കോഴിക്കോട്: മുംബൈയില്‍ നിന്നും നികുതിവെട്ടിച്ച് സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവന്ന സംഭവത്തില്‍ കേരളത്തിലെ ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് അന്വേഷണം. കേന്ദ്ര ചരക്ക് സേവന നികുതി (സെന്‍ട്രല്‍ ജിഎസ്ടി) ഇന്റലിജന്‍സ് വിഭാഗമാണ് അന്വേഷണം ആരംഭിച്ചത്. കോഴിക്കോട് നഗരത്തിലെ പല ജ്വല്ലറികളിലും ഇത്തരത്തില്‍ നികുതിവെട്ടിച്ച് മുംബൈയില്‍ നിന്നും കൊണ്ടുവരുന്ന ആഭരണങ്ങള്‍ ഉപയോഗിച്ച് വില്പന നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതായി കേന്ദ്രജിഎസ്ടി ഇന്റലജിന്‍സ് വൃത്തങ്ങൾ അറിയിച്ചു.
ഈ സാഹചര്യത്തിലാണ് സ്വര്‍ണവുമായി പിടിയിലായ രാജസ്ഥാന് സ്വദേശിയുടെ മൊഴി പ്രകാരം ഏതാനും ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. ഉപഭോക്താക്കള്‍ ജ്വല്ലറികളില്‍ നല്കുന്ന പഴയ സ്വര്‍ണം ഉരുക്കി സ്വര്‍ണക്കട്ടി മുംബൈയിലേക്ക് കൊണ്ടുപോവുകയും അവിടെ നിന്ന് ആഭരണങ്ങളാക്കി തിരിച്ചുകൊണ്ടുവരികയുമാണ് ചെയ്യുന്നത്.
ഇപ്രകാരം പഴയ സ്വര്‍ണം ജ്വല്ലറികളില്‍ നല്കുമ്പോള് ആഭരണങ്ങള്‍ വാങ്ങുമ്പോഴും അക്കാര്യങ്ങള്‍ രേഖപ്പെടുത്തുകയും അതിന് നികുതി ഈടാക്കുകയും ചെയ്യണം . എന്നാല്‍ പല ജ്വല്ലറികളിലും ഇത്തരത്തില്‍ യാതൊരു രേഖകകള്‍ സൂക്ഷിക്കാതേയും നികുതി അടയ്ക്കാതേയുമാണ് സ്വര്‍ണം വാങ്ങുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നതെന്ന് ജിഎസ്ടി ഉന്നതവൃത്തങ്ങള്‍ പറയുന്നു.
അതേസമയം ആര്‍പിഎഫ് പിടികൂടിയ രാജസ്ഥാന് സ്വദേശി റാണജിത് സിംഗിനെ സെന്‍ട്രല്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം വിട്ടയച്ചു. രണ്ടു കോടി രൂപയ്ക്കു മുകളിലുള്ള സ്വര്‍ണമാണെങ്കില്‍ മാത്രമേ അറസ്റ്റ് രേഖപ്പെടുത്താനാവൂ. എന്നാല്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണത്തിന്റെ മൂല്യം ഒന്നേമുക്കാല്‍ കോടിയാണ്. ഇതേതുടര്‍ന്നാണ് ഇയാളുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിച്ച ശേഷം വിട്ടയച്ചത്.
അതേസമയം നികുതി വെട്ടിപ്പു നടത്തുന്ന വന്‍ സംഘത്തിലുള്‍പ്പെട്ടയാളാണ് റാണാജിത് സിംഗ് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. ഇയാളുടെ സംഘത്തിലുള്‍പ്പെട്ടവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്വര്‍ണാഭരണങ്ങള്‍ വിതരണം ചെയ്യുകയും സ്വര്‍ണക്കട്ടികള്‍ വാങ്ങുകയും ചെയ്യുന്നുണ്ടത്രെ.
5.720 കിലോഗ്രാം സ്വര്‍ണമാണ് രേഖകളില്ലാതെ കഴിഞ്ഞ ദിവസം റാണജിത് സിംഗ് മുംബൈയിലേക്ക് കടത്താന്‍ ശ്രമിച്ചത്. നേത്രാവതി എക്സ്പ്രസില്‍ കയറാനായി എത്തിയ രഞ്ജിത്ത്സിംഗിനെ ആര്‍പിഎഫ് പരിശോധിച്ചപ്പോഴാണ് ബാഗില്‍നിന്ന് സ്വര്‍ണം കണ്ടെത്തിയത്.