കോന്നി: സംസ്ഥാന ബജറ്റിൽ ഇത്തവണയും കോന്നി നിയോജകമണ്ഡലത്തെ അവഗണിച്ചതായി അടൂർ പ്രകാശ് എംഎൽഎ. മെഡിക്കൽ കോളജിന്റെ അടുത്തഘട്ടത്തിനുവേണ്ടി പണം ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക ഘട്ടം ഏറെക്കുറെ പൂർത്തീകരിച്ച് ഇക്കൊല്ലം ക്ലാസുകൾ തുടങ്ങാമെന്ന ഘട്ടത്തിലാണ്.
പ്രാഥമിക സൗകര്യങ്ങൾ ഒരുക്കി 50 കുട്ടികൾക്ക് മെഡിക്കൽ പ്രവേശനം സാധ്യമാകുന്ന തരത്തിൽ മെഡിക്കൽ കോളജ് ആരംഭിക്കാമെന്നിരിക്കേ രാഷ്ട്രീയലക്ഷ്യത്തോടെയാണ് ഗവണ്മെന്റ് നീങ്ങുന്നതെന്ന് പ്രകാശ് കുറ്റപ്പെടുത്തി. കോന്നി മെഡിക്കൽ കോളജിനെ സംബന്ധിച്ച് നയപ്രഖ്യാപനത്തിലും ബജറ്റിലും പരമാർശമേ ഉണ്ടായില്ല.
സർക്കാരും എൽഡിഎഫും പുലർത്തിവന്ന തെറ്റായ നയങ്ങളുടെ ഫലമായി ശബരിമലയിൽ ഭക്തരുടെ എണ്ണം കുറയുകയും വരുമാനത്തിൽ കുറവുണ്ടാകുകയും ചെയ്തപ്പോൾ ഇതിനു പരിഹാരമായി ഖജനാവിൽ നിന്ന് 100 കോടി അനുവദിച്ചുവെന്ന് വീന്പിളക്കുന്നത് അർഥശൂന്യമാണ്. മുന്പും സർക്കാരുകൾ ശബരിമല വികസനത്തിന് പദ്ധതികൾ പ്രഖ്യാപിച്ച് പണം അനുവദിച്ചിരുന്നു.
റോഡുവികസനത്തിനായാലും മാസ്റ്റർപ്ലാൻ അനുസരിച്ചുള്ള പദ്ധതികൾക്കായാലും സർക്കാരുകൾ ശബരിമലയെ പിന്തുണച്ചിട്ടുണ്ട്. ഇവയെല്ലാം ആദ്യമാണെന്ന തരത്തിൽ അനുവദിച്ചിരിക്കുന്ന തുകയും കണക്കെടുത്ത് ശബരിമല പദ്ധതികളെ പത്തനംതിട്ട ജില്ലയുടെ അക്കൗണ്ടിലേക്കു പെടുത്താനുള്ള നീക്കം ശരിയല്ല.
ടൂറിസം വികസനം അടക്കം നൽകിയിട്ടുള്ള നിർദേശങ്ങളെ ബജറ്റ് പാടെ അവഗണിച്ചുവെന്നും അടൂർ പ്രകാശ് കുറ്റപ്പെടുത്തി. തേക്കുതോട് – കരിമാൻതോട് അടക്കം മണ്ഡലത്തിലെ റോഡുകളുടെ വികസനത്തിന് ബജറ്റിൽ പണം വകയിരുത്തിയിട്ടുണ്ട്.