വൈപ്പിൻ: മത്സ്യബന്ധനമേഖലയിലെ ബോട്ട് നിർമ്മാണ യാർഡുകളും വല വില്പന ശാലകളും ഇനിമുതൽ ഫിഷറീസ് വകുപ്പിന്റെ ലൈസൻസ് കൂടി എടുക്കണം. ഇതുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസിലാണ് ഇവ പ്രവർത്തിച്ചിരുന്നത്.
കേരള മറൈൻ ഫിഷിംഗ് റെഗുലേഷൻ ആക്ട് (കെഎംഎഫ്ആർഎ) അനുസരിച്ച് 2018 സെപ്റ്റംബർ ഒന്നു മുതലാണ് ഫിഷറീസ് ലൈസൻസ് കൂടി എടുക്കണമെന്ന പുതിയ നിയമം പ്രാബല്യത്തിൽ വന്നതെങ്കിലും ഇപ്പോൾ മനുഷ്യക്കടത്തിനും അനധികൃത കുടിയേറ്റങ്ങൾക്കും മത്സ്യബന്ധനബോട്ടുകൾ ഉപയോഗിക്കുന്ന സാഹചര്യങ്ങൾ വർധിച്ചതോടെ ഈ അടുത്താണ് അധികൃതർ നടപടികൾ വേഗത്തിലാക്കിയത്.
ഇത് പ്രകാരം ഈ അടുത്ത് ജില്ലയിലെ 44 ബോട്ട് യാർഡുകൾക്കും 30 ഓളം വല വിൽപ്പന ശാലകൾക്കും നോട്ടീസും രജിസ്ട്രേഷൻ ഫോമും നൽകിയതായി വൈപ്പിൻ ഫിഷറീസ് അസി. ഡയറക്ടർ ജോയ്സ് എബ്രാഹാം അറിയിച്ചു. പഞ്ചായത്തിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അഗ്നിസേനയുടേയും എൻഒസി സഹിതം നിശ്ചിത ഫീസ് അടച്ചാണ് ലൈസൻസിനു അപേക്ഷിക്കുന്നത്.
അപേക്ഷ കിട്ടുന്ന മുറക്ക് ഉദ്യോഗസ്ഥൻമാർ സ്ഥലത്ത് വന്ന് പരിശോധിച്ച് നിയമം അനുശാസിക്കുന്ന പോലെ എല്ലാ കാര്യങ്ങളും പാലിച്ചിട്ടുണ്ടെങ്കിൽ ലൈസൻസ് നൽകും. അപേക്ഷ നൽകുന്നതിനായി എല്ലാ യാർഡുകൾക്കും വല വില്പന ശാലകൾക്കും സമയം അനുവദിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ ലൈസൻസ് എടുക്കാത്ത സ്ഥാപനത്തിന്റെ ഉടമകളെക്കൊണ്ട് പിഴ അടപ്പിക്കാനും സ്ഥാപനം അടച്ച് മുദ്രവെക്കാനും നിയമം അനുശാസിക്കുന്നുണ്ടെന്ന് അസി. ഡയറക്ടർ വ്യക്തമാക്കി. നായരന്പലം താലപ്പൊലി 29ന് തുടങ്ങും.