ചായ എന്നല്ല, എന്തുവേണമെങ്കിലും കുടിച്ചോ, പക്ഷേ, വോട്ട് കിട്ടുമെന്ന് മാത്രം ഓര്‍ക്കരുത്! തെരഞ്ഞെടുപ്പിന് മുമ്പുള്ള ശശി തരൂര്‍ എംപിയുടെ പ്രകടനത്തെ ട്രോളി സോഷ്യല്‍മീഡിയ

തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് മാത്രമാണ് രാഷ്ട്രീയ നേതാക്കള്‍ പുറത്തേയ്ക്ക്, ജനങ്ങളുടെ ഇടയിലേയ്ക്ക് ഇറങ്ങിക്കാണാറുള്ളത്. സ്വന്തം അനുഭവങ്ങളില്‍ നിന്ന് ഓരോ വ്യക്തിയും മനസിലാക്കിയിട്ടുള്ള കാര്യവുമാണത്.

സോഷ്യല്‍മീഡയയും മറ്റും രംഗപ്രവേശം ചെയ്തതോടെ നേതാക്കളെ കളിയാക്കാനുള്ള ഒരവസരവും ആളുകള്‍ പാഴാക്കാറില്ല എന്നതാണ് ഏക ആശ്വാസം. അതില്‍ തന്നെ ട്രോളന്മാരുടെ ഇഷ്ട രാഷ്ട്രീയ താരമാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.

അടുത്ത കാലം വരെ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷിന്റെ പേരിലാണ് ആളുകള്‍ ട്രോളിക്കൊണ്ടിരുന്നതെങ്കില്‍ ഏറ്റവുമൊടുവില്‍ അദ്ദേഹം ട്രോളുകള്‍ ഏറ്റുവാങ്ങിയിരിക്കുന്നത്, ഒരു ചായ കുടിച്ചതിനാണ്.

വെറുമൊരു ചായയല്ല എംപി കുടിച്ചത്. തട്ടുകടയില്‍ നിന്നാണ് ഇത്തവണ ശശി തരൂര്‍ ചായ കുടിച്ചിരിക്കുന്നത്. തട്ടുകടയില്‍ നിന്ന് ചായകുടിക്കുന്ന ചിത്രം ശശി തരൂര്‍ എംപി തന്നെയാണ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ റോഡരികിലുള്ള തട്ടുകടയില്‍ നിന്ന് ചായ കുടിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ശശി തരൂര്‍ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെയുള്ള കലാപരിപാടിയാണ് ഇതെന്ന് പറഞ്ഞാണ് ശശി തരൂരിനെതിരെ ട്രോള്‍ നിറയുന്നത്. ‘ചായ അല്ല എന്ത് വേണമെങ്കിലും കുടിച്ചോ, പക്ഷെ സീറ്റ് കിട്ടില്ല’ എന്നാണ് ഒരാളുടെ കമന്റ്. ‘തെരഞ്ഞെടുപ്പടുത്തപ്പോള്‍ സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഇംഗ്ലീഷൊക്കെ പറഞ്ഞു തുടങ്ങി’ എന്നാണ് മറ്റൊരു കമന്റ്.

‘ഒരാള്‍ ഓട്ടോറിക്ഷയില്‍ പോകുന്നു മറ്റൊരാള്‍ സൈക്കിളില്‍ പോവുന്നു…വേറൊരുത്തന്‍ കറുത്ത മനുഷ്യനെ ചുംബിക്കുന്നു… ദാ വേറൊരുത്തന്‍ തട്ടുകടയില്‍നിന്ന് ചായകുടിക്കുന്നു…. പക്ഷെ ഇതിനൊക്കെ തിരഞ്ഞെടുപ്പ് വരണം എന്നുമാത്രം… എജ്ജാതി ദുരന്തങ്ങള്…’ ഇങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.

Related posts