കൊച്ചി: വായ്പാ കുടിശികയുടെ പേരിൽ ജപ്തി നേരിടേണ്ടി വന്ന പ്രീത ഷാജിയുടെ കുടുംബം 2009 വരെയുള്ള കണക്കനുസരിച്ച് എത്ര തുക തിരിച്ചടയ്ക്കേണ്ടിയിരുന്നെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദേശം നൽകി. വായ്പാ കുടിശികയുടെ പേരിൽ ജപ്തി നടപ്പാക്കാൻ 2005 ലാണ് ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണൽ ഉത്തരവിട്ടത്. ഇതനുസരിച്ചുള്ള ലേലം നടന്നത് 2014 ഫെബ്രുവരി 24 നാണ്.
ട്രൈബ്യൂണൽ ഉത്തരവിനുശേഷം എട്ടു വർഷം കഴിഞ്ഞു ലേലം നടത്തിയത് ധനകാര്യ സ്ഥാപനങ്ങളുടെ കടം ഈടാക്കൽ നിയമത്തിലെ സെക്ഷൻ 29 ന്റെയും ഇൻകംടാക്സ് ആക്ടിന്റെ രണ്ടാം ഷെഡ്യൂളിലെ ചട്ടം 688 ന്റെയും ലംഘനമാണെന്നാരോപിച്ചു പ്രീത ഷാജി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിലാണ് നിയമാനുസൃതമായി ലേലം നടത്തേണ്ടിയിരുന്ന 2009 വരെ എത്ര തുക കുടിശികയുണ്ടായിരുന്നെന്ന് അറിയിക്കാൻ ബാങ്കിനോടു നിർദേശിച്ചത്.
ഇന്നലെ ഹർജി വീണ്ടും പരിഗണനയ്ക്കു വന്നെങ്കിലും ഒരാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി. സുഹൃത്തിന് രണ്ടു ലക്ഷം രൂപ വായ്പയെടുക്കാൻ പ്രീത ഷാജിയുടെ കുടുംബം തങ്ങളുടെ ഭൂമി ഈടു നൽകിയിരുന്നു. വായ്പാത്തിരിച്ചടവു മുടങ്ങിയതോടെ കുടിശിക പെരുകി. തുടർന്നാണ് ബാങ്കിന്റെ കടം ഈടാക്കാൻ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണൽ ഇടപെട്ട് ലേലം നടത്തിയത്. ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.