ഹാമിൽട്ടണ്: ന്യൂസിലൻഡിനെതിരായ നാലാം ഏകദിന ക്രിക്കറ്റ് ഇന്ന് ഹാമിൽട്ടണിലെ സെഡൻ പാർക്കിൽ. ആദ്യ മൂന്ന് ഏകദിനവും ജയിച്ച ടീം ഇന്ത്യ അഞ്ച് മത്സര പരന്പര ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. പരന്പര സ്വന്തമാക്കിയ മൂന്നാം ജയത്തിനു പിന്നാലെ ടീം നായകൻ വിരാട് കോഹ്ലി ഇന്ത്യയിലേക്ക് മടങ്ങി. ബിസിസിഐ ക്യാപ്റ്റനു വിശ്രമം അനുവദിച്ചതോടെയാണിത്. കോഹ്ലിക്കു പകരം രോഹിത് ശർമയാണ് ഇന്ത്യയെ നയിക്കുക.
ജയം തുടർന്ന് പരന്പരയിൽ 4-0ന്റെ ലീഡ് സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അങ്ങനെയെങ്കിൽ 52 വർഷത്തെ ന്യൂസിലൻഡ് പര്യടന ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ പരന്പര ജയമാകും ഇത്. പരിക്കേറ്റ എം.എസ്. ധോണി ഇന്നുമുണ്ടാകുമോയെന്ന് വ്യക്തമല്ല. മൂന്നാം ഏകദിനത്തിൽ ധോണിക്കു പകരം ദിനേശ് കാർത്തിക് ആയിരുന്നു ഇന്ത്യയുടെ വിക്കറ്റ് കാത്തത്.
ഇന്ന് ടോസിനു മുന്പു മാത്രമേ ധോണിയുടെ കാര്യത്തിൽ വ്യക്തതയുണ്ടാകൂ. ധോണി കളിക്കുമെങ്കിൽ കോഹ്ലിയുടെ അഭാവത്തിൽ അദ്ദേഹം ടീമിലുണ്ടാകും. കോഹ്ലിക്ക് പരന്പരയിൽ ശേഷിക്കുന്ന മത്സരങ്ങളിൽ വിശ്രമം അനുവദിച്ചിരിക്കുകയാണ്.
ധോണി ഇന്നിറങ്ങിയില്ലെങ്കിൽ യുവതാരം ശുഭ്മാൻ ഗില്ലിന് രാജ്യാന്തര അരങ്ങേറ്റം കുറിക്കാൻ അവസരം ലഭിച്ചേക്കും. മൂന്നാം ഏകദിനത്തിനുശേഷം ഗില്ലിന്റെ നേട്ടങ്ങളെ കോഹ്ലി പ്രശംസിച്ചിരുന്നു.
ഓസ്ട്രേലിയൻ പര്യടനം മുതൽ നിർത്തലില്ലാതെ പന്തെറിഞ്ഞുകൊണ്ടിരിക്കുന്ന പേസർ മുഹമ്മദ് ഷാമിക്ക് ഇന്ന് വിശ്രമം നല്കുമോയെന്നും കണ്ടറിയണം. തുടർച്ചയായി രണ്ട് മാൻ ഓഫ് ദ മാച്ച് ഷാമി ഈ പരന്പരയിൽ സ്വന്തമാക്കിക്കഴിഞ്ഞു.