തൃശൂർ: പാർലമെന്റ് മണ്ഡലത്തിൽ 7.5 കോടിയുടെ പദ്ധതിക്കു കൂടി ഭരണാനുമതി ലഭിച്ചെന്ന് സി.എൻ. ജയേദേവൻ എംപി പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതുവരെ 14.16 കോടി രൂപയുടെ പ്രവർത്തികൾ പൂർത്തിയായി. ഭരണാനുമതി ലഭിച്ച 10 കോടിയോളം രൂപയുടെ വിവിധ പദ്ധതികളുടെ നിർവഹണ നടപടികൾ പുരോഗമിക്കുന്നു. 33.46 കോടി രൂപ ചെലവ് വരുന്ന 496 പദ്ധതികളാണ് മണ്ഡലത്തിൽ നടപ്പിലാക്കാനായി അഞ്ച് വർഷത്തിനിടെ സമർപ്പിച്ചത്.
ഇതിൽ 406 പദ്ധതികൾക്കാണ് അനുമതിയായത്. 334 പദ്ധതികൾ പൂർത്തീകരിച്ചു. 72 പദ്ധതികളുടെ നിർമാണ നടപടികളാണ് പുരോഗമിക്കുന്നത്. കേന്ദ്ര പദ്ധതിയായ ആദർശ് ഗ്രാമിനു പ്രത്യേക ഫണ്ടുകൾ ഇല്ലെങ്കിലും മണ്ഡലത്തിൽ മൂന്ന് പഞ്ചായത്തുകളെ ദത്തെടുക്കാനായിട്ടുണ്ട്. നാട്ടിക മണ്ഡലത്തിലെ താന്ന്യം, ഒല്ലൂരിലെ പുത്തൂർ എന്നിവയാണ് നേരത്തെ ദത്തെടുത്തത്.
ഇരിങ്ങാലക്കുട മണ്ഡലത്തിലെ കാറളം പഞ്ചായത്തിനെ ദത്തെടുക്കാനുള്ള നടപടി അവസാനഘട്ടത്തിലാണ്. ഇവിടങ്ങളിലെ വികസനത്തിനു മേൽനോട്ടം വഹിക്കുന്നതിനും ആവശ്യമായ സഹായങ്ങൾ നൽകുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.50 ലക്ഷം രൂപ അനുവദിച്ച പൂങ്കുന്നം റെയിൽവെ സ്റ്റേഷൻ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രാമവർമപുരത്ത് സ്ഥാപിതമായ വിജ്ഞാൻ സാഗറിൽ 50 ലക്ഷം രൂപ വിനിയോഗിച്ചുള്ള മൾട്ടി പ്ലസ് തിയറ്ററിന്റെ നിർമാണം അവസാനഘട്ടത്തിലാണ്.
ശ്രീകേരളവർമ കോളജിൽ 20 ലക്ഷം രൂപ ചെലവിട്ടാണു സെമിനാർ ഹാൾ നിർമിച്ചുനൽകിയത്. ഏറെകാലത്തെ മുറവിളികൾക്കൊടുവിൽ പുതുക്കാട് മണ്ഡലത്തിലെ എലിക്കോട് ആദിവാസി കോളനിയിലെ റോഡ് സഞ്ചാരയോഗ്യമാക്കാൻ 22 ലക്ഷം രൂപയുടെ എംപി ഫണ്ട് വിനിയോഗിക്കാനായി. 28 ലക്ഷം വിനിയോഗിച്ച് പിള്ളത്തോട് ചെക്ക് ഡാം നിർമാണത്തിലാണ്.
വിദ്യാഭ്യാസ മേഖലയിൽ ഉൗന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് പ്രാരംഭഘട്ടത്തിലുണ്ടായത്. അവസാനമായി കഴിഞ്ഞ നവംബറിൽ നടന്ന അവലോകനത്തിലെ കണക്കുകളനുസരിച്ച് 1.33 കോടി രൂപ വിവിധ സ്കൂളുകളിലെ കംപ്യൂട്ടറുകൾക്കായി മാത്രം ചെലവിട്ടു.
വിവിധ സ്കൂൾ/കോളജുകളിൽ സ്മാർട്ട് ക്ലാസ് റൂമുകൾ, സെമിനാർ ഹാളുകൾ, ഡൈനിംഗ് ഹാൾ, ശുദ്ധജല വിതരണം, സ്കൂൾ ബസുകൾ, കംപ്യൂട്ടർ ലാബുകൾ, ഡിജിറ്റൽ ലൈബ്രറികൾ, സ്കൂൾ കെട്ടിടങ്ങൾ, സോളാർ പദ്ധതികൾ, പാചകപുരകൾ, അങ്കണവാടി, വായനശാല കെട്ടിടങ്ങൾ എന്നിവയ്ക്കായി എംപി ഫണ്ട് വിനിയോഗിക്കാനായി. 5.55 കോടി രൂപയാണ് വിദ്യാഭ്യാസ രംഗത്തേക്കായി അനുവദിച്ചത്.