ചാലക്കുടി: താലൂക്ക് ആശുപത്രി കോന്പൗണ്ടിൽ ആശുപത്രി മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതുമൂലം പരിസര നിവാസികൾക്ക് ജീവിതം ദുസഹമായി. ആശുപത്രിയിലെ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള ആശുപത്രി മാലിന്യങ്ങളാണ് പോസ്റ്റുമോർട്ടം മുറിയുടെ സമീപം കൂട്ടിയിട്ട് കത്തിച്ചുകൊണ്ടിരിക്കുന്നത്.
ഇതുമൂലം ആശുപത്രിയുടെ പരിസരത്ത് പുകപടലങ്ങളുയർന്ന് വീടുകളിലേക്ക് എത്തുന്നതുമൂലം വീടിനകത്ത് ഇരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് സമീപവാസികൾ പറയുന്നു. മാലിന്യങ്ങൾ കത്തിക്കുന്നതുമൂലമുണ്ടാകുന്ന ദുർഗന്ധവും വമിച്ചുകൊണ്ടിരിക്കുയാണ്. ആശുപത്രി അധികൃതരോട് പരിസരവാസികൾ പലതവണ പരാതിപ്പെട്ടിട്ടും ഇത് നിർത്താതെ തുടർന്നുകൊണ്ടിരിക്കുകയാണ്. നഗരസഭ അധികൃതരോടും പരാതിപ്പെട്ടിട്ടും അവരും കണ്ണടയ്ക്കുകയാണ്.
ആശുപത്രിയിലെ മാലിന്യങ്ങൾ നശിപ്പിക്കാൻ ഇതുവരെയും ഒരു സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. ആശുപത്രിയിലെ കുളിമുറികളിൽ നിന്നും മറ്റും ഒഴുകുന്ന മലിനജലം പരിസരത്തെ കിണറുകളിൽ എത്തിയതുമൂലം പരിസരവാസികൾ പ്രക്ഷോഭം നടത്തിയിരുന്നു. മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചതായി പല തവണ പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെയും നടപ്പിലായിട്ടില്ല.