രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ ആധാര്‍ വിവരങ്ങള്‍ ചോരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് തൊട്ടുപിന്നാലെ ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കള്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു വാര്‍ത്ത പുറത്ത് വന്നിരിക്കുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ സൂക്ഷിക്കുന്നത് ഒട്ടും സുരക്ഷിതമല്ലാതെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബാങ്ക് ബാലന്‍സ്, അടുത്തിടെ നടന്ന ഇടപാടുകള്‍ തുടങ്ങി കോടിക്കണക്കിന് വരുന്ന എസ്ബിഐ ഉപഭോക്താക്കളുടെ സാമ്പത്തിക വിവരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ലഭ്യമാക്കാവുന്ന രീതിയിലാണെന്ന് ടെക്ക് ക്രജ്ഞ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ എത്രമാലമായി ഇത് സുരക്ഷയില്ലാതെ സൂക്ഷിക്കുന്നു എന്നത് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുമില്ല. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ലോകവ്യാപകമായി 50 കോടി ഉപയോക്താക്കളും 74 കോടി അക്കൗണ്ടുകളുമാണ് എസ്ബിഐക്ക് ഉള്ളത്.
മുംബൈയില്‍ സ്ഥിതിചെയ്യുന്ന ഡാറ്റാ സെന്ററിന്റെ കേന്ദ്രത്തിലാണ് ‘എസ്ബിഐ ക്വിക്ക്’ എന്ന സേവനത്തിന്റെ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. എസ്എംഎസ് വഴിയും മിസ്ഡ് കോള്‍ വഴിയും ഉപഭോക്താക്കള്‍ക്ക് ബാലന്‍സ് ഉള്‍പ്പടെയുള്ള ബാങ്കിങ് വിവരങ്ങള്‍ ലഭ്യമാക്കുന്ന സേവനമാണ് എസ്ബിഐ ക്വിക്ക്. എന്നാല്‍ ഈ സെര്‍വറിന് പാസ്വേഡ് ഇല്ല. അതുകൊണ്ടുതന്നെ സെര്‍വറില്‍ നിന്ന് ആര്‍ക്ക് വേണമെങ്കിലും വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും.