കണ്ണൂർ: വിദ്യാർഥികളോട് നല്ല രീതിയിൽ പെരുമാറുന്ന ബസ് ജീവനക്കാർക്കു മികവിന്റെ പ്രോഗ്രസ് കാർഡും പുരസ്കാരവും നൽകാൻ കണ്ണൂർ ടൗൺ പോലീസ്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ 20 മികച്ച സ്റ്റുഡന്റ് ഫ്രണ്ട്ലി ബസുകളെ തെരഞ്ഞെടുത്തു. ഇതിൽ നിന്നും 10 ബസുകളെ പുരസ്കാരത്തിന് തെരഞ്ഞെടുത്തു.
സ്റ്റേഷൻ ലിമിറ്റിലുള്ള സ്കൂളുകളിലും കോളജുകളിലും അഭിപ്രായ സർവേ നടത്തിയാണ് ബസുകളെ കണ്ടെത്തിയത്. മികച്ച പത്ത് ബസുകളിലെ തൊഴിലാളികളെ ഇന്നു ഉച്ചകഴിഞ്ഞ് മൂന്നിന് പോലീസ് സഭാ ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നല്കി അനുമോദിക്കും.
തെരഞ്ഞെടുത്ത 20 ബസുകളിൽ സ്റ്റുഡന്റ് ഫ്രണ്ട്ലി സ്റ്റിക്കറുകൾ പതിപ്പിക്കും. വിദ്യാർഥികളോട് ബസ് ജീവനക്കാരുടെ പെരുമാറ്റം മോശമാകാറുണ്ടെന്ന പരാതി പതിവായതോടെയാണ് ഇത്തരമൊരു ആശയവുമായി ടൗൺ പോലീസ് രംഗത്തെത്തിയത്. ടൗൺ സിഐ ടി.കെ. രത്നകുമാറിന്റെ ആശയത്തിൽ നിന്നാണ് പദ്ധതിക്കു രൂപം നൽകിയത്.
തെരഞ്ഞെടുക്കപ്പെട്ട ബസുകളിലെ കണ്ടക്ടർമാർ, ഡ്രൈവർമാർ, ക്ലീനർമാർ എന്നിവരെയാണ് ഇന്ന് ആദരിക്കുന്നത്.ട്രാഫിക് കുറ്റങ്ങൾ, മറ്റ് കുറ്റങ്ങളുടെ വീഡിയോകൾ, ഫോട്ടോ, വിവരങ്ങൾ എന്നിവ അറിയിക്കുന്നതിന് കണ്ണൂർ ടൗൺ പോലീസിന്റെ വാട്സ് അപ്പ് നന്പറും ചടങ്ങിൽ പ്രഖ്യാപിക്കും. വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിലുള്ള സൗഹൃദ അന്തരീക്ഷം വളർത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ആർടിഒ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.