ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രഞ്ജനും പത്മ പുരസ്കാര ജേതാവുമായ നമ്പി നാരായണനെതിരേ വിവാദ പ്രസ്താവനയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. നമ്പി നാരായണന് കേസില്‍ നിന്നും കുറ്റവിമുക്തനായപ്പോള്‍ നഷ്ടപരിഹാരവും പത്മഭൂഷണ്‍ പുരസ്കാരവും ലഭിച്ചത് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചതു കൊണ്ടാണെന്ന് ഫിറോസ് പറഞ്ഞു.
ദളിത്- പിന്നാക്ക വിഭാഗത്തിലെ നിരവധി പേര് കള്ളക്കേസില്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ ഉണ്ടാകാത്ത സമീപനമാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ നമ്പി നാരായണന്റെ കാര്യത്തില്‍ സ്വീകരിച്ചതെന്നും ഫിറോസ് കുറ്റപ്പെടുത്തി. സംവരണ ബില്ലിനെതിരെ യൂത്ത് ലീഗ് കണ്ണൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഊണിലും ഉറക്കത്തിലും മതേതരത്വം പ്രസംഗിക്കുന്ന ഫിറോസ് യഥാര്‍ഥ സ്വഭാവം കാണിച്ചെന്ന വിമര്‍ശനം ഇതോടെ സോഷ്യല്‍മീഡിയയിലും ശക്തമായിട്ടുണ്ട്. ഫിറോസിനെതിരേ പരാതി നല്‍കുമെന്ന് ഡിവൈഎഫ്ഐയും യുവമോര്‍ച്ചയും പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്ലീം ലീഗില്‍ ശക്തനാകുന്നതിനിടെ ഫിറോസിന്റെ പ്രസ്താവന അദേഹത്തിന് തന്നെ വിനയാകുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ലീഗില്‍ ഫിറോസിനെതിരേ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്.