കുളത്തൂപ്പുഴ: നവീകരണം പൂർത്തിയാക്കാതെ ഉപേക്ഷിച്ച കുളത്തൂപ്പുഴ തെന്മലപാതയിൽ അപകടം തുർക്കഥയായതോടെ നാട്ടുകാർ റോഡ് ഉപേരോധിച്ചു. നിർമ്മാണം നടക്കുന്നതിനിടയിൽ ഇ.എസ്.എം കോളനി ജംഗ്ഷന് സമീപം മുസ്ലീം പളളിക്ക് മുന്നിലെ വളവിലായ് ടാറിംഗ് ജോലി ഏറെ ദൂരം പൂർത്തിയാക്കാതെ കരാറുകാരൻ ഉപേക്ഷിച്ച് പോവുകയായിരുന്നു.
ഇതോടെ റോഡിലെ താഴ്ച അറിയാതെ എത്തുന്നവരും, പുതിയ ടാറിംഗിലൂടെ കടന്ന് പോകാൻ തിടുക്കം കാട്ടുന്ന വാഹനങ്ങളും നിയന്ത്രണം വിടുന്നതുമാണ് അപകടത്തിന് ഇടയാക്കുന്നത്. കരാറുകാരൻെറ അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്ന് പഞ്ചായത്ത് അംഗം റെജിഉമ്മൻ അരോപിച്ചു .കഴിഞ്ഞ ഏതാനും നാളുകൾക്കിടയിൽ ഒൻപതിലധികം അപകടങ്ങളാണ് ഇവിടെ നടന്നിട്ടുളളത് .
അപകടത്തിൽ പെട്ട ഇവർക്കെല്ലാം കരാറുകാരൻ നഷ്ടപരിഹാരം നൽകണമെന്നും ഉപരോധം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്നലെ ഉച്ചക്ക് അപകടത്തിൽ പെട്ട് പ്രദേശവാസിയായ യുവാവിന് പരുക്കേറ്റതോടെയാണ് നാട്ടുകാർ പ്രതിക്ഷേധിച്ചത്. വൈകുന്നേരം സംഘടിച്ചെത്തിയ നിരവധിപേർ റോഡിൽ ഗതാഗതം തടസപ്പെടുത്തിയാണ് ഉപരോധിച്ചത് .ഇതോടെ അന്തർ സംസ്ഥാന യാത്രക്കാർ അടക്കം നൂറ് കണക്കിന് വാഹനങ്ങൾ ഏറെ നേരം വഴിയിൽ കുടുങ്ങി.