എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: ഓപ്പറേഷൻ കോബ്രയുടെ ഭാഗമായി സിറ്റി പോലീസ് കമ്മീഷണർ എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് നടത്തിയ റെയ്ഡിൽ 40 കഞ്ചാവ് കച്ചവടക്കാരെയും അഞ്ചു കിലോയോളം കഞ്ചാവും നിരവധി പാക്കറ്റ് ലഹരി വസ്തുക്കളും പിടികൂടി. ഇന്നലെ രാത്രി സിറ്റി ഷാഡോ പോലീസ് ടീമും സിറ്റിയിലെ മുഴുവൻ ലോക്കൽ സ്റ്റേഷനുകളിലെ പോലീസുകാരും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇത്രയും പേർ പിടിയിലായത്.
നിരവധി മാലപിടിച്ചുപറി കേസിലെ പ്രതി ബ്രൂസ്ലി ബിജുവിനെ മ്യൂസിയം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒന്നരകിലോ കഞ്ചാവുമായി പിടികൂടി. വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ഇയാളെ ഗുണ്ടാ നിയമപ്രകാരം കരുതൽ നടപടിയെടുക്കുന്നതിന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും.
ഫോർട്ട് പോലീസ് സ്റ്റേഷന് പരിധിയിൽ നിന്ന് മുഹമ്മദ് ഷബീർ, കരമന സ്റ്റേഷന് പരിധിയിൽ നിന്ന് ചാണ്ടി പ്രശാന്ത്, കന്റോൺമെന്റ് സ്റ്റേഷൻ പരിധിയിൽ നിന്ന് രാജാജി നഗർ സ്വദേശി ചക്ക സതി, മണികണ്ഠൻ, നെടുങ്കാട് സ്വദേശി രതീഷ്, പേയാട് സ്വദേശി രാജേഷ്, മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിൽ നിന്ന് അരുൺദേവ്.വിനോദ്, തുന്പയിൽ നിന്ന് കുമാർ, നേമത്തു നിന്ന് വിനയൻ സജിത്ത് മോൻ, തിരുവല്ലം സ്റ്റേഷന് പരിധിയിൽ നിന്ന് വെങ്ങാനൂർ സുനിൽകുമാർ, പൂങ്കുളം സ്വദേശി ബാബു, വിനീഷ് , വഞ്ചിയൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് ബിനു എന്നിവർ ഉൾപ്പടെ 40ഓളം പേരാണ് പിടിയിലാണ്.
സ്കൂൾ കോളേജ് പരിസരങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ കഞ്ചാവു ഉൾപ്പടെയുള്ള ലഹരി വസ്തുക്കളുടെ വിൽപന. കഴിഞ്ഞ 10 ദിവസമായി സിറ്റി പോലീസ് കമ്മീഷണർ എസ് സുരേന്ദ്രൻ നേതൃത്വത്തിൽ നടത്തുന്ന പരിശോധനയാണ് ഓപ്പറേഷന് കോബ്ര. ഒരോ ദിവസവും വിവധ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പരിശോധനയും അറസ്റ്റും.
ഇതിനകം വിവിധ കേസുകളിൽ പിടിയിലാകാനുണ്ടായിരുന്ന നൂറോളം പേരെ ഓപ്പറേഷൻ കോബ്രയുടെ ഭാഗമായി അറസ്റ്റു ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളും പരിശോധന തുടരുമെന്നും പിടികിട്ടാപ്പുള്ളികൾ അടക്കമുള്ളവരെ പിടികൂടുമെന്നും കമ്മീഷണർ അറിയിച്ചു.