക്കാർ തലത്തിൽ നടപടി ഉണ്ടായേക്കും.
വകുപ്പ് തലത്തിൽ നടപടിയെടുക്കാൻ നിയമപരമായി സാധിക്കാത്ത സാഹചര്യത്തിൽ ചൈത്രയെ അപ്രധാന തസ്തികയിലേക്ക് സ്ഥലം മാറ്റുന്നതിനെക്കുറിച്ചുള്ള ആലോചനകൾ നടക്കുകയാണ്.
വനിതാ സെല്ലിന്റെ ചുമതലയ്ക്ക് പുറമെ വനിതാ ബറ്റാലിയന്റെ അധിക ചുമതലയുമാണ് ഇപ്പോൾ എസ്പി ചൈത്ര വഹിക്കുന്നത്. ചൈത്ര തെരേസ ജോണിന് ക്രമസമാധാനചുമതല നൽകരുതെന്ന് പാർട്ടിയുടെ ഉന്നത തലത്തിലെ തീരുമാനം സർക്കാരിനെ പാർട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്. ചൈത്രക്ക്്് ഇപ്പോൾ ലഭിക്കുന്ന സൗകര്യങ്ങൾ കുറയ്ക്കുകയും അപ്രധാനമായ തസ്തികയിൽ രണ്ടാം സ്ഥാനം മാത്രം നൽകി ഒതുക്കാനുമാണ് ആലോചനകൾ നടക്കുന്നത്.
ചൈത്ര തെരേസ ജോണിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാൻ നിയമപരമായി സർക്കാരിന് സാധിക്കില്ല. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശാനുസരണം ഡിജിപി ലോക്നാഥ് ബെഹ്റ എസ്പിക്കെതിരേ വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എഡിജിപി മനോജ് എബ്രഹാം നടത്തിയ അന്വേഷണത്തിൽ ചൈത്ര ജില്ലാ കമ്മിറ്റി ഓഫീസിൽ പരിശോധന നടത്തിയത് നിയമപരമായിട്ടായിരുന്നുവെന്നും വീഴ്ച പറ്റിയിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.
പരിശോധനയുടെ വിശദവിവരങ്ങൾ സെർച്ച് മെമ്മോറാണ്ടം വഴിയും റിപ്പോർട്ട് മുഖേനയും കോടതിയിൽ സമർപ്പിച്ചിരുന്നു. വിശ്വാസയോഗ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയെ പിടികൂടാൻ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ പരിശോധനയ്ക്കെത്തിയത് എന്നായിരുന്നു ചൈത്ര എഡിജിപി മനോജ് എബ്രഹാമിന് നൽകിയ വിശദീകരണം.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒൗദ്യോഗിക കൃത്യനിർവഹണത്തിൽ ചൈത്രക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും പരിശോധന നിയമപരമായിട്ടായിരുന്നുവെന്നും കാട്ടി എഡിജിപി മനോജ് എബ്രഹാം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എസ്പിക്കെതിരേ വകുപ്പ്തല നടപടിക്ക് എഡിജിപിയുടെ ശിപാർശയുമില്ലായിരുന്നു.
എഡിജിപിയുടെ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്നലെ സർക്കാരിന് സമർപ്പിച്ചിരുന്നു. ഡിജിപിയുടെ റിപ്പോർട്ടിലും ചൈത്രക്കെതിരേ നടപടിക്ക് ശിപാർശ ചെയ്തിരുന്നില്ല. അതേ സമയം പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ പരിശോധന നടത്തിയ എസ്പിയുടെ നടപടിയെ മുഖ്യമന്ത്രിയും പാർട്ടി സംസ്്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രൂക്ഷമായി വിമർശിച്ചിരുന്നു.
പാർട്ടിയുടെ ജില്ലാ സംസ്ഥാന നേതാക്കൾ പാർട്ടി ഓഫീസിലെ പോലീസ് നടപടി പാർട്ടിയെ മോശമാക്കാനും പൊതുജനമധ്യത്തിൽ അപമാനിക്കാനും ഇടയാക്കിയെന്ന നിലപാടിലാണ്. ഇക്കാരണത്താൽ എസ്പിക്കെതിരേ നടപടിയെടുക്കണമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്. ഇടതുപക്ഷ മുന്നണി അധികാരത്തിൽ ഇരിക്കവെ പാർട്ടി ഓഫീസിൽ പോലീസ് പരിശോധന നടത്തിയത് തങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം.
സിപിഎമ്മിന്റെ മുഖ്യമന്ത്രി സംസ്ഥാനം ഭരിച്ച ഒരു കാലഘട്ടത്തിലും പാർട്ടി ഓഫീസിൽ പോലീസ് പരിശോധന നടത്തിയിട്ടില്ലെന്നും ഇപ്പോഴത്തെ സംഭവം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം. എസ്പിക്കെതിരെ ഏത് വിധേനയും നടപടിയെടുത്ത് പോലീസ് സേനയിലുള്ളവർക്ക് പാഠം പഠിപ്പിക്കണമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്.
അതേസമയം എസ്പി തന്റെ ഡ്യൂട്ടി നിയമാനുസരണം ചെയ്യുകയായിരുന്നുവെന്നും എസ്പിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരേ ഐപിഎസ് അസോസിയേഷനും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.