ഇരിട്ടി(കണ്ണൂർ): വാണിയപ്പാറ തുടിമരം കരിയില്‍ കടുവയെ കണ്ട പ്രദേശത്ത് തുടര്‍ നടപടി മടിച്ച് വനപാലകര്‍. ആശങ്കയോടെ പ്രദേശവാസികള്‍. കര്‍ണാടക റിസര്‍വ് വനാതിര്‍ത്തിയിലുള്ള വീടായതിനാല്‍ കടുവയെ കൂട് സ്ഥാപിച്ച് പിടികൂടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. കര്‍ണാടക വനത്തിലെ കടുവയെ പിടികൂടാന്‍ കേരള വനംവകുപ്പിന് ബുദ്ധിമുട്ടുണ്ട്. കടുവയെ പിടികൂടിയാല്‍ തന്നെ കര്‍ണാടക വനം വകുപ്പ് കടുവയെ സ്വീകരിക്കുമോയെന്ന കാര്യത്തിലും ആശങ്ക നില നില്‍ക്കുന്നുണ്ട്.
കഴിഞ്ഞദിവസം കടുവ കൊന്ന പശുവിനെ സംസ്കരിച്ച സ്ഥലത്താണ് കടുവയുടെ വീണ്ടും കാല്പാടുകള് കണ്ടത് .വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി കടുവയുടെ തന്നെ കാല്‍പാദമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ കടുവയുടെ കാല്പാദം കണ്ട പ്രദേശത്തിനടുത്ത് 35 ഏക്കറോളം മലപ്പുറം സ്വദേശി വാങ്ങിയിട്ട ഭൂമി കാടുകയറി നശിക്കുന്നുണ്ട്. ഈകാട് വെട്ടി വൃത്തിയാക്കിയാല്‍ തന്നെ പ്രദേശത്ത് ഭീതിയകലുമെന്ന് വനംവകുപ്പ് അയ്യന്‍കുന്ന് പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് വാണിയപ്പാറ തുടിമരത്തെ കുന്നേല്‍പറമ്പില്‍ ഏലിയാമ്മാ മാത്യുവിന്റെ പശുവിനെ കടുവ പിടിച്ചത് .ഒപ്പമുണ്ടായിരുന്ന മറ്റൊരു പശു പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു . കടുവയുടെ പിടിയില്‍നിന്നും തലനാരിഴക്കാണ് ഏലിയാമ്മ രക്ഷപ്പെട്ടത്.
കഴിഞ്ഞദിവസം ഏലിയാമ്മയുടെ മകന് ജിജോ വീടിനു സമീപത്തായി കടുവയെ കണ്ടതായും പറയുന്നു. വനാതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന വീടുകളിലുള്ളവര്‍ ഇപ്പോള്‍ ഏറെ ഭയപ്പാടോടെയാണ് കഴിയുന്നത്. വളര്‍ത്തുമൃഗങ്ങളെ ഏതുനിമിഷവും കടുവ പിടിക്കുമെന്ന ഭയമാണ് ഇവര്‍ക്കുള്ളത്. മനുഷ്യര്‍ക്ക് നേരെയും കടുവതിരിയുവാനുള്ള സാധ്യത ഏറിയതിനാല്‍ അധികൃതര്‍ കൂടൊരുക്കി കടുവയെ പിടികൂടണമെന്നണ് നാട്ടുകാരുടെ ആവശ്യം