റിയലിസ്റ്റിക് അവതരണത്തിന് പേരുകേട്ട സംവിധായകനാണ് ദിലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ അദ്ദേഹം ചേര്‍ത്തു വച്ചിരുന്ന ചില രസക്കൂട്ടുകളെ ആരാധകര്‍, പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ് എന്നാണ് വാഴ്ത്തിയത്. നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഇത്രത്തോളം നേടിയെടുത്ത മറ്റൊരു ചിത്രം അടുത്ത കാലത്ത് ഇറങ്ങിയിട്ടില്ലെന്നാണ് ഏവരും ഒരേസ്വരത്തില്‍ പറയുന്നത്.
മഹേഷിന്റെ പ്രതികാരത്തിന് സമാനമായ സിനിമയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ആ ചിത്രത്തിലും കണ്ടു, പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ്. അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ഈ ചിത്രവും ഏറ്റുവാങ്ങിയിരുന്നു.
ചിത്രത്തിന്റെ സംവിധാന മികവാണ് പലരും വാഴ്ത്തിയത്. ഇപ്പോഴിതാ ബോളിവുഡും ആ മികവിനെ വാഴ്ത്തുകയാണ്. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തെ വാനോളം പുകഴ്ത്തി ഏറ്റവുമൊടുവില്‍ രംഗത്തെത്തിയിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ സുരേഷ് ത്രിവേണിയും മലയാളിയായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരുമാണ്.
”ഇതിനേക്കാള്‍ മികച്ച ഒരു സിനിമ നിങ്ങള്‍ എന്നെ കാണിക്കൂ. ഓരോ തവണ കാണുമ്പോഴും എന്തെങ്കിലുമൊരു പുതിയ കാര്യം ഞാനിതില്‍ കണ്ടെത്തും. ശരാശരി നിലവാരത്തിലുള്ള ചിത്രങ്ങള്‍ പോലും ആഘോഷിക്കപ്പെടുന്ന കാലത്ത്, ഇത്തരം ചിത്രങ്ങള്‍ വളരെ ഉയരത്തിലാണ് നില്‍ക്കുന്നത്. ഒരു അളവുകോലിനെക്കുറിച്ച് അവ ഓര്‍മപ്പെടുത്തുന്നു.’
സുരേഷ് ത്രിവേണിയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ബിജോയ് നമ്പ്യാര്‍ പ്രശംസിച്ചത്. ഈ ചിത്രത്തില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും എത്ര തവണ വേണമെങ്കിലും കാണാനാകുന്ന ഈ ചിത്രം അതിഗംഭീരമാണെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
It’s an OUTSTANDING film! I can watch it on a loop ! So much to learn from it. https://t.co/vjmrtcCUNL
— Bejoy Nambiar (@nambiarbejoy) January 30, 2019