ചെങ്ങന്നൂർ: ഹോട്ടൽ ജീവനക്കാർ ഗ്യാസ് സിലിണ്ടറിന്റെ റെഗുലേറ്റർ ഘടിപ്പിക്കുന്നതിനിടെയുണ്ടായ തീപിടിത്തിൽ സമീപത്തെ മറ്റൊരു മുറിയിലുണ്ടായിരുന്ന ജീവനക്കാരി പൊള്ളലേറ്റു മരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ കടയ്ക്കേത്ത് അയ്യത്തു വീട്ടിൽ ചന്ദ്രൻ പിള്ളയുടെ ഭാര്യ ഇന്ദിര (48)യാണ് മരിച്ചത്.
നഗരമധ്യത്തിൽ ബഥേൽ ജംഗ്ഷനു സമീപം വാഴയിൽ ഭാഗത്തു കൊച്ചുപുരയ്ക്കൽ സുഭാഷ് ഗോപാലിന്റെ ഉടമസ്ഥതയിലുളള മോനായിയുടെ കട എന്ന ഹോട്ടലിന്റെ അടുക്കളയ്ക്കാണു തീപിടിച്ചത്. ഇന്നലെ രാവിലെ എട്ടിന് അടുക്കളയിൽ പുതിയ പാചകവാതക സിലിണ്ടറിലേക്കു ജീവനക്കാർ ഗ്യാസ് സ്റ്റൗവിലെ റെഗുലേറ്റർ ഘടിപ്പിക്കുന്നതിനിടയിൽ ഉണ്ടായ വാതക ചോർച്ചയാണു തീപിടിത്തത്തിനു കാരണം.
സിലിണ്ടറിന്റെ അടപ്പ് തുറന്നതോടെ വ്യാവസായിക ആവശ്യത്തിനുപയോഗിക്കുന്ന വലിയ ഗ്യാസ് സിലിണ്ടറിൽനിന്നു വാതകം ശക്തമായി പുറത്തേക്കു ചീറ്റുകയായിരുന്നു. ഗ്യാസ് സിലിണ്ടർ വച്ചിരുന്ന മുറിയുടെ എതിർവശത്തെ മുറിയിലാണ് ഇന്ദിര ഉണ്ടായിരുന്നത്. ഈ രണ്ടു മുറിക്കും മധ്യഭാഗത്തുള്ളമുറിയിൽ പാചകം നടക്കുന്നുണ്ടായിരുന്നു.
വാതകം ചോർന്നതോടെ ഇവിടെ തീ ആളിപ്പിടിക്കുകയും തുടർന്ന് ഇന്ദിര ഉണ്ടായിരുന്ന മുറിയിലേക്കു പടരുകയുമായിരുന്നു. തീ ആളിയതോടെ മറ്റു ജീവനക്കാർ ഒാടി രക്ഷപ്പെട്ടെങ്കിലും ഇന്ദിരയ്ക്കു പുറത്തു കടക്കാൻ കഴിഞ്ഞില്ല. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ചെങ്ങന്നൂർ ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും ഹോട്ടൽ നിന്ന ഭാഗത്തേക്കുള്ള ചെറിയ റോഡിലേക്കു വാഹനം കടത്തിക്കൊണ്ടുപോകാൻ കഴിഞ്ഞില്ല.
പിന്നീടു ഫയർഫോഴ്സിന്റെ ചെറിയ വാഹനം എത്തിച്ചാണ് 8.30ഓടെ തീ നിയന്ത്രണ വിധേയമാക്കിയത്. ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ ഇന്ദിരയെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്കു പന്ത്രണ്ടോടെ മരിച്ചു. ചെങ്ങന്നൂർ പോലീസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം പിന്നീട്. മകൻ: അരുണ് സി. പിള്ള.