പാലക്കാട്: സംസ്ഥാന ബജറ്റിൽ ,അന്തർദേശീയ നിലവാരത്തിലുള്ള സംസ്ഥാനത്ത് സ്ഥാപിക്കുന്ന മൂന്ന് റൈസ് പാർക്കുകളിൽ ഒന്ന് പാലക്കാട്ടും. തൃശൂർ, ആലപ്പുഴ ജില്ലകളിലാണ് മറ്റ് റൈസ് പാർക്കുകൾ നിർമിക്കുന്നത്. 20 കോടിയാണ് റൈസ് പാർക്കുകൾക്കായി ബജറ്റിൽ വകയിരുത്തിയത്. കൂടാതെ സംസ്ഥാനമൊട്ടാകെ 167 കോടിയാണ് ചെറുധാന്യ കൃഷിയുടെ വികസനത്തിന് ബജറ്റിൽ വകയിരുത്തിയതിൽ ചിറ്റൂർ, ചേരാമംഗലം, മൂലത്തറ കനാലുകളുടെ നവീകരണത്തിന് 21.5 കോടി ബജറ്റ് വിഹിതം ലഭിച്ചു.
അട്ടപ്പാടി മാനസിക ആരോഗ്യ കേന്ദ്രത്തിന് ബാന്യൻ എന്ന സംഘടനയുമായി ചേർന്ന് പ്രത്യേക പദ്ധതി നടപ്പാക്കുന്നതിനായി ബജറ്റിൽ 25 ലക്ഷം രൂപ അനുവദിച്ചു.നടുപ്പുണി, മീനാക്ഷിപുരം വാണിജ്യനികുതി ചെക്ക് പോസ്റ്റുകളുടെ സ്ഥലം ചകിരിച്ചോറ് ബ്രിക്കറ്റിങ്ങിനായി ഏറ്റെടുക്കാൻ തീരുമാനിച്ചു. പാലക്കാട് ലൈറ്റ് എൻജിനീയറിങ് ഇൻഡസ്ട്രിയൽ പാർക്കിനും ഒറ്റപ്പാലം ഡിഫൻസ് പാർക്കിനും ഒറ്റപ്പാലം ഇൻഡസ്ട്രിയൽ പാർക്കിനും ബജറ്റിൽ തുക നീക്കിവെച്ചു. ‘
അട്ടപ്പാടിയിൽ റാഗി, ചാമ തുടങ്ങിയ ചെറു ധാന്യങ്ങളുടെ കൃഷി വികസനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കും. കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷൻ ആർ.ഐ.ഡി എഫിൽ വകയിരുത്തിയിട്ടുള്ള 56 കോടി തൃശൂർ, പൊന്നാനി കോൾ നിലങ്ങളുടെയും പാലക്കാട് കൃഷി നിലങ്ങളുടെയും വികസനത്തിനായി ഉപയോഗിക്കും.
ഷൊർണൂർ, പുതുശ്ശേരി എന്നിവിടങ്ങളിൽ അനുവദിച്ച ബഹുനില വ്യവസായ സമുച്ചയങ്ങൾ പൂർത്തിയാക്കാനും ബജറ്റിൽ തുക വകയിരുത്തി. അന്തർസംസ്ഥാന നദീജലവുമായി ബന്ധപ്പെട്ട കബനി, ഭവാനി, പാന്പാർ നദീതടങ്ങളിൽ 61 കോടി വകയിരുത്തിയിട്ടുണ്ട്. ജില്ലയിലെ 306 സ്കൂളുകൾക്ക് ഡി.എസ്.എൽ.ആർ കാമറയും ട്രൈപ്പോഡും വിതരണം ചെയ്യും. 162 ഹൈസ്കൂളുകൾ, 122 ഹയർ സെക്കൻഡറി സ്കൂളുകൾ, 22 വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകൾക്കാണ് പഠനാവശ്യങ്ങൾക്കായി ക്യാമറയും ട്രൈപ്പോഡും ലഭിക്കുക.