ന്യൂഡൽഹി: ഒത്തുകളി വിവാദത്തെത്തുടർന്ന് വിലക്ക് നേരിടുന്ന മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ കുറ്റപ്പെടുത്തി സുപ്രീംകോടതി. വാതുവയ്പുകാർ സമീപിച്ചപ്പോൾ എന്തുകൊണ്ട് അക്കാര്യം ബിസിസിഐയുടെ ശ്രദ്ധയിൽപ്പെടുത്തിയില്ലെന്ന് സുപ്രീംകോടതി മുൻ ഇന്ത്യൻ താരത്തോട് ചോദിച്ചു. 2013 ഐപിഎലിനിടെയാണ് ഒത്തുകളി വിവാദമുണ്ടായത്.
വാതുവയ്പ് കുറ്റം സമ്മതിച്ചത് ഡൽഹി പോലീസ് ക്രൂരമായി മർദിച്ചതിനാലാണെന്ന് ശ്രീശാന്ത് സുപ്രീംകോടതിയിൽ പറഞ്ഞു. എന്നാൽ, ശ്രീശാന്തിന്റെ പെരുമാറ്റം മോശമായിരുന്നുവെന്നും കൂടുതൽ പണം കൈയിൽ കരുതിയത് എന്തിനാണെന്നും സുപ്രീംകോടതി ചോദിച്ചു. പണം അനാഥാലയത്തിനു നല്കാനായിരുന്നെന്നാണ് ശ്രീശാന്തിന്റെ അഭിഭാഷകൻ വാദിച്ചത്.
ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് അഞ്ച് വർഷമായി കുറയ്ക്കാൻമാത്രമേ ശ്രീശാന്തിനു വാദിക്കാനാകൂ എന്നും സുപ്രീംകോടതി വ്യക്തമാക്കി. ബിസിസിഐയുടെ ആജീവനാന്ത വിലക്ക് ശരിവച്ച കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി ചോദ്യം ചെയ്താണ് ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസ് അശോക് ഭുഷണ്‍, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഡൽഹി പോലീസ് ഹാജരാക്കിയ ടെലിഫോണ്‍ സംഭാഷണങ്ങളിലും വാതുവയ്പിനുള്ള തെളിവില്ല. ഇത് വിചാരണ കോടതി തള്ളിയതാണ്. കുറഞ്ഞപക്ഷം വിദേശത്തെങ്കിലും കളിക്കാൻ അനുവദിക്കണം. ഓരോ വർഷവും ഓഫറുകൾ ലഭിക്കുന്നുണ്ടെന്നും ശ്രീശാന്തിന്റെ അഭിഭാഷകൻ പറഞ്ഞു. മലയാളത്തിലുള്ള ടെലിഫോണ്‍ സംഭാഷണങ്ങളുടെ പൂർണമായ പരിഭാഷ ബിസിസിഐയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഹർജി ഫെബ്രുവരി 20ലേക്ക് മാറ്റി.