നിയാസ് മുസ്തഫ
ബിഹാറിൽ കോൺഗ്രസ്-ആർജെഡി സഖ്യത്തിൽ സീറ്റ് വിഭജന ചർച്ചകൾ വഴിമുട്ടി. ആർജെഡിയുടെ വല്യേട്ടൻ മനോഭാവമാണ് സീറ്റ് വിഭജന ചർച്ചയിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. എങ്കിലും ക്ഷമയോടെ കാത്തിരിക്കാനാണ് കോൺഗ്രസ് തീരുമാനം. ആകെയുള്ള 40 സീറ്റുകളിൽ എട്ടു സീറ്റ് മാത്രമേ കോൺഗ്രസിനു നൽകൂവെന്ന തീരുമാനത്തിലാണ് ആർജെഡി ഇപ്പോഴുള്ളത്. ഇത് കോൺഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്.
18 സീറ്റാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മിന്നുന്ന വിജയം നേടിയ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ കിട്ടണമെന്നാണ് കോൺഗ്രസ് ആവശ്യം. അങ്ങേയറ്റം പത്തു സീറ്റിൽ കൂടുതൽ നൽകാനാവില്ലായെന്നാണ് ആർജെഡി വ്യക്തമാക്കിയിരിക്കുന്നത്.
എൻഡിഎ ബന്ധം ഉപേക്ഷിച്ച ഉപേന്ദ്ര കുശ്വാഹ കൂടി സഖ്യത്തിന്റെ ഭാഗമായതോടെ അവർക്കും സീറ്റ് നൽകണം. ഇതോടൊപ്പം ജിതൻ രാം മഞ്ജി, മുകേഷ് സാഹ്നി എന്നിവരെയും പരിഗണി ക്കണം. ഇടതുപക്ഷത്തെയും ബിഎസ്പിയേയും കൂടി സഖ്യത്തിന്റെ ഭാഗമാക്കാൻ ആർജെഡി ശ്രമിക്കുന്നുണ്ട്. ഇതെല്ലാം കണക്കുകൂട്ടിയാണ് കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകാനാവില്ലായെന്ന നിലപാട് ആർജെഡി സ്വീകരിച്ചിരിക്കുന്നത്.
ഫെബ്രുവരി പകുതിയോടെ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമാകുമെന്ന പ്രതീക്ഷയാണ് ആർജെഡി മുന്നോട്ടു വയ്ക്കുന്നത്. 2014ൽ കോൺഗ്രസ് 12 സീറ്റിലും ആർജെഡി 23 സീറ്റിലും മത്സരിച്ചിരുന്നു. ഇതിൽ ആർജെഡിക്ക് നാലു സീറ്റിലും കോൺഗ്രസിന് രണ്ടു സീറ്റിലും വിജയിക്കാനായി.
സീറ്റ് വിഭജന ചർച്ചകൾ തൽക്കാലം അവിടെ കിടക്കട്ടെ, ഫെബ്രുവരി മൂന്നിന് പട്നയിൽ രാഹുൽ ഗാന്ധി നടത്താനിരിക്കുന്ന മഹാറാലി കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ റാലിയിൽ ആർജെഡി നേതാവ് തേജസ്വി യാദവ് പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കോൺഗ്രസ് കേന്ദ്രത്തിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
റാലിക്കു ശേഷം സീറ്റ് വിഭജന ചർച്ചകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോൺഗ്രസ് തീരുമാനം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും കൂടുതൽ ഊർജിതമാക്കും. പാർട്ടിയുടെ സർവ സംവിധാനങ്ങളും ഉപയോഗിച്ച് പരമാവധി ആളുകളെ റാലിയിൽ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് ഇപ്പോൾ. സ്വതന്ത്ര എംഎൽഎയും ജനതാദൾ മുൻ അംഗവുമായ ആനന്ദ് സിംഗ് കോൺഗ്രസിൽ ചേർന്നത് കോൺഗ്രസിന് ശക്തി പകരുന്നുണ്ട്.
മുൻ ബിജെപി എംപി ഉദയ് സിങ് കോണ്‍ഗ്രസിൽ ചേരുന്നത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും. ബിജെപി എംപിമാരായ കീർത്തി ആസാദ്, ശത്രുഘ്നൻ സിൻഹ എന്നിവരും കോൺഗ്രസ് പാളയത്തിലേക്കാണെന്നാണ് സൂചന. ആർജെഡിയിൽ നിന്ന് പുറത്തു പോയ മുൻ എംപി ലവ്ലി ആനന്ദ്, ലോക് ജനശക്തി പാർട്ടി നേതാക്കളായ പ്രമോദ് കുമാർ, ബിജെപി നേതാവായ പ്രദുമൻ റായി, ആർഎൽഎസ് അരുണ്‍ വിഭാഗത്തിൽ നിന്നുള്ള രാജേശ്വർ പ്രസാദ് എന്നിവരും ലവ്ലി ആനന്ദിനൊപ്പം കോണ്‍ഗ്രസിൽ ചേർന്നി രുന്നു. കൂടുതൽ പ്രമുഖർ കോൺഗ്രസിലേക്ക് വരുന്നതും കൂടുതൽ സീറ്റ ്ചോദിക്കാൻ കോൺഗ്രസിന് ശക്തി നൽകുന്നുണ്ട്.
പാർട്ടിയുമായി അകന്നു നിൽക്കുന്ന മുതിർന്ന നേതാക്കളെ വീണ്ടും പാർട്ടിയിൽ എത്തിക്കാനുള്ള ശ്രമവും കോണ്‍ഗ്രസ് സജീവമാക്കിയിട്ടുണ്ട്. സംഘടനാ സംവിധാനത്തിൽ വൻ അഴിച്ചുപണിയും ഉടനുണ്ടാവും. വിജയ സാധ്യതയുള്ളവർക്ക് മാത്രം സീറ്റ് നൽകൂവെന്ന നിലപാടും നേതൃത്വം സ്വീകരിച്ചിട്ടുണ്ട്. ഗ്രൂപ്പ് പോരെല്ലാം കുറയൊക്കെ ഒതുക്കിയിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു തീർക്കാൻ നേതാക്കളുമായി രാഹുൽ ഗാന്ധി ആശയവിനിമയം നടത്തും.
അതേസമയം, ബിജെപി-ജെഡിയു-എൽജെപി സഖ്യത്തിന്റെ മഹാറാലി മാർച്ച് മൂന്നിന് പട്നയിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഒന്നിച്ചു പങ്കെടുക്കുന്ന എൻഡിഎയുടെ തെരഞ്ഞെടുപ്പുറാലി ശ്രദ്ധേയമാവും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കമുള്ള നേതാക്കൾ റാലിയിൽ പങ്കെടുക്കും.
റാലികളുടെ റാലിയായിരിക്കും ഈ സമ്മേളനമെന്നും ബിഹാർ കണ്ട ഏറ്റവും വലിയ ജനപങ്കാളിത്തത്തിന് മാർച്ച് മൂന്ന് സാക്ഷ്യമെന്നും എൻഡിഎ നേതാക്കൾ പറയുന്നു. എൻഡിഎയുടെ സീറ്റ് വിഭജനം നേരത്തേ തന്നെ പൂർത്തിയാക്കിയിരുന്നു. 40 സീറ്റിൽ ബിജെപിയും ജെഡിയുവും 17 സീറ്റുകളിലും എൽജെപി ആറു സീറ്റിലും മത്സരിക്കും.